18 December Thursday

ഉപതെരഞ്ഞെടുപ്പ്: യുപിയിൽ എസ്‌പി, ബം​ഗാളിൽ തൃണമൂൽ, മൂന്നിടത്ത് ബിജെപി

വെബ് ഡെസ്‌ക്‌Updated: Friday Sep 8, 2023

ന്യൂഡൽഹി > പുതുപ്പള്ളിക്കു പുറമെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 6 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു.  ഝാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്‌സാനഗർ,  ധൻപൂർ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, പശ്ചിമബംഗാളിലെ ദുപ്‌ഗുരി, യുപിയിലെ ഘോസി എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.  രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു.  6 മണ്ഡലങ്ങളിൽ ഫലങ്ങൾ വന്നുതുടങ്ങുമ്പോൾ യുപിയിൽ എസ്‌പി, ബം​ഗാളിൽ തൃണമൂൽ, ജാർഖണ്ഡിൽ ഝാർഖണ്ഡ് മുക്തി മോർച്ച എന്നിങ്ങനെയാണ്  ലീഡ് നില. മൂന്നിടത്ത് ബിജെപി  സ്ഥാനാർഥികൾ വിജയിച്ചു. ധൻപൂർ, ബോക്‌സാനഗർ( ത്രിപുര), ബാഗേശ്വർ ( ഉത്തരാഖണ്ഡ്) എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്.

ത്രിപുരയിലെ ധൻപൂർ, ബോക്‌സാനഗർ എന്നീ മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. ധൻപൂരിൽ 18871 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി ബിന്ദു ദേബ്‌നാഥ് വിജയിച്ചത്.  ധൻപൂർ മണ്ഡലം ബിജെപിയുടെ സിറ്റിങ് സീറ്റാണ്. 2023ലെ തെരഞ്ഞെടുപ്പിൽ 3500 വോട്ടിനാണ് ബിജെപിയുടെ പ്രതിമ ഭൗമിക് സിപിഐ എം സ്ഥാനാർഥിയെ തോൽപ്പിച്ചത്. തന്‍റെ ലോക്‌സഭ സീറ്റ് നിലനിർത്താനായി ഇവർ രാജിവെച്ചതിനെ തുടർന്നാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പ് അട്ടിമറി നടന്ന ത്രിപുരയിലെ ബോക്സാന​ഗറിൽ ബിജെപിയുടെ തഫാജൽ ഹൊസൈൻ വിജയിച്ചു. 34146 വോട്ടുകളാണ് നേടിയത്.  സിപിഐ എം എംഎൽഎയായിരുന്ന ഷംസുൽ ഹഖിന്റെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് അട്ടിമറിച്ചതിനെത്തുടർന്ന് ഇവിടെ സിപിഐ എം വോട്ടെണ്ണൽ ബഹിഷ്‌കരിച്ചിരുന്നു.

ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബിജെപിയുടെ പാർവതി  ദാസ് വിജയിച്ചു(33247). 2405  വോട്ടുകൾക്കാണ് ഐഎൻസി സ്ഥാനാർഥി ബസന്ദ്  കുമാറിനെ പരാജയപ്പെടുത്തിയത്(30842). 2022ലെ തെരഞ്ഞെടുപ്പിൽ ജയിച്ച ബിജെപിയുടെ ചന്ദൻ രാംദാസിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

ഝാർഖണ്ഡിലെ ധുമ്രിയിൽ 15273 വോട്ടുകൾക്ക് ഝാർഖണ്ഡ് മുക്തി മോർച്ച സ്ഥാനാർഥി ബേബി ദേവിയാണ് മുന്നിൽ(93306). എജെഎസ്‌യു‌ സ്ഥാനാർഥി യശോദ ദേവിയാണ് തൊട്ടുപിന്നിൽ(78033). എംഎൽഎയായിരുന്ന ജഗർനാഥ് മാതോയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.

ഉത്തർ പ്രദേശിലെ ഘോസിയിൽ എസ്.പി സ്ഥാനാർഥി സുധാകർ സിങിനാണ് മുൻതൂക്കം(84417). ബിജെപി സ്ഥാനാർഥി ധാരാസിങ് ചൗഹാൻ രണ്ടാം സ്ഥാനത്താണ്(58684). ചൗഹാനായിരുന്നു നിലവിലെ എംഎൽഎ.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്.പി സ്ഥാനാർഥിയായി മത്സരിച്ച്  ജയിച്ച ചൗഹാൻ എസ്.പിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ്.

പശ്ചിമ ബംഗാളിലെ ദുപ്‌ഗുരിയിൽ തൃണമൂൽ കോൺഗ്രസിന്റെ നിർമൽചന്ദ്ര റോയിയാണ് മുന്നിൽ(96961). ബിജെപിയുടെ താപസി റോയ്‌ രണ്ടാം സ്ഥാനത്താണ് (92648). കശ്‌മീരിൽ കൊല്ലപ്പെട്ട സിആർപിഎഫ്‌ ജവാന്റെ ഭാര്യയാണ് താപസി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയാണ്‌ ഇവിടെ ജയിച്ചത്‌. എംഎൽഎയായിരുന്ന ബിഷ്‌ണുപദ റോയ്‌ മരിച്ചതിനെ തുടർന്നാണ്‌ ഇപ്പോൾ തെരഞ്ഞെടുപ്പ്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top