26 April Friday
ഓരോ സംസ്ഥാനത്തും ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കാനാകുന്ന മുന്നണികൾ ശക്തിപ്രാപിക്കുന്നു

ബിജെപി വിരുദ്ധ മുന്നേറ്റം ശക്തമാകുന്നു ; പ്രതീക്ഷ നൽകി ഖമ്മം റാലി

സാജൻ എവുജിൻUpdated: Thursday Jan 19, 2023

image credit brs party twitter


ന്യൂഡൽഹി
ഖമ്മം റാലിയോടെ ദേശീയരാഷ്‌ട്രീയഗതിയെ മതനിരപേക്ഷ ചേരിക്ക്‌ അനുകൂലമാക്കാനുള്ള നീക്കം ശക്തിപ്പെട്ടു. ബുധനാഴ്‌ച തെലങ്കാനയിലെ ഖമ്മത്ത്‌ ഭാരത്‌ രാഷ്‌ട്ര സമിതി സംഘടിപ്പിച്ച റാലിയിലാണ്‌ പ്രതിപക്ഷ കക്ഷികൾ ഒത്തുചേർന്നത്‌. ബിജെപിക്കെതിരായ നിർണായക മുന്നേറ്റമായി ഖമ്മം റാലി മാറി.

ഓരോ സംസ്ഥാനത്തും ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന മുന്നണികൾ ശക്തിപ്രാപിക്കുകയാണ്‌. അഖിലേന്ത്യാടിസ്ഥാനത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്‌ക്കെതിരെ ബദൽ മുന്നണി തൽക്കാലം രൂപംകൊണ്ടിട്ടില്ലെങ്കിലും ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കാനാകുന്ന സഖ്യങ്ങൾ ഓരോ സംസ്ഥാനത്തും നിലവിൽവരുന്നു.

ബിഹാറിൽ എൻഡിഎ വിട്ട്‌ ജെഡിയു മതനിരപേക്ഷ കക്ഷികൾക്കൊപ്പം ചേർന്നു. 40 ലോക്‌സഭാ സീറ്റുള്ള ബിഹാറിൽ ബിജെപി ഇതോടെ പ്രതിപക്ഷത്തായി. മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ 109–-ാം ജന്മവാർഷികം പ്രമാണിച്ച്‌ ഹരിയാനയിലെ ഫത്തേഹാബാദിൽ കഴിഞ്ഞ സെപ്‌തംബർ 25ന്‌ ഐഎൻഎൽഡി സംഘടിപ്പിച്ച വൻറാലിയും ബിജെപിവിരുദ്ധ നീക്കം ശക്തിപ്പെടുത്തുന്നതായി. 2024ഓടെ രാജ്യത്ത്‌ ബിജെപിയുടെ ജനദ്രോഹഭരണം അവസാനിപ്പിക്കുന്നതിനായി എല്ലാ പ്രതിപക്ഷ പാർടികളും ഐക്യത്തോടെ നീങ്ങണമെന്ന്‌ റാലി ആഹ്വാനം  ചെയ്‌തു.  ഹരിയാന റാലിയിൽ പങ്കെടുക്കാതിരുന്ന സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ ഖമ്മം കൂട്ടായ്‌മയിൽ പങ്കുചേർന്നു. കേരള, പഞ്ചാബ്‌, ഡൽഹി, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുത്ത റാലി ബിജെപിയുടെ ഫാസിസ്‌റ്റ്‌ സ്വഭാവമുള്ള വർഗീയ രാഷ്‌ട്രീയത്തിന്‌ ശക്തമായ താക്കീത്‌ നൽകി. ത്രിപുരയിൽ ബിജെപിവിരുദ്ധ സഖ്യം രൂപീകരിക്കാനുള്ള നീക്കം സജീവമാണ്‌.

സീറ്റിന്റെ എണ്ണത്തിൽ 300 കടന്നുവെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ലഭിച്ചത്‌ 37.4 ശതമാനം വോട്ട്‌ മാത്രമാണ്‌. എൻഡിഎയ്‌ക്ക്‌ മൊത്തത്തിൽ 45 ശതമാനത്തോളം വോട്ട്‌ കിട്ടി. ജെഡിയു, ശിരോമണി അകാലിദൾ, ശിവസേന തുടങ്ങിയ പ്രധാന പ്രാദേശികപാർടികൾ പിന്നീട്‌ എൻഡിഎ വിട്ടു. ശിവസേനയുടെ ഒരു വിഭാഗം മാത്രമാണ്‌ ബിജെപിക്കൊപ്പമുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top