29 March Friday

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ : എൻഡിഎയുടെ പരിഗണനയിൽ അമരീന്ദർ സിങ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022


ന്യൂഡൽഹി
പഞ്ചാബ്‌ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്‌ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കുമെന്ന്‌ അഭ്യൂഹം. അമരീന്ദറാണ്‌ സ്ഥാനാർഥിയെന്ന്‌ പഞ്ചാബിലെ ചില ബിജെപി നേതാക്കൾ പറഞ്ഞു. കോൺഗ്രസ്‌ വിട്ട അമരീന്ദർ പഞ്ചാബ്‌ ലോക്‌ കോൺഗ്രസ്‌ എന്ന പുതിയ പാർടി രൂപീകരിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിൽ മത്സരിച്ചെങ്കിലും എല്ലാ സീറ്റിലും തോറ്റു. അമരീന്ദറിന്റെ പാർടി ബിജെപിയിൽ ലയിച്ചേക്കുമെന്ന്‌ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.

എൺപതുകാരനായ അമരീന്ദർ നടുവിന്‌ ശസ്‌ത്രക്രിയക്കായി നിലവിൽ ലണ്ടനിലാണ്‌. ആഗസ്‌ത്‌ ആറിനാണ്‌ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌. ജൂലൈ 19 വരെയാണ്‌ പത്രിക സമർപ്പിക്കാവുന്നത്‌. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്‌ത്‌ 10ന്‌ അവസാനിക്കും. എൻഡിഎ സ്ഥാനാർഥിയായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ്‌ നഖ്‌വിയുടെ പേരും ഉയർന്നിരുന്നു.

സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിൽ പ്രതിപക്ഷ നിരയിൽ കൂടിയാലോചന ആരംഭിച്ചിട്ടില്ല. ലോക്‌സഭാ–- രാജ്യസഭാംഗങ്ങളാണ്‌ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടർമാർ. ലോക്‌സഭയിൽ 543ഉം രാജ്യസഭയിൽ 232ഉം അംഗങ്ങളുണ്ട്‌. ആകെ വോട്ടർമാർ 775. മത്സരമുണ്ടായാൽ ജയിക്കാൻ 388 വോട്ടുവേണം. ലോക്‌സഭയിൽ 303 പേരും രാജ്യസഭയിൽ 92 പേരുമടക്കം ബിജെപിക്ക്‌ 395 അംഗങ്ങളുണ്ട്‌. ബിജെപിക്ക്‌ സ്വന്തം നിലയിൽ സ്ഥാനാർഥിയെ ജയിപ്പിക്കാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top