25 April Thursday
രാജ്യം തിളയ്‌ക്കും

ബ്രിജ്‌ ഭൂഷണിനെ അറസ്റ്റ് ചെയ്യില്ലെന്ന്‌ പൊലീസ്‌ ; ഇന്ന്‌ യുപിയിൽ കർഷക മഹാ പഞ്ചായത്ത്‌

സ്വന്തം ലേഖകൻUpdated: Wednesday May 31, 2023


ന്യൂഡൽഹി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ്‌ വനിതാ ​ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിൽ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ ഭൂഷണിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഡല്‍ഹി പൊലീസ്. നീതിതേടിയുള്ള ഗുസ്‌തി താരങ്ങളുടെ 38 ദിവസം നീണ്ട സമരം രാജ്യമാകെ ഹൃദയംകൊണ്ട് ഏറ്റെടുത്ത ഘട്ടത്തിലാണ് കേന്ദ്രസർക്കാരിനു കീഴിലുള്ള ഡല്‍ഹിപൊലീസ് യുപിയിലെ പ്രമുഖ ബിജെപി നേതാവിന്  സംരക്ഷണമൊരുക്കി രം​ഗത്തുവന്നത്. ഇതിനെതിരെ വൻ പ്രതിഷേധമുയർന്നു.രാജ്യത്ത്‌  സിനിമാ താരങ്ങളും സാഹിത്യകാരന്മാരും സമരത്തിന്‌ പിന്തുണയുമായെത്തി. ഡിവെെഎഫ്‌ഐ അടക്കമുള്ള യുവജനസംഘടനകൾ ഐക്യദാർഢ്യ പ്രക്ഷോഭങ്ങൾക്കും ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

ബ്രിജ്‌ ഭൂഷണെതിരെ തെളിവില്ലെന്ന നിലപാടിലാണ്‌ പൊലീസ്‌. ഗുസ്‌തി താരങ്ങളുടെ ആരോപണം സ്ഥാപിക്കാനും ബ്രിജ്‌ ഭൂഷണെ അറസ്‌റ്റുചെയ്യാനുമുള്ള തെളിവ്‌ അന്വേഷണത്തിൽ ലഭിച്ചില്ല. ഇക്കാര്യം വ്യക്തമാക്കി 15 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രമോ അന്തിമ റിപ്പോർട്ടോ സമർപ്പിക്കുമെന്ന്‌ ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌  എഎന്‍ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്‌തു. സുപ്രീംകോടതി ശക്തമായ നിര്‍ദേശം നൽകിയശേഷംമാത്രം ബ്രി​ജ് ഭൂഷണിനെതിരെ കേസെടുക്കാന്‍ തയ്യാറായ പൊലീസ്, കേസ് അട്ടിമറിക്കുകയാണെന്ന് ഇതോടെ വെളിപ്പെട്ടു.

ഉന്നത പൊലീസ് മേധാവിയുടെ പ്രതികരണം വൻ വിവാദമായതോടെ, മാധ്യമ വാർത്തകൾ കള്ളമാണെന്ന്‌ ഡൽഹി പൊലീസ്‌ ട്വീറ്റ് ചെയ്തു. എന്നാൽ, മിനിറ്റുകൾക്കുള്ളിൽ ഔദ്യോഗിക അക്കൗണ്ടിലെ നിഷേധക്കുറിപ്പ്‌  അപ്രത്യക്ഷമായി.  ബ്രിജ് ഭൂഷണിനെ രക്ഷിക്കാന്‍ ബിജെപി പൊലീസിൽ  വൻ സമ്മർദം ചെലുത്തുന്നുണ്ടെന്ന്‌ ഇതോടെ വെളിപ്പെട്ടു.ഡൽഹി പൊലീസ് അന്വേഷണം പൂർത്തിയാക്കുംവരെ  കാത്തിരിക്കണമെന്ന് പ്രതികരണവുമായി കേന്ദ്ര കായികമന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂർ നേരത്തെ രം​ഗത്തുവന്നിരുന്നു.

ബ്രിജ്‌ ഭൂഷണെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച്‌ ഒളിമ്പിക്‌ മെഡലുകളടക്കം ഗംഗയിലൊഴുക്കാന്‍പോലും കഴിഞ്ഞദിവസം താരങ്ങൾ തയ്യാറായി. ഹരിദ്വാറിലെത്തിയ താരങ്ങളെ നരേഷ്‌ ടിക്കായത്ത്‌ അടക്കമുള്ള കർഷക നേതാക്കളാണ്‌ അനുനയിപ്പിച്ച്‌ തടഞ്ഞത്‌.   തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഉത്തർപ്രദേശിലെ സോരം ഗ്രാമത്തിൽ വ്യാഴാഴ്‌ച മാഹപഞ്ചായത്ത്‌ ചേരുമെന്നും ടിക്കായത്ത്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഓടിയൊളിച്ച്‌ 
മീനാക്ഷി ലേഖി
ഗുസ്‌തി താരങ്ങളുടെ സമരത്തെക്കുറിച്ച്‌ പ്രതികരണം തേടിയ മാധ്യമങ്ങൾക്കുമുന്നിൽനിന്ന്‌ ഓടിരക്ഷപ്പെട്ട്‌ കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി. കൂടെയുള്ളവരോട്‌ ഓടാനും ലേഖി പറയുന്ന ദൃശ്യങ്ങൾ വൈറലായി. നിയമനടപടി നടക്കുന്നുവെന്ന ഒറ്റവരി പ്രതികരണം നടത്തി കാറിൽ കയറി കേന്ദ്രമന്ത്രി രക്ഷപ്പെട്ടു.


4ന്‌ നൈറ്റ്‌ മാർച്ച്‌  ; വിദ്യാർഥി, യുവജന പ്രക്ഷോഭം
ഗുസ്‌തി താരങ്ങളുടെ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐയുമായി ചേർന്ന്‌ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം  അറിയിച്ചു. നാലിന്‌  സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ നൈറ്റ്‌ മാർച്ച് നടത്തും, തിങ്കളാഴ്‌ച തിരുവനന്തപുരത്ത്‌ സ്‌പോർട്‌സ്‌ പഞ്ചായത്ത് സംഘടിപ്പിക്കും. രാജ്യത്തെ ക്യാമ്പസുകളിലും തെരുവുകളിലും പ്രതിഷേധം സംഘടിപ്പിക്കും.  ബ്രിജ്‌ഭൂഷൺ ശരൺസിങ്ങിനെ അറസ്റ്റുചെയ്യുക,  ഗുസ്‌തിതാരങ്ങളിൽ ചുമത്തിയ കേസ്‌ പിൻവലിക്കുക, രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങളെ തെരുവിൽ വലിച്ചിഴച്ച പൊലീസ്‌ ഭീകരതയിൽ പ്രധാനമന്ത്രി മാപ്പുപറയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രക്ഷോഭം.   ബുധനാഴ്‌ച 25,000 കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top