26 April Friday
; ക്രിസ്‌ത്യാനികളെ കൈകാര്യം ചെയ്യാൻ വിളിക്കുന്ന 
യോ​ഗത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് 1000 രൂപ പിഴ

‘തിലകം അണിഞ്ഞാൽമാത്രം തിരിച്ചുവരാം’ , അല്ലെങ്കിൽ, എല്ലാം ഉപേക്ഷിച്ച്‌ ഇവിടെനിന്ന്‌ പോകണം’’ ; ഛത്തീസ്‌ഗഢിലെ ക്രൈസ്തവവേട്ട

എം അഖിൽUpdated: Tuesday Jan 24, 2023

സംഘപരിവാർ അക്രമത്തിന് ഇരയായ ചിച്ച്‌ഡോൻഗരി ഗ്രാമത്തിലെ ഉമേഷ് നാഗിനെയും കുടുംബാംഗങ്ങളെയും 
ബൃന്ദ കാരാട്ട് ആശ്വസിപ്പിക്കുന്നു ഫോട്ടോ: കെ എം വാസുദേവൻ


റായ്‌പുർ (ഛത്തീസ്‌ഗഢ്‌)
‘‘ഈ തിലകം നെറ്റിയിൽ തൊട്ടാൽമാത്രം ഗ്രാമത്തിലേക്ക്‌ തിരിച്ചുവരാം. ഇവിടെ മറ്റുള്ളവർക്കൊപ്പം താമസിക്കാം. അല്ലെങ്കിൽ, എല്ലാം ഉപേക്ഷിച്ച്‌ ഇവിടെനിന്ന്‌ പോകണം’’–- ഗ്രാമത്തിലെ പ്രമുഖരുടെ അന്തിമ ഉത്തരവ്‌ കേട്ട്‌ ഉമേഷ്‌നാഗ്‌ പകച്ചുനിന്നു.

പുതുവത്സരദിന പുലരിയിൽ ഉമേഷും കുടുംബവും കൊണ്ടാഗാവ്‌ ജില്ലയിലെ ചിച്ച്‌ഡോൻഗരി ഗ്രാമം വിട്ടോടിയതാണ്‌. ‘ഇസായ്‌ ആദിവാസി’കളെ (ക്രിസ്‌ത്യൻ ആദിവാസികൾ) കൈകാര്യം ചെയ്യാൻ അക്രമികൾ വട്ടംകൂട്ടുന്നുണ്ടെന്ന വാർത്ത അറിഞ്ഞ്‌ ഉമേഷ്‌ ഓടി വീട്ടിലെത്തി.

പ്രായമുള്ള അമ്മ, ശരീരം തളർന്ന്‌ കിടക്കുന്ന സഹോദരൻ ലക്ഷ്‌മൺ നാഗ്‌, സഹോദരി ശ്യാംവതി എന്നിവർക്കൊപ്പം വനത്തിലേക്ക്‌ ഒളിച്ചുകടന്നു.   ഉമേഷിനെയും കൂട്ടരെയും കിട്ടാതെ അക്രമികൾ രാത്രി ഗ്രാമം മുഴുവൻ പരതി നടന്നു. ജനുവരി മൂന്നിന്‌ തിരിച്ചെത്തിയ അക്രമികൾ ഉമേഷിന്റെ വീട്‌ അടിച്ചുതകർത്തു. ആടുകളെയും കോഴികളെയും വകവരുത്തി. കാൻകേർ, നാരായൺപുർ ജില്ലകളിലെ ക്രൈസ്‌തവർക്ക്‌ നേരെയുള്ള അതിക്രമങ്ങൾ വാർത്തയായതോടെ ചെറിയ രീതിയിൽ പൊലീസ്‌ ഇടപെടലുണ്ടായി. 

സാഹചര്യം ശാന്തമായെന്ന്‌ കരുതിയാണ്‌ ഉമേഷും സംഘവും ആഴ്‌ചകൾക്കുശേഷം ഗ്രാമത്തിലേക്ക്‌ മടങ്ങിയത്‌. അപ്പോൾ, ഗ്രാമത്തിലേക്കുള്ള പ്രവേശനവഴിയിൽ കാത്തുനിന്ന പ്രമാണിമാരുടെ പുതിയ ഭീഷണി.   സംഘപരിവാർ പിന്തുണയുള്ള ജൻജാതി സുരക്ഷാമഞ്ച്‌ പോലുള്ള സംഘടനകളാണ്‌ ഇത്തരം ചടങ്ങുകൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌.

‘തിലകം’ അണിയാൻ വഴങ്ങാത്തതിനാൽ സ്വന്തം ഗ്രാമത്തിലേക്ക്‌ ഇനിയും മടങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന്‌ ഉമേഷും സഹോദരിയും പറഞ്ഞു. ‘‘എത്ര കാലം നിങ്ങൾ പൊലീസിന്റെ ചിറകിനടിയിൽ കഴിയുമെന്ന്‌ കാണണം’’–- എന്നാണ്‌ പുതിയ ഭീഷണി.

ഛത്തീസ്‌ഗഢിൽ ക്രൈസ്‌തവസമൂഹം നേരിടുന്ന വേട്ടയാടലുകൾ പഠിക്കാനെത്തിയ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ നേതൃത്വം നൽകുന്ന സമിതി മുമ്പാകെ ഉമേഷിനെപ്പോലെ നൂറുകണക്കിന്‌ ഇരകളാണ്‌ ദുരിതങ്ങൾ പങ്കിട്ടത്‌. ക്രിസ്‌ത്യാനികളെ കൈകാര്യം ചെയ്യാൻ ഗ്രാമങ്ങളിൽ പ്രത്യേകം യോഗങ്ങൾ വിളിച്ചുചേർക്കുന്നുണ്ടെന്ന്‌ ഉമേഷ്‌ വെളിപ്പെടുത്തി. ഓരോ വീട്ടിൽനിന്ന്‌ ഒരാളെങ്കിലും യോഗത്തിൽ പങ്കെടുക്കണമെന്നാണ്‌ തീട്ടൂരം. പങ്കെടുക്കാത്ത വീട്ടുകാർക്ക്‌ ആയിരം രൂപ വരെ പിഴ ചുമത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top