26 April Friday

പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ഇന്ന്‌ രാവിലെ 11ന്‌ സത്യപ്രതിജ്ഞ ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

ചരണ്‍ജിത് സിങ് ചന്നി | Photo Credit: Facebook/Charanjit Singh Channi

ചണ്ഡീഗഢ്‌ > പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി തിങ്കളാഴ്‌ച രാവിലെ 11ന്‌ രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. പഞ്ചാബിന്റെ ആദ്യ ദളിത് സിഖ് മുഖ്യമന്ത്രിയാണ്. ചണ്ഡീഗഢിലും ഡൽഹിയിലും രാത്രിയും പകലും നീണ്ട ചർച്ചകൾക്കൊടുവിലാണ്‌ ചരണ്‍ജിതിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഹൈക്കമാൻഡ്‌ തീരുമാനം വന്നതിന്‌ പിന്നാലെ ഇന്നലെ ചന്നി ഗവർണറെ കണ്ട്‌ സർക്കാർ രൂപീകരണത്തിന്‌ അവകാശമുന്നയിച്ചിരുന്നു.

നിയമസഭയിൽ ചാംകൗർസാഹിബ്‌ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ചന്നി അമരീന്ദർ മന്ത്രിസഭയിൽ ടൂറിസം-സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകളാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. പിസിസി പ്രസിഡന്റ്‌ നവ്‌ജ്യോത്‌ സിങ്‌ സിദ്ദുവിനൊപ്പം ചേർന്ന്‌ അമരീന്ദറിനെ പുറത്താക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ചരണ്‍ജിത് സിങ് ചന്നി മുഖ്യമന്ത്രിയാകുന്നതോടെ 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകള്‍ അനുകൂലമാകുമെന്നാണ്‌ കോൺഗ്രസിന്റെ കണക്കുകൂട്ടൽ. അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ നാലു മാസം കാലാവധിയാണ്‌ ചന്നിക്ക്‌ ലഭിക്കുക.

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ പിസിസി പ്രസിഡന്റുമായ സുനിൽ ഝക്കറുടെ പേരാണ്‌ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ ആദ്യം പരിഗണിച്ചത്‌. എന്നാൽ, ഹിന്ദു ജാട്ട്‌ വിഭാഗക്കാരനായ ഝക്കർ മുഖ്യമന്ത്രിയാകുന്നതിനോട്‌ അംബികാ സോണി അടക്കമുള്ള എംപിമാർ വിയോജിച്ചു. നിരവധി എംഎൽഎമാരും എതിർപ്പുമായെത്തി. മുഖ്യമന്ത്രിയായി സുഖ്‌ജിന്ദർ സിങ്‌ രൻധാവയെ പരിഗണിച്ചെങ്കിലും പിന്നീട്‌ തീരുമാനം മാറ്റുകയായിരുന്നു. വീണ്ടും തമ്മിലടിയിലേക്ക്‌ കാര്യങ്ങൾ നീങ്ങിയതോടെ ഒത്തുതീർപ്പ്‌ സ്ഥാനാർഥിയായി ചന്നിയുടെ പേര്‌ നിർദേശിക്കപ്പെടുകയായിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top