19 April Friday

ക്രൈസ്‌തവരോട്‌ സംസാരിച്ചാൽ 5000 രൂപ പിഴ ; ഉള്ളംപൊള്ളിക്കും 
ഈ പീഡാനുഭവങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

കാംകേറിൽ ക്രൈസ്തവരുടെ പ്രതിനിധി സംഘവുമായി ബൃന്ദ കാരാട്ട് ചർച്ച നടത്തുന്നു ഫോട്ടോ: കെ എം വാസുദേവൻ


റായ്‌പുർ
"ഭീകരമായി വേട്ടയാടിയിട്ടും ഞങ്ങളെ കാണാൻ ഇതുവരെ ആരുംവന്നില്ല. നിങ്ങളാണ്‌ ആദ്യം എത്തിയത്‌. നന്ദി പറയാൻ വാക്കുകളില്ല’–- കാംകേർ ജില്ലയിലെ ഫാദർ സൈമൺടണ്ടി ബൃന്ദ കാരാട്ടിനോട്‌ പറഞ്ഞു. കേട്ടുകേൾവി ഇല്ലാത്ത കടന്നാക്രമണങ്ങൾ നേരിടുന്ന ഛത്തീസ്‌ഗഢിലെ ക്രൈസ്‌തവസമൂഹത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ബസ്‌തർ മേഖലയിലെ കാംകേർ, കൊണ്ടാഗാവ്‌, നാരായൺപുർ ജില്ലകളിലെത്തിയ ബൃന്ദയും സംഘവും കേട്ടത്‌ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന പീഡാനുഭവങ്ങൾ. നാരായൺപുരിൽ നിരവധി പള്ളികൾ തകർക്കപ്പെട്ടു. കാംകേറിലും കൊണ്ടാഗാവിലും ക്രൂരമർദനങ്ങൾക്കും അവഹേളനങ്ങൾക്കും ഇരകളായി.   ഏതു നിമിഷവും ഉണ്ടായേക്കാവുന്ന കടന്നാക്രമണങ്ങൾ പേടിച്ച്‌ നൂറുകണക്കിന്‌ വിശ്വാസികൾ കാടുകളിലേക്കും മറ്റും പലായനംചെയ്‌തു.

സംഘപരിവാർ സംഘടനയായ ‘ജൻജാതി സുരക്ഷാമഞ്ച്‌’ പോലെയുള്ളവയാണ്‌ ഇതിനെല്ലാം പിന്നിലെന്ന്‌ ഏകസ്വരത്തിൽ പാസ്റ്റർമാരും വിശ്വാസികളും ക്രൈസ്‌തവ സംഘടനാ പ്രതിനിധികളും വെളിപ്പെടുത്തി. മുമ്പുണ്ടായിട്ടുള്ള ഒറ്റപ്പെട്ട ആക്രമണങ്ങൾ അഞ്ചാറ്‌ മാസമായി സങ്കൽപ്പിക്കാൻ പറ്റാത്ത തലത്തിലേക്കെത്തി.

ക്രിസ്‌‌മസ്‌, പുതുവത്സര വേളയിൽ എല്ലാ പരിധികളും വിട്ടു. ഗ്രാമങ്ങളിൽ ക്രൈസ്‌തവരോട്‌ സംസാരിച്ചാലോ, സഹകരിച്ചാലോ 5000 രൂപ പിഴ ചുമത്തുന്ന നിലയുണ്ടായി. ആക്രമണങ്ങളെ പ്രതിരോധിക്കാനോ വിശ്വാസികളെ സംരക്ഷിക്കാനോ ഭൂപേഷ്‌ ബാഗേലിന്റെ കോൺഗ്രസ്‌ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ക്രൈസ്‌തവസമൂഹം പരാതിപ്പെട്ടു.

അതിക്രമങ്ങൾ ‘അറിയാതെ’ കോൺഗ്രസ്‌
സംസ്ഥാന കോൺഗ്രസ്‌ അധ്യക്ഷനായ മോഹൻ മർക്കാമാണ്‌ ഏറ്റവും കൂടുതൽ ആക്രമണങ്ങളുണ്ടായ കൊണ്ടാഗാവിലെ എംഎൽഎ. ഡിസംബർ 18ന്‌ കോക്കടി, ബാലേങ്ക എന്നിവിടങ്ങളിൽ പള്ളികൾ ആക്രമിക്കപ്പെട്ടു. ഒരു വിശ്വാസിയുടെ തല ഗ്രാമത്തലവൻ കമ്പിവടികൊണ്ട്‌ അടിച്ചുപൊട്ടിച്ചു. പരാതിപ്പെട്ടപ്പോഴാകട്ടെ റിപ്പോർട്ടൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു എംഎൽഎയുടെ പരിഹാസമെന്ന്‌ പാസ്റ്റർ കെ ജെ ജേക്കബ്‌ പറഞ്ഞു. തുടർന്ന്‌ നൂറുകണക്കിന്‌ വിശ്വാസികൾ കലക്ടറേറ്റിൽ എത്തി. ഇതോടെ, സ്ഥലം സന്ദർശിക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തെങ്കിലും എംഎൽഎ തിരിഞ്ഞുനോക്കിയില്ലെന്ന്‌ 30 വർഷമായി ഛത്തീസ്‌ഗഢിൽ പ്രവർത്തിക്കുന്ന ജേക്കബ്‌ പറഞ്ഞു.

ഉള്ളംപൊള്ളിക്കുന്ന പീഡാനുഭവങ്ങൾ കേട്ട ബൃന്ദ കാംകേർ എസ്‌പി ശലഭ്‌കുമാർ സിൻഹ ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്‌തു. ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന്‌ എസ്‌പി അവകാശപ്പെട്ടു.  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ധർമരാജ്‌ മഹാപത്ര, ആദിവാസി ഏകതാ മഹാസഭാ സെക്രട്ടറി ബാലാസിങ് ആന്ദിലേ  എന്നിവരും ഒപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top