01 December Friday

വനിതാ സംവരണം ; ഉത്തരംമുട്ടി 
ബിജെപി ; നടപ്പാക്കാൻ എന്തിന് കാലതാമസമെന്ന ചോദ്യത്തിന്‌ മറുപടിയില്ല

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023


ന്യൂഡൽഹി
വനിതാ സംവരണം വേഗത്തിൽ നടപ്പാക്കുന്നതിൽ സർക്കാരിനുള്ള ആത്മാർഥതയില്ലായ്‌മയും ഒബിസി വനിതകൾക്കുകൂടി സംവരണം ഉറപ്പാക്കുന്നതിലുള്ള താൽപ്പര്യമില്ലായ്‌മയും തുറന്നുകാട്ടി രാജ്യസഭയിലെ വനിതാ ബിൽ ചർച്ചയിലും പ്രതിപക്ഷ പാർടികൾ ബിജെപിയെ പ്രതിരോധത്തിലാക്കി. സെൻസസിനും മണ്ഡല പുനർനിർണയത്തിനുംശേഷം മാത്രം വനിതാ സംവരണമെന്ന വ്യവസ്ഥ എന്ത്‌ കാരണത്താൽ ബില്ലിൽ ഉൾപ്പെടുത്തിയെന്ന്‌ വിശദമാക്കാൻ ഭരണപക്ഷത്തുനിന്ന്‌ സംസാരിച്ചവർക്കായില്ല. ഒബിസി വനിതകളെ എന്തുകൊണ്ട്‌ ഒഴിവാക്കി എന്നതിനും വിശദീകരണമുണ്ടായില്ല.

പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യയിൽ ഭിന്നിപ്പുകൂടി പ്രതീക്ഷിച്ചാണ്‌ പ്രത്യേക സമ്മേളനം വിളിച്ച്‌ വനിതാ സംവരണ ബിൽ സർക്കാർ കൊണ്ടുവന്നത്‌. ആർജെഡി, എസ്‌പി തുടങ്ങിയ ഇന്ത്യ കൂട്ടായ്‌മയിലെ കക്ഷികൾ ബില്ലിനോട്‌ വിയോജിക്കുമെന്ന പ്രതീക്ഷയായിരുന്നു സർക്കാരിനുണ്ടായിരുന്നത്‌. എന്നാൽ, ഈ രണ്ടു പാർടികളും ബില്ലിനെ നേരത്തേ എതിർത്തിരുന്ന ബിഎസ്‌പിയുമെല്ലാം വനിതാ സംവരണത്തിനായി ശക്തമായി വാദിച്ചത്‌ ബിജെപിയുടെ ‘ഭിന്നിപ്പ്‌’ പ്രതീക്ഷകളെ തകിടംമറിച്ചു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം മാത്രമാണ്‌ ബില്ലിനെ എതിർത്തത്‌. ആ പാർടിയും ഒബിസി–- ന്യൂനപക്ഷ വനിതകൾക്ക്‌ ബില്ലിൽ സംവരണം ഇല്ലാത്തതിനാലാണ്‌ എതിർപ്പ്‌ അറിയിച്ചത്‌.

മോദി അധികാരത്തിലുണ്ടായിരുന്ന ഒമ്പതര വർഷവും ബിൽ കൊണ്ടുവരാതെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി അവതരിപ്പിച്ചത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതി കാരണമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗത്തിന്റെ ശാക്തീകരണത്തിൽ സർക്കാരിന്‌ താൽപ്പര്യമുണ്ടെങ്കിൽ എന്തുകൊണ്ട്‌ ജാതി സെൻസസിനോട്‌ മുഖംതിരിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനും മറുപടിയുണ്ടായില്ല.

നീട്ടിക്കൊണ്ടു പോകരുത് : ബിനോയ്‌ വിശ്വം
നിയമനിർമാണ സഭകളിൽ വനിതകൾക്കുള്ള സംവരണം നീട്ടികൊണ്ടു പോകരുതെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമുതൽ നടപ്പാക്കണമെന്നും രാജ്യസഭയിൽ വനിതാബില്ലിലെ ചർച്ചയിൽ പങ്കെടുത്ത്‌ ബിനോയ്‌ വിശ്വം പറഞ്ഞു. സെൻസസ്‌, മണ്ഡല പുനർനിർണയം തുടങ്ങിയ തടസ്സങ്ങളെല്ലാം നീക്കണം. രാജ്യസഭയിലേക്കും ലെജിസ്ലേറ്റീവ്‌ കൗൺസിലുകളിലേക്കും സംവരണം വ്യാപിപ്പിക്കണം. ന്യൂനപക്ഷങ്ങളുടെയും ഒബിസി വിഭാഗങ്ങളുടെയും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണം–- ബിനോയ്‌ വിശ്വം പറഞ്ഞു.

വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്ന്‌ പി സന്തോഷ്‌കുമാറും ആവശ്യപ്പെട്ടു. എന്ന്‌ നടപ്പാക്കുമെന്ന്‌ കൃത്യമായ മറുപടി സർക്കാർ നൽകണം–- സന്തോഷ്‌കുമാർ പറഞ്ഞു.  വനിതാ ശാക്തീകരണത്തിൽ രാജ്യത്തിനുതന്നെ മാതൃകയായ സംസ്ഥാനമാണ്‌ കേരളമെന്ന്‌ ജോസ്‌ കെ മാണി പറഞ്ഞു. കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ സ്‌ത്രീകൾക്ക്‌ 50 ശതമാനം സംവരണമുണ്ട്‌. ജനറൽ സീറ്റുകളിൽ നിന്നുകൂടി സ്‌ത്രീകൾ ജയിക്കുന്നതിനാൽ യഥാർഥ പ്രാതിനിധ്യം 50 ശതമാനത്തിനും മുകളിലാണെന്നും ജോസ്‌ കെ മാണി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top