ന്യൂഡൽഹി
ബിജെപി എംപി ബ്രിജ് ഭൂഷണിന്റെ ലൈംഗിക അതിക്രമം ഇരയിൽ നിന്ന് രണ്ടു വർഷം മുമ്പ് അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂഴ്‌ത്തിവച്ചു. ബ്രിജ് ഭൂഷണിന്റെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായ വനിതാ ഗുസ്‌തി താരം തന്നെയാണ് രണ്ടു വർഷംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍കണ്ട് പരാതി പറഞ്ഞത്. ശക്തമായ നടപടിയുണ്ടാകുമെന്ന് മോദി അന്ന് ഉറപ്പു നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഗുസ്‌തി താരങ്ങളുടെ പരാതിയിൽ കൊണാട്ട്‌പ്ലേസ് പൊലീസ് ഏപ്രിൽ 28ന് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിലാണ് ഈ വിവരങ്ങളുള്ളത്.
2021 ആഗസ്‌തിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്ന അന്തര്‍ദേശീയ മെഡലുകള്‍ നേടിയ താരമാണ് പരാതി ഉന്നയിച്ചത്. മോദിയെ സന്ദര്‍ശിക്കുന്ന താരങ്ങളുടെ പട്ടികയിൽനിന്ന് അവരെ ഒഴിവാക്കാന്‍ ബ്രിജ് ഭൂഷൺ ശ്രമിച്ചിരുന്നു. ഈ കൂടിക്കാഴ്‌ചയ്‌ക്കിടെയാണ് മോദിയോട് ബ്രിജ് ഭൂഷണിന്റെ ലൈംഗിക, മാനസിക പീഡനങ്ങളും താരങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും വെളിപ്പെടുത്തിയത്. കേന്ദ്ര കായികമന്ത്രാലയം ഇടപെടുമെന്നും ഉടൻ മന്ത്രാലയത്തിൽനിന്ന് വിളിച്ച് വിവരങ്ങൾ ആരായുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഇന്ത്യക്കായി വീണ്ടും മത്സരരംഗത്ത് ഇറങ്ങാമെന്ന ആത്മവിശ്വാസം വന്നു. ആത്മഹത്യാ ചിന്തയടക്കം വിട്ടുപോയി, ഉന്മേഷം തോന്നി–- എഫ്ഐആറിൽ പറയുന്നു.
എന്നാൽ, വീണ്ടും ബ്രിജ് ഭൂഷൺ വിളിപ്പിച്ചു. ഭർത്താവിനൊപ്പം പോയപ്പോൾ കാണാൻ തയ്യാറായില്ല. ബ്രിജ് ഭൂഷണിന്റെ സെക്രട്ടറി വിനോദ് തോമർ വീട്ടിൽ വിളിച്ചുവരുത്തി അധിക്ഷേപിച്ചു. പ്രതികരിച്ചതിന്റെ പേരിൽ കരിയർ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി–-എഫ്‌ഐആറില്‍ വിവരിക്കുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..