24 April Wednesday

മോദി നടപ്പാക്കുന്നത്‌ വർഗീയ, 
സ്വകാര്യവൽക്കരണ അജൻഡ

റിസർച്ച്‌ ഡെസ്ക്‌Updated: Sunday Nov 21, 2021

ന്യൂഡല്‍ഹി> നരേന്ദ്ര മോദി സർക്കാരും ബിജെപി നേതൃത്വത്തിലുള്ള  സംസ്ഥാന സർക്കാരുകളും രണ്ട്‌ വർഷമായി നടപ്പാക്കുന്നത്‌ വർഗീയ, ജനവിരുദ്ധ, സ്വകാര്യവൽക്കരണ അജൻഡ.  ജനപിന്തുണ വിപുലപ്പെടുത്താൻ ആർഎസ്‌എസും ബിജെപിയും നിരന്തരം ഉപയോഗിക്കുന്ന തന്ത്രമാണ്‌ വർഗീയ ധ്രുവീകരണം.  ഒന്നാം മോദി സർക്കാർ പല മേഖലയിലും വർഗീയ–-സ്വകാര്യവൽക്കരണം ശക്തിപ്പെടുത്തിയപ്പോൾ രണ്ടാം മോദി സർക്കാർ എല്ലാ മേഖലയിലേക്കും ഇത്‌ വ്യാപിപ്പിച്ചു.  വർഗീയ അജൻഡ നടപ്പാക്കുക, സമ്പദ്‌വ്യവസ്ഥയുടെ സമ്പൂർണ നിയന്ത്രണം തങ്ങളുടെ ഇഷ്ടക്കാരായ സ്വദേശ, വിദേശ കുത്തകകളെ ഏൽപ്പിക്കുക എന്നിവയാണ്‌ ലക്ഷ്യമാക്കുന്നത്‌.

ഫെഡറൽ സംവിധാനവും  മതനിരപേക്ഷതയും സാമ്പത്തിക സ്വാശ്രയത്വവും തകർക്കാൻ രണ്ടാംമോദി സർക്കാർ തുടക്കംമുതൽ നീക്കംതുടങ്ങി. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കൽ,  പൗരത്വഭേദഗതി നിയമം,  മുത്തലാഖ്‌ നിരോധന നിയമം,  തൊഴിൽ കോഡുകൾ, കാർഷിക നിയമങ്ങൾ, നിർദിഷ്ട വൈദ്യുതി ബിൽ, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ ലൈൻ, തുടർച്ചയായ ഇന്ധനവിലവർധന, പൊതുമേഖലാ സ്വകാര്യവൽക്കരണം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്‌.

ജമ്മു കശ്‌മീരിന്റെ വിഭജനം


ജമ്മു കശ്‌മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ഉപാധിയായിരുന്നു പ്രത്യേക പദവി. ഇത്‌ ഉറപ്പുവരുത്താൻ ഭരണഘടനയിൽ അനുച്ഛേദം 370ഉം 35എയും ഉൾപ്പെടുത്തി.  2019 ആഗസ്‌ത്‌ അഞ്ചിന്‌ പാർലമെന്റിൽ ഭരണഘടനാ ഭേദഗതിയിലൂടെയാണ്‌ കേന്ദ്രസർക്കാർ പ്രത്യേക പദവി റദ്ദാക്കിയത്‌. സംസ്ഥാനപദവി എടുത്തുകളഞ്ഞ്‌ രണ്ട്‌ കേന്ദ്ര ഭരണപ്രദേശമാക്കി. അജൻഡ നടപ്പാക്കാൻ ജനങ്ങളെയാകെ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കി. രാഷ്ട്രീയ നേതാക്കളെയും പൗരപ്രമുഖരെയും തടങ്കലിലാക്കി.

പൗരത്വഭേദഗതി നിയമം 
(സിഎഎ)


പൗരത്വത്തിന്‌ മതം അടിസ്ഥാനമാക്കി നിയമം കൊണ്ടുവന്നു.  നിലവിലുള്ള നിയമം ഭേദഗതി ചെയ്യുകയായിരുന്നു.  പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിൽനിന്ന്‌ 2014 ഡിസംബർ 31വരെ ഇന്ത്യയിലെത്തിയ മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക്‌ പൗരത്വം നൽകും.  ദേശീയ പൗരത്വ രജിസ്‌റ്ററും (എൻപിആർ) ദേശീയ ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കി. എൻപിആർ പ്രകാരം അസമിൽ 19 ലക്ഷത്തിലേറെ പേർക്ക്‌ പൗരത്വം നഷ്ടപ്പെടും.  

മുത്തലാഖ്‌ ക്രിമിനൽ 
കുറ്റമാക്കുന്നു

മുത്തലാഖ്‌ ചൊല്ലുന്നത്‌ ക്രിമിനൽ കുറ്റമായി വ്യവസ്ഥചെയ്യുന്ന ബിൽ കൊണ്ടുവന്നു. മറ്റ്‌ മതസ്ഥരുടെ സിവിൽ നിയമമായ വിവാഹക്കരാർ ലംഘനം ക്രിമിനൽ കുറ്റമല്ലാതിരിക്കെയാണിത്‌.

തൊഴിൽ കോഡുകൾ

തൊഴിലും കൂലിയും മറ്റ്‌ അവകാശങ്ങളും ഉറപ്പുവരുത്തിയിരുന്ന നിലവിലുള്ള പല തൊഴിൽ നിയമങ്ങളും ഏകോപിപ്പിച്ചു. തൊഴിൽ സുരക്ഷയും മിനിമം വേതനവും മറ്റ്‌ സേവനവ്യവസ്ഥകളും ഉറപ്പുവരുത്തിയിട്ടില്ല. തൊഴിലുടമയുടെ ഇഷ്ടത്തിന്‌ തൊഴിലാളികളെ വിട്ടുകൊടുക്കുകയാണ്‌. കോവിഡിന്റെ മറവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം വേതനം  കുറച്ചും തൊഴിൽ സമയം വർധിപ്പിച്ചും നിയമം കൊണ്ടുവന്നു.

സ്വകാര്യവൽക്കരണം 
വ്യാപകമാക്കൽ

പ്രതിരോധ നിർമാണ മേഖലയും  പ്രധാന ധനസ്ഥാപനങ്ങൾ ഉൾപ്പെടെ 335 കേന്ദ്രപൊതുമേഖലാ സ്ഥാപനവും സ്വകാര്യവൽക്കരിക്കുകയാണ്‌ മോദി സർക്കാർ. വലുതും ചെറുതുമായ ഇരുപതോളം വിമാനത്താവളം കോർപറേറ്റുകൾക്ക്‌ നൽകി. 14 വിമാനത്താവളംകൂടി വിൽക്കും.  എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന്‌ വിറ്റു. എൽഐസിയുടെ ഓഹരി വിൽപ്പനയും ആരംഭിക്കുന്നു.

നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ ലൈൻ
സർക്കാർ സ്വത്തുക്കൾ മുഴുവൻ  സ്വകാര്യ വ്യക്തികൾക്ക്‌ പാട്ടത്തിന്‌ നൽകുന്നു. പാലവും റോഡും റെയിൽവേസ്‌റ്റേഷനും റെയിൽപ്പാതയും ട്രെയിനും  തുറമുഖങ്ങളും ധാതുഖനികളും ഭൂമിയും വനമേഖലയുമെല്ലാം നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ ലൈനിൽപ്പെടുത്തി. അമിതമായ ടോളും ചാർജ്‌ വർധനയും യൂസേഴ്‌സ്‌ ഫീസും ഏർപ്പെടുത്തും.

വൈദ്യുതി നിയമം

വൈദ്യുതി  നിയമം 2003 ഭേദഗതി ചെയ്യാൻ നടപടി തുടങ്ങി. കരട്‌ പ്രസിദ്ധീകരിച്ചു.  കമ്പോള താൽപ്പര്യം ലക്ഷ്യമാക്കിയുള്ള ബില്ല്‌ പ്രകാരം, സംസ്ഥാനസർക്കാരുകളല്ല, റെഗുലേറ്ററി അതോറിറ്റികളാണ്‌ വൈദ്യുതി ചാർജ്‌ നിശ്‌ചയിക്കുന്നത്‌. വൈദ്യുതി ബോർഡുകൾ പിരിച്ചുവിട്ട്‌ ഉൽപ്പാദന, പ്രസരണ, വിതരണ മേഖലയെല്ലാം സ്വകാര്യവൽക്കരിക്കാനും വ്യവസ്ഥകളുണ്ട്‌.  ഇതുവഴി സർക്കാരുകൾക്കുള്ള നിയന്ത്രണം പൂർണമായി ഇല്ലാതായി, വൈദ്യുതി ചാർജ്‌ രണ്ടും മൂന്നും ഇരട്ടി വർധിക്കും. കേരളംപോലുള്ള സംസ്ഥാനങ്ങൾ വൈദ്യുതി പ്രസരണ, വിതരണ സംവിധാനങ്ങളും ഉൽപ്പാദനവും പൊതുമേഖലയിൽ നിലനിർത്തി മുന്നോട്ടുപോകുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top