19 April Friday

ബ്രിജ്‌ഭൂഷണിന്‌ പരവതാനി; താരങ്ങൾക്ക്‌ തടവറ

എം പ്രശാന്ത്‌Updated: Tuesday May 30, 2023

ന്യൂഡൽഹി> രാജ്യത്തിന്റെ അഭിമാനതാരങ്ങളെ അമിത്‌ ഷായുടെ ഡൽഹി പൊലീസ്‌ തെരുവിൽ വലിച്ചിഴയ്‌ക്കുമ്പോൾ വിളിപ്പാടകലെ പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ വിഐപികൾക്കൊപ്പം ഉദ്‌ഘാടനം ആസ്വദിക്കുന്ന തിരക്കിലായിരുന്നു ലൈംഗികാക്ഷേപം നേരിടുന്ന ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റ്‌ ബ്രിജ്‌ഭൂഷൺ സിങ്‌.

ബ്രിജ്‌ഭൂഷണിന്‌ പുതിയ പാർലമെന്റിൽ ഇരിപ്പിടവും തങ്ങൾക്ക്‌ തടവറയുമൊരുക്കിയ മോദി സർക്കാരിന്റെ പൊലീസ്‌ നടപടിയിൽ താരങ്ങൾ നിരാശ പ്രകടമാക്കി. രാജ്യം ഏകാധിപത്യത്തിലേക്ക്‌ ആണെന്ന്‌ താരങ്ങൾ പ്രതികരിച്ചു. പാർലമെന്റ്‌ ഉദ്‌ഘാടനത്തിൽ ബ്രിജ്‌ഭൂഷണിനെ ക്ഷണിച്ചുവരുത്തിയത് ദൗർഭാഗ്യകരമാണെന്ന്‌ ബജ്‌റംഗ്‌ പൂനിയ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാൻ ഡൽഹി പൊലീസിന്‌ മണിക്കൂറുകൾ മാത്രമാണ്‌ വേണ്ടിവന്നത്‌.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ലൈംഗിക പീഡന പരാതി നൽകിയിട്ടും ബ്രിജ്‌ഭൂഷണിനെതിരെ കേസെടുക്കാൻ ഡൽഹി പൊലീസിന്‌ ഏഴുദിവസം വേണ്ടിവന്നു–- പൂനിയ പറഞ്ഞു. ജന്തർ മന്തറിൽനിന്ന്‌ പകൽ കസ്‌റ്റഡിയിലെടുത്ത പൂനിയയെ അർധരാത്രിയാണ്‌ ഡൽഹി പൊലീസ്‌ പുറത്തുവിട്ടത്‌. കലാപം നടത്തിയിട്ടില്ലെന്നും പൊതുസ്വത്ത്‌ നശിപ്പിച്ചിട്ടില്ലെന്നും സാക്ഷി മലിക്‌ പറഞ്ഞു.

പൊലീസ്‌ നടപടിയിൽ വ്യാപക പ്രതിഷേധം

ഗുസ്‌തി താരങ്ങളെ മർദിക്കുകയും വലിച്ചിഴയ്‌ക്കുകയും ചെയ്‌ത പൊലീസ്‌ നടപടിക്കെതിരായി വ്യാപക പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെയും അറിവോടെയാണ്‌ പൊലീസ്‌ നടപടിയെന്ന്‌ വിമർശം ഉയർന്നു. വിവിധ പ്രതിപക്ഷ പാർടി നേതാക്കൾക്ക്‌ പുറമെ നീരജ്‌ ചോപ്ര, അഭിനന്ദ്‌ ബിന്ദ്ര, ഇർഫാൻ പഠാൻ തുടങ്ങിയ കായിക താരങ്ങളും ഐക്യദാർഢ്യവുമായി രംഗത്തെത്തി.

സമരം ശക്തമാക്കുമെന്നും ലൈംഗിക ചൂഷകർ അറസ്‌റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതുവരെ തുടരുമെന്നും കിസാൻമോർച്ച പ്രസ്‌താവനയിൽ അറിയിച്ചു. താരങ്ങളെ പൊലീസ്‌ ഉപദ്രവിച്ചെന്നും  ഈ നിലയിലല്ല വിഷയം കൈകാര്യം ചെയ്യേണ്ടതെന്നും അഭിനവ്‌ ബിന്ദ്ര  പറഞ്ഞു. ദൃശ്യങ്ങൾ ദുഃഖകരമായിരുന്നുവെന്ന്‌ നീരജ്‌ ചോപ്ര പറഞ്ഞു. ബിഎസ്‌പി നേതാവ്‌ മായാവതി, സച്ചിൻ പൈലറ്റ്‌ തുടങ്ങിയവരും താരങ്ങൾക്ക്‌ പിന്തുണയുമായി രംഗത്തുവന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top