24 April Wednesday

‘മൻ കി ബാത്തിലും കോർപറേറ്റ്‌ പക്ഷം’ ; കർഷകസമരത്തിന്‌ പിന്തുണയുമായി ഇടതുപാർടികൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


ന്യൂഡൽഹി
കർഷകപ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഇടതുപാർടികൾ രാജ്യവ്യാപകമായി ഐക്യദാർഢ്യദിനം ആചരിച്ചു. ഡൽഹി കൊണാട്ട്‌പ്ലേസിൽനിന്ന്‌ ജന്തർമന്ദറിലേ‌ക്കുള്ള മാർച്ച്‌ പൊലീസ്‌ തടഞ്ഞതോടെ‌ ബാറക്കംബ റോഡിൽ‌ യോഗം ചേർന്നു.  കോർപറേറ്റ് താൽപ്പര്യം സംരക്ഷിക്കാൻ  പ്രധാനമന്ത്രി മോഡി കർഷകരെയും തൊഴിലാളികളെയും അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന്  സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. അദാനിയുടെയും അംബാനിയുടെയും പക്ഷമാണ്‌ മോഡി മൻ കി ബാത്തിൽ പറയുന്നത്‌. കർഷകരുടെ ജീവിതസമരം ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിയും ഉപയോഗിച്ച്‌ തകർക്കാനാകില്ല. പൊരുതുന്ന കർഷകർക്കും തൊഴിലാളികൾക്കും ഇടതുപക്ഷം പൂർണപിന്തുണ നൽകും.  മൂന്ന്‌ കാർഷികനിയമവും  പിൻവലിക്കുംവരെ സമരം തുടരുമെന്നും ബൃന്ദ പറഞ്ഞു.

ഭരണഘടനാപരമായ നടപടിക്രമം ലംഘിച്ചാണ്‌ പാർലമെന്റിൽ സർക്കാർ നിയമങ്ങൾ പാസാക്കിയതെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. കർഷകരുടെ ആവശ്യത്തിന്‌ വഴങ്ങിയില്ലെങ്കിൽ സർക്കാരിന്റെ നിലനിൽപ്പ്‌‌ അപകടത്തിലാകുമെന്നും‌ അദ്ദേഹം പറഞ്ഞു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബി വി രാഘവുലു, സിപിഐ എംഎൽ–-ലിബറേഷൻ നേതാവ്‌ സന്തോഷ്‌ എന്നിവരും സംസാരിച്ചു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ്‌ ഡോ. കെ ഹേമലത, ജനറൽ സെക്രട്ടി തപൻ സെൻ, അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള,  എംപിമാരായ   കെ കെ രാഗേഷ്‌, ബിനോയ്‌ വിശ്വം എന്നിവർ സംസാരിച്ചു.

പട്‌നയിൽ ചേർന്ന യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി അവദേശ്‌ കുമാർ, സിപിഐ എംഎൽ–-ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top