19 April Friday

മഹാരാഷ്ട്രയിൽ അട്ടിമറിനീക്കവുമായി ബിജെപി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

ന്യൂഡൽഹി> മഹാരാഷ്ട്രയിൽ സംഭവിക്കുന്നത് 2019ലെ രാഷ്‌ട്രീയനാടകങ്ങളുടെ തനിയാവർത്തനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമായിരുന്ന ബിജെപിയും ശിവസേനയും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കലഹിച്ചാണ്‌ പിരിഞ്ഞത്‌. ശിവസേനയ്‌ക്ക്‌ മുഖ്യമന്ത്രിസ്ഥാനം ഉറപ്പ്‌ നൽകിയിരുന്നെന്നും തെരഞ്ഞെടുപ്പിനുശേഷം ബിജെപി വാക്ക്‌ മാറ്റിയെന്നും ശിവസേന ആരോപിച്ചു. മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ്‌ തുടരണമെന്ന്‌ ബിജെപി ശഠിച്ചു.

ബിജെപി–-ശിവസേന വഴിപിരിയൽ ഉറപ്പായതോടെ എൻസിപി അധ്യക്ഷൻ ശരദ്‌പവാർ ചർച്ച തുടങ്ങി. പുതിയ സഖ്യസർക്കാർ രൂപീകരിക്കാൻ 2019 നവംബർ 22ന്‌ രാത്രി ഒമ്പതിനു ശിവസേന,- എൻസിപി, കോൺഗ്രസ്‌ യോഗം തീരുമാനമെടുത്തു. മണിക്കൂറുകൾക്കുള്ളിൽ കേന്ദ്രസർക്കാർ നേതൃത്വത്തിൽ അട്ടിമറി നീക്കം. ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്‌ രഹസ്യമായി മുംബൈയിലെത്തി എൻസിപി നേതാവ്‌ അജിത്‌ പവാറുമായി ധാരണയായി. രാഷ്ട്രപതിഭരണം അവസാനിപ്പിക്കാനുള്ള ശുപാർശ അയക്കാൻ ഗവർണറുടെ സെക്രട്ടറിക്ക്‌ 23ന്‌ പുലർച്ചെ 2.10ന്‌ ഡൽഹിയിൽനിന്ന്‌ നിർദേശം വന്നു. ഗവർണറുടെ ശുപാർശ ലഭിച്ചതോടെ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌കല്യാൺ മാർഗ്‌ 7 വസതിയിലെത്തി.

പ്രധാനമന്ത്രിക്ക്‌ പ്രയോഗിക്കാവുന്ന സവിശേഷാധികാരം ഉപയോഗിച്ച്‌ ശുപാർശ അംഗീകരിച്ച്‌ രാഷ്ട്രപതിക്ക്‌ അയച്ചു. ശനി വെളുപ്പിന്‌ 5.47നു രാഷ്ട്രപതിഭരണം അവസാനിപ്പിച്ച്‌ വിജ്ഞാപനമായി. 5.30ന്‌ ഫഡ്‌നാവിസും അജിത്‌ പവാറും രാജ്‌ഭവനിലെത്തി. 7.50ന്‌ തുടങ്ങിയ സത്യപ്രതിജ്ഞ ചടങ്ങിന്റെ വിവരം പുറത്തുവന്നത്‌ 8.10നാണ്‌. രാഷ്ട്രപതിഭരണം അവസാനിപ്പിച്ചുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങിയത്‌ ഒമ്പതിനും. 8.40നുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അഭിനന്ദിച്ചു.

അനന്തരവൻ കൂടിയായ അജിത്‌ പവാറിനെ ശരദ്‌പവാർ പരസ്യമായി തള്ളിപ്പറഞ്ഞു. ശരദ്‌പവാറിൽ കോൺഗ്രസും ശിവസേനയും വിശ്വാസം പ്രഖ്യാപിച്ചു. അജിത്‌ പവാറിനൊപ്പം സത്യപ്രതിജ്ഞയ്‌ക്കുപോയ മൂന്ന്‌ എൻസിപി എംഎൽഎമാരെ വാർത്താസമ്മേളനത്തിൽ ഹാജരാക്കി. അവരും അജിത്‌ പവാറിനെ തള്ളി. സുപ്രീംകോടതി വിധിയും എതിരായതോടെ ഫഡ്‌നാവിസ്‌ രാജിവച്ചു. 28ന്‌ ഉദ്ധവ്‌ താക്കറേ സത്യപ്രതിജ്ഞ ചെയ്‌തു.

ലക്ഷ്യം പലത്‌

മഹാരാഷ്‌ട്രയിൽ ബിജെപി രാഷ്‌ട്രീയഅട്ടിമറി സംഘടിപ്പിക്കുന്നത്‌ പല ലക്ഷ്യങ്ങളോടെ. കൂറുമാറ്റംവഴി സംസ്ഥാനസർക്കാരുകളെ അട്ടിമറിക്കുന്നത്‌ പ്രവർത്തനശൈലിയാക്കിയ ബിജെപിയുടെ മഹാരാഷ്‌ട്രയിലെ നീക്കം ദേശീയതലത്തിലെ സംഭവവികാസങ്ങളും പരിഗണിച്ച്‌.

ബിഹാറിൽ എൻഡിഎ ഘടകകക്ഷിയായ ജെഡിയു ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്നു. ഏകീകൃത സിവിൽകോഡ്‌, ജാതി സെൻസസ്‌, ജനസംഖ്യനിയന്ത്രണനിയമം, അഗ്നിപഥ്‌ വിഷയങ്ങളിൽ ഇരുപാർടിയും ഭിന്നധ്രുവങ്ങളിലാണ്‌. മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ ബിജെപി രാഷ്‌ട്രീയമായി ഒറ്റപ്പെടുത്താനും ശ്രമിക്കുന്നു. ബിജെപിബന്ധം ജെഡിയു ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായാല്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലടക്കം കേന്ദ്രസർക്കാരിന്‌ ബുദ്ധിമുട്ടാകും. ഇത്‌ മുന്നിൽ കണ്ടാണ് മഹാരാഷ്‌ട്രയിൽ കോൺഗ്രസ്‌, ശിവസേന എംഎൽഎമാരെ ചാക്കിട്ടുപിടിക്കാന്‍ ദ്രുതനീക്കം നടത്തിയത്.
അഗ്നിപഥ്‌ പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തില്‍ കേന്ദ്രം ഞെട്ടലിലാണ്.നവഉദാരനയങ്ങളുടെയും ആർഎസ്‌എസിന്റെ ദീർഘകാല അജൻഡയുടെയും മിശ്രിതമായ പദ്ധതിയിൽനിന്ന്‌ കേന്ദ്രത്തിന് പിന്തിരിയാനാകില്ല.

കാർഷികനിയമങ്ങൾ ഐതിഹാസിക പ്രക്ഷോഭത്തെ തുടർന്ന്‌ പിൻവലിച്ചതിൽ കോർപറേറ്റുകൾക്ക്‌ രോഷമുണ്ട്‌.
കോർപറേറ്റുകൾ സ്വാഗതംചെയ്‌ത അഗ്നിപഥ്‌ പദ്ധതിയെ സാധാരണക്കാരും കർഷകരും എതിർക്കുന്നു. ഇതിൽനിന്ന്‌ ശ്രദ്ധ തിരിക്കാനും രാഷ്‌ട്രീയമായി ബിജെപിക്ക്‌ കരുത്തുണ്ടെന്ന്‌ ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചാണ്‌ മഹാരാഷ്‌ട്രയിലെ നീക്കങ്ങൾ. മഹാരാഷ്‌ട്രയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപിയുടെ കുതിരക്കച്ചവടം വിജയം കണ്ടിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ശിവസേന, ശിരോമണി അകാലിദൾ, തെലുങ്കുദേശം തുടങ്ങിയ പ്രധാന പ്രാദേശികകക്ഷികൾ എൻഡിഎ വിട്ടുപോയത്‌ ബിജെപിക്ക്‌ ക്ഷീണമായി.

പുതിയ കക്ഷികളെ കൂട്ടാനുള്ള ശ്രമങ്ങൾ വിജയിക്കുന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ ചെറുകക്ഷികൾമാത്രമാണ്‌ എൻഡിഎയിൽ ഘടക കക്ഷികളായി ശേഷിക്കുന്നത്‌. മിക്കതും പ്രാദേശികകക്ഷികളെ പിളർത്തി സൃഷ്ടിച്ചതാണ്‌. ഗുജറാത്തിലും ഹിമാചൽപ്രദേശിലും ഇക്കൊല്ലം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കരുത്ത് വര്‍ധിപ്പിക്കാനാണ്  പുതിയ നീക്കം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top