25 April Thursday
ബിജെപിക്ക്‌ തള്ളാനാകാത്ത നേതാവ്‌

ഗുസ്തി 
താരങ്ങളുടെ 
പീഡനപരാതി ; കൂസലില്ലാതെ 
ബ്രിജ്‌ഭൂഷൺ ; മേൽനോട്ട സമിതിയുടെ രൂപീകരണം നീളുന്നു

സ്വന്തം ലേഖകൻUpdated: Sunday Jan 22, 2023


ന്യൂഡൽഹി
റെസ്‌ലിങ്‌ ഫെഡറേഷനെതിരായി ഗുസ്‌തിതാരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മേൽനോട്ട സമിതിയുടെ രൂപീകരണം നീളുന്നു. സമിതി പ്രഖ്യാപിച്ച്‌ രണ്ടു ദിവസമായിട്ടും അംഗങ്ങളെ തീരുമാനിച്ചില്ല. ബിജെപി എംപിയും റെസ്‌ലിങ്‌ ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിന്‌ താൽപ്പര്യമുള്ള പേരുകളും സമിതിയിൽ ഉണ്ടാകുമെന്ന്‌ സൂചനയുണ്ട്‌.

മേൽനോട്ട സമിതിയുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ റെസ്‌ലിങ്‌ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നിർത്തിയെന്നാണ്‌ കായികമന്ത്രാലയത്തിന്റെ അവകാശവാദം. പ്രസിഡന്റിനെ താൽക്കാലികമായി നീക്കിയതായും കായികമന്ത്രാലയം ഗുസ്‌തിതാരങ്ങളെ അറിയിച്ചിരുന്നു. ഈ ഉറപ്പിലാണ്‌ താരങ്ങൾ പ്രതിഷേധ സമരം പിൻവലിച്ചത്‌. എന്നാൽ, ബ്രിജ്‌ഭൂഷൺ ഞായറാഴ്‌ചയും യുപിയിൽ ഒരു ഗുസ്‌തിമത്സരത്തിൽ സന്നിഹിതനായി. താനിപ്പോഴും ഫെഡറേഷൻ പ്രസിഡന്റുതന്നെയെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. അതേസമയം, ഞായറാഴ്‌ച അയോധ്യയിൽ ചേരാനിരുന്ന റെസ്‌ലിങ്‌ ഫെഡറേഷന്റെ അടിയന്തര ജനറൽ കൗൺസിൽ യോഗം ഉപേക്ഷിച്ചു. കായികമന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരമാണ് ഇത്‌.

ഗുസ്‌തിതാരങ്ങൾ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച്‌ മേൽനോട്ട സമിതി നിഷ്‌പക്ഷമായ അന്വേഷണം നടത്തുമെന്ന്‌ കായികമന്ത്രി അനുരാഗ്‌ ഠാക്കൂർ ബംഗാളിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. ഫെഡറേഷന്റെ അഡീഷണൽ സെക്രട്ടറിയെ പുറത്താക്കുകയും ചെയ്‌തു–- ഠാക്കൂർ പറഞ്ഞു. എന്നാൽ, പുറത്താക്കിയതായി അറിയിച്ച്‌ തനിക്ക്‌ കത്തൊന്നും കിട്ടിയിട്ടില്ലെന്ന്‌ അഡീഷണൽ സെക്രട്ടറി വിനോദ്‌ തോമർ പ്രതികരിച്ചു.

ബിജെപിക്ക്‌ തള്ളാനാകാത്ത നേതാവ്‌
ഗുസ്‌തിതാരങ്ങൾ ലൈംഗികപീഡനമടക്കം ആരോപിച്ചിട്ടും റെസ്‌ലിങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ പ്രസിഡന്റും എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെ തള്ളിപ്പറയാതെ ബിജെപി. യുപിയിലെ കൈസർഗഞ്ചിൽനിന്നുള്ള ലോക്‌സഭാംഗമായ ബ്രിജ്‌ഭൂഷൺ സംസ്ഥാനത്തെ ആറ്‌ ജില്ലയിൽ സ്വാധീനമുള്ള നേതാവാണ്‌. ഗോദയിൽനിന്ന്‌ വഴിതെറ്റി രാഷ്ട്രീയത്തിലേക്ക്‌ എത്തിയ ബ്രിജ്‌ഭൂഷൺ അയോധ്യയിലെ പള്ളി തകർക്കൽ കാലംമുതൽ സംഘപരിവാറിനൊപ്പമാണ്‌. എൽ കെ അദ്വാനി അടക്കമുള്ള നേതാക്കൾക്കൊപ്പം പ്രതിയുമായി.

1957ൽ അയോധ്യക്കടുത്ത്‌ കോൺഗ്രസ്‌ കുടുംബത്തിലാണ്‌ ബ്രിജ്‌ഭൂഷൺ  ജനിച്ചത്‌.  1991ൽ ഗോണ്ടയിൽ കോൺഗ്രസിന്റെ ആനന്ദ്‌ സിങ്ങിനെ തോൽപ്പിച്ച്‌ എംപിയായി. ദാവൂദ്‌ ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക്‌ സംരക്ഷണം നൽകിയതിന്‌ ജയിലിൽ അടയ്‌ക്കപ്പെട്ടതിനാൽ 1996 തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല. പകരം ഭാര്യ മത്സരിച്ച്‌ ജയിച്ചു.

1999ൽ വീണ്ടും എംപി. ഇടയ്‌ക്ക്‌ സമാജ്‌വാദി പാർടിയിലെത്തി. 2014ൽ ബിജെപിയിലേക്ക്‌ മടങ്ങി. 10 വർഷമായി റെസ്‌ലിങ്‌ ഫെഡറേഷൻ പ്രസിഡന്റാണ്‌.  മുപ്പതോളം ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നു. ഒരാളെ കൊന്നിട്ടുണ്ടെന്ന് അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top