26 April Friday
വരുണയിൽ മകനെ 
മത്സരിപ്പിക്കില്ലെന്ന്‌ 
യെദ്യൂരപ്പ

ബിജെപിയില്‍ 
കൊഴിഞ്ഞുപോക്ക് ; ഒരു എംഎൽഎകൂടി രാജിവച്ചു

അനീഷ്‌ ബാലൻUpdated: Saturday Apr 1, 2023



മംഗളൂരു
തെരഞ്ഞെടുപ്പ്‌ കാഹളം മുഴങ്ങിയതോടെ ബിജെപി നേതൃത്വത്തെ ഞെട്ടിച്ച്‌ കർണാടകത്തിൽ ഒരു എംഎൽഎകൂടി രാജിവച്ചു. മുതിർന്ന നേതാവും എട്ടുതവണ എംഎൽഎയുമായ എൻ വൈ ഗോപാലകൃഷ്ണയാണ് ബിജെപി വിട്ടത്. നിരവധി കോൺഗ്രസ് പ്രവർത്തകരോടൊപ്പം ഗോപാലകൃഷ്ണ സ്പീക്കർ വിശ്വേശര ഹെഗ്‌ഡെ കെഗേരിയുടെ വീട്ടിലെത്തി രാജിക്കത്ത്‌ കൈമാറി.  ഉത്തര കന്നഡ ജില്ലയിലെ കുഡ്ലിഗി മണ്ഡലത്തിലെ എംഎൽഎയായ ഗോപാലകൃഷ്‌ണ അടുത്തദിവസം തന്നെ  കോൺഗ്രസിൽ ചേരും.
നേരത്തേ, മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയുടെ അടുത്ത അനുയായി മഞ്ജുനാഥ് കുന്നൂർ എംഎൽസി സ്ഥാനം രാജിവച്ച്‌ കോൺഗ്രസിൽ ചേർന്നു. പിന്നാലെ ബാബുറാവു ചിഞ്ചൻസൂറും സിറ്റിങ് എംഎൽസി പുട്ടണ്ണയും ബിജെപി വിട്ട്‌ കോൺഗ്രസിലെത്തി. ലിംഗായത്ത് നേതാക്കളായ മുൻ എംഎൽഎയും സംസ്ഥാന ബയോ എനർജി വികസന ബോർഡ് ചെയർമാനുമായ കെ എസ്‍ കിരൺകുമാർ, എച്ച് ഡി തിമ്മയ്യ എന്നിവരും ബിജെപി വിട്ട്‌ അടുത്തിടെ കോൺഗ്രസിലെത്തി. സ്ഥാനാർഥി പ്രഖ്യാപനത്തോടെ കൂടുതൽ നേതാക്കൾ പാർടി വിടുമോയെന്ന ആശങ്കയിലാണ്‌ ബിജെപി. 

ഗുബ്ബി മണ്ഡലത്തിലെ ജെഡിഎസ്‌ എംഎൽഎയായിരുന്ന എസ് ആർ ശ്രീനിവാസ് രാജിവച്ച്‌ കോൺഗ്രസിൽ ചേർന്നു. ഇത്തവണ ഗുബ്ബി മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിലാകും ശ്രീനിവാസ്‌ മത്സരിക്കുക. അർക്കലഗുഡ് മണ്ഡലത്തിലെ ജെഡിഎസ്‌ എംഎൽഎ എ ടി രാമസ്വാമിയും സ്ഥാനം രാജിവച്ചു. ഇദ്ദേഹം വിവിധ പാർടികളുമായി വിലപേശൽ നടത്തുകയാണെന്നാണ്‌ വിവരം.

വരുണയിൽ മകനെ 
മത്സരിപ്പിക്കില്ലെന്ന്‌ 
യെദ്യൂരപ്പ
കർണാടകയിൽ കോൺഗ്രസ്‌ നേതാവ്‌ സിദ്ധരാമയ്യക്ക്‌ എതിരെ വരുണ മണ്ഡലത്തിൽ മകനെ മത്സരിപ്പിക്കില്ലെന്ന്‌ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ. മകൻ ബി വൈ ജയേന്ദ്ര തന്റെ മണ്ഡലമായ ശിക്കാരിപുരയിലാകും ജനവിധി തേടുക. ഇത്‌ മുമ്പേ പറഞ്ഞിട്ടുള്ളതാണെന്നും യെദ്യൂരപ്പ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top