19 April Friday
സ്ഥാനചലനം സുപ്രീംകോടതിയുമായുള്ള കേന്ദ്ര നിയമമന്ത്രിയുടെ 
 ഏറ്റുമുട്ടൽ തിരിച്ചടിയായ പശ്ചാത്തലത്തിൽ

റിജിജു തെറിച്ചു ; അർജുൻ റാം മേഘ്‌വാളിന്‌ നിയമമന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല

സാജൻ എവുജിൻUpdated: Thursday May 18, 2023

image credit kiren rijiju twitter


ന്യൂഡൽഹി
സുപ്രീംകോടതിയുമായി ഏറ്റുമുട്ടിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെയും സഹമന്ത്രി എസ്‌ പി സിങ്‌ ബാഗേലിനെയും നിയമ, നീതിന്യായ മന്ത്രാലയത്തിൽനിന്ന്‌ മാറ്റി. റിജിജുവിന്‌ ഭൗമശാസ്‌ത്ര വകുപ്പിന്റെ ചുമതല നൽകി. ബാഗേലിനെ ആരോഗ്യ–- കുടുംബക്ഷേമ സഹമന്ത്രിയാക്കി. സഹമന്ത്രി അർജുൻ റാം മേഘ്‌വാളിന്‌ നിയമമന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നൽകി. പാർലമെന്ററി കാര്യ, സാംസ്‌കാരിക വകുപ്പുകളുടെ സഹമന്ത്രിയായും തുടരും. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതിഭവന്‍ പുറത്തിറക്കി.

ഇക്കൊല്ലം നടക്കേണ്ട രാജസ്ഥാൻ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ടാണ്‌ അവിടെനിന്നുള്ള ലോക്‌സഭാംഗമായ മേഘ്‌വാളിന്‌ നിർണായക വകുപ്പിന്റെ ചുമതല നൽകിയതെന്നാണ് ബിജെപി പ്രചാരണം. എന്നാൽ, റിജിജുവിനെ താരതമ്യേന അപ്രധാന വകുപ്പിലേക്കാണ്‌ മാറ്റിയത്‌. സുപ്രീംകോടതിക്കും കൊളീജിയം സംവിധാനത്തിനുമെതിരെ റിജിജു നടത്തിയ പല പരാമർശവും വിവാദമായി. കൊളീജിയം ശുപാർശകളിൽ സർക്കാർ അടയിരിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സുപ്രീംകോടതിയിൽനിന്ന്‌ ഫയലുകൾ അയക്കാറേ ഇല്ലെന്നും ചാനൽ പരിപാടിയിൽ റിജിജു വിളിച്ചുപറഞ്ഞു. അധികാരപരിധിയിൽ വരാത്ത വിഷയങ്ങളിൽ സുപ്രീംകോടതി ഇടപെടുന്നു, ജാമ്യ ഹർജികളും പൊതുതാൽപ്പര്യ ഹർജികളും പരിഗണിച്ച്‌ സുപ്രീംകോടതി സമയം കളയരുത്‌ തുടങ്ങി പ്രകോപനപരമായ പല പ്രസ്‌താവനയും റിജിജു നടത്തി. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന്‌ ബോധ്യമായാൽ തങ്ങൾ ഇടപെടുമെന്നും അല്ലെങ്കിൽ ഇവിടെ ഇരിക്കുന്നത്‌ എന്തിനാണെന്നും ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ഇതിനോട്‌ പ്രതികരിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെ കേന്ദ്ര സർക്കാരും സുപ്രീംകോടതിയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നത്‌ പന്തിയല്ലെന്ന്‌ ബിജെപിയിൽ ഉയർന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്‌ റിജിജുവിന്റെയും ബാഗേലിന്റെയും സ്ഥാനചലനം. രാജസ്ഥാൻ മുഖ്യമന്ത്രിപദവിയിൽ താൽപ്പര്യമുള്ള മേഘ്‌വാളിനെ അതിനുള്ള മത്സരത്തിൽനിന്ന്‌ ഒഴിവാക്കാനും കഴിയും.     സ്ഥാനചലനത്തിന്‌ തൊട്ടുപിന്നാലെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനും സഹജഡ്‌ജിമാർക്കും നന്ദി പ്രകടിപ്പിച്ച്‌ റിജിജു ട്വീറ്റ്‌ ചെയ്‌തു. അരുണാചൽപ്രദേശിൽനിന്നുള്ള ലോക്‌സഭാംഗമായ റിജിജു 2021 ജൂലൈ എട്ടിനാണ്‌ നിയമമന്ത്രിയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top