26 April Friday

മഹാരാഷ്‌ട്ര മന്ത്രിസഭ പ്രതിസന്ധിയിൽ: ജനാധിപത്യ അട്ടിമറിക്ക്‌ വീണ്ടും ബിജെപി

പ്രത്യേക ലേഖകൻUpdated: Wednesday Jun 22, 2022

ന്യൂഡൽഹി> മഹാരാഷ്‌ട്രയിൽ ശിവസേനയെയും കോൺഗ്രസിനെയും പിളർത്തി മഹാസഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം. പൊതുമരാമത്ത്‌ മന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ്‌ ഷിൻഡെ 21 എംഎൽഎമാരുമായി ഗുജറാത്തിലെ സൂററ്റിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്‌ കടന്നു. ഉദ്ധവ്‌ താക്കറെ സർക്കാരിനെ മറിച്ച്‌ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ഷിൻഡെ താൽപ്പര്യം പ്രകടിപ്പിച്ചാൽ അക്കാര്യം ഉറപ്പായും പരിഗണിക്കുമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ചന്ദ്രകാന്ത്‌ പാട്ടീൽ പറഞ്ഞു. ഭരണമുന്നണി എംഎൽഎമാരിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിലെ രാജ്യസഭ, എംഎൽസി തെരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർഥികൾക്ക്‌ വോട്ട്‌ ചെയ്‌തിരുന്നു. തിങ്കളാഴ്‌ച സന്ധ്യക്ക്‌ ഏഴോടെ ചാർട്ടേഡ്‌ വിമാനത്തിലാണ്‌ ഷിൻഡെയും സംഘവും ഗുജറാത്തിലേക്ക്‌ പറന്നത്‌.

ഇതോടെ, നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന്‌ ഷിൻഡെയെ നീക്കി. വിമതർക്കെതിരെ പ്രതിഷേധവുമായി ശിവസേനാ പ്രവർത്തകർ തെരുവിലിറങ്ങി. ഉപമുഖ്യമന്ത്രി അജിത്‌ പവാർ ഉദ്ധവ്‌ താക്കറെയുമായി കൂടിക്കാഴ്‌ച നടത്തി. എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ ഡൽഹിയിൽനിന്ന്‌ തിരക്കിട്ട്‌ മുംബൈയിലെത്തി. മഹാസഖ്യസർക്കാരിനെ അട്ടിമറിക്കാനുള്ള മൂന്നാം ശ്രമമാണിതെന്ന്‌ പവാർ ഡൽഹിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. കോൺഗ്രസ്‌ നിയമസഭാകക്ഷി നേതാവ്‌ സ്ഥാനം ബാലസാഹിബ്‌ തൊരാത്‌ രാജിവച്ചെന്ന വാർത്ത പിസിസി അധ്യക്ഷൻ നാന പട്ടോളെ നിഷേധിച്ചു. കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ നിരീക്ഷകനായി കമൽനാഥിനെ അയച്ചു. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ്‌ അട്ടിമറിനീക്കങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നത്‌.

അനുനയ നീക്കം

ശിവസേനാ നേതാക്കളായ മിലിന്ദ്‌ നർവേക്കറും രവീന്ദ്ര പഥക്കും സൂററ്റിലെത്തി ഷിൻഡെയുമായി രണ്ടു മണിക്കൂറോളം ചർച്ച നടത്തി. ഇതിനിടെ 10 മിനിറ്റ്‌ ഷിൻഡെ ഫോണിൽ ഉദ്ധവ്‌ താക്കറെയുമായി സംസാരിച്ചു. തനിക്കൊപ്പം 35 എംഎൽഎമാരുണ്ടെന്നാണ്‌ ഷിൻഡെയുടെ അവകാശവാദം. ബിജെപിക്കൊപ്പം ചേരാൻ ഉദ്ധവ്‌ തയ്യാറായാൽ ശിവസേനയെ പിളർത്തില്ലെന്ന്‌ ഷിൻഡെ പറഞ്ഞതായി റിപ്പോർട്ടുണ്ട്‌. ബിജെപി ബന്ധം ശിവസേന വിട്ടതിന്റെ കാരണം എല്ലാവർക്കും അറിയാമെന്നും ഷിൻഡെ അതിനെല്ലാം സാക്ഷിയാണെന്നും ശിവസേനാ വക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌ എംപി പറഞ്ഞു.  ബാലാസാഹെബിന്റെ ചിന്തകളും ധർമവീർ ആനന്ദ് ദിഗെ സാഹബിന്റെ പാഠങ്ങളും പാലിക്കുന്നതിനാൽ അധികാരത്തിനുവേണ്ടി ചതിക്കില്ലെന്ന് ഷിൻഡെ ട്വീറ്റുചെയ്‌തു. പ്രതിസന്ധി ചർച്ച ചെയ്യാൻ മഹാരാഷ്ട്ര മന്ത്രിസഭ ചൊവ്വാഴ്ച ചേരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top