20 April Saturday

ബിജെപിക്ക്‌ എന്നുംപ്രിയം
 കുതിരക്കച്ചവടം ; എംഎൽഎമാരെ ഒളിപ്പിക്കുന്ന റിസോർട്ട്‌ രാഷ്‌ട്രീയവും

തയ്യാറാക്കിയത്: റിസർച്ച് ഡസ്ക്Updated: Friday Jun 24, 2022



2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ  അധികാരമേറ്റശേഷമാണ്‌ കുതിരക്കച്ചവടത്തിലൂടെ സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ തുടങ്ങിയത്‌. ജനാധിപത്യത്തിന്‌ തീരാക്കളങ്കമേൽപ്പിച്ച്‌ അഞ്ച്‌ സംസ്ഥാനത്തിലാണ്‌ ബിജെപി അധികാരം പിടിച്ചെടുത്തത്‌. എംഎൽഎമാരെ ഒളിപ്പിക്കുന്ന ‘റിസോർട്ട്‌ രാഷ്‌ട്രീയ’ത്തിനും ബിജെപി തുടക്കമിട്ടു. 

മഹാരാഷ്‌ട്ര
2019 ഒക്‌ടോബർ തെരഞ്ഞെടുപ്പിൽ 105 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക്‌ ആദ്യഘട്ടത്തിൽ സർക്കാർ രൂപീകരിക്കാനായില്ല. 288 അംഗ സഭയിൽ ശിവസേന–- 56, എൻസിപി–- 54, കോൺഗ്രസ്‌ 44, ചെറുപാർടികളും സ്വതന്ത്രർക്കുംകൂടി 29 എന്നിങ്ങനെയായിരുന്നു സീറ്റ്‌ നില. ശിവസേനയുമായി ഉണ്ടായ അധികാരത്തർക്കം ബിജെപിക്ക്‌ തിരിച്ചടിയായി. എൻസിപിയിൽനിന്ന്‌ ഒരുവിഭാഗത്തെ അടർത്തിയെടുത്ത്‌ നവംബർ 23ന്‌ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി. അജിത്‌ പവാർ ഉപമുഖ്യമന്ത്രിയും.

ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നീക്കത്തിനെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടതോടെ ഇരുവരും രാജിവച്ചു. തുടർന്ന്‌ ശിവസേന, എൻസിപി, കോൺഗ്രസ്‌ എന്നിവർ ചേർന്ന്‌ മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചു. അതിലെ ശിവസേന എംഎൽഎമാരെ കാലുമാറ്റിയാണ്‌ നിലവിലെ നീക്കം.

അരുണാചൽ പ്രദേശ്‌
ആദ്യമായി കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിച്ചത്‌ അരുണാചലിലാണ്‌. 2016 സെപ്‌തംബർ 16ന്‌ മുഖ്യമന്ത്രിയായിരുന്ന പേമഖണ്ഡു 40 എംഎൽഎമാർക്കൊപ്പം കോൺഗ്രസ്‌വിട്ട്‌ പീപ്പിൾസ്‌ പാർടി ഓഫ്‌ അരുണാചലിൽ (പിപിഎ) ചേർന്നു. ഒരുവർഷത്തിനുശേഷം പിപിഎ ബിജെപിയിൽ ലയിച്ചു. 60 അംഗ നിയമസഭയിൽ കോൺഗ്രസിന്‌ 42ഉം ബിജെപിക്ക്‌ 11 അംഗങ്ങളുമുണ്ടായിരുന്നു. സംസ്ഥാനത്ത്‌ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത്‌ സുപ്രീംകോടതി ജനുവരിയിൽ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ്‌ എംഎൽഎമാരെ അടർത്തിയെടുത്തത്‌. പേമഖണ്ഡുതന്നെ മുഖ്യമന്ത്രിയായി.

കർണാടക
2018 മെയിലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ സർക്കാർ രൂപീകരണത്തിൽ നാടകീയ നീക്കം. 2018 മെയ്‌ 17ന്‌ ബി എസ്‌ യെദ്യൂരപ്പ വലിയ ഒറ്റക്കക്ഷിയെന്നനിലയിൽ മുഖ്യമന്ത്രിയായി. 224 അംഗ സഭയിൽ ബിജെപിക്ക്‌ 104 സീറ്റായിരുന്നു. ഭൂരിപക്ഷത്തിന്‌ എട്ട്‌ സീറ്റ്‌ കുറവ്‌. കോൺഗ്രസിന്‌ 80ഉം ജെഡിഎസിന്‌ 37 സീറ്റുണ്ടായിരുന്നു. വിശ്വാസവോട്ടെടുപ്പിന്‌ തൊട്ടുമുമ്പ്‌ രാജിവച്ചു. 23ന്‌ കോൺഗ്രസും ജെഡിഎസുംചേർന്ന്‌ സർക്കാർ രൂപീകരിച്ചു. എച്ച്‌ ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി. 2019 ജൂലൈ 26ന്‌ കോൺഗ്രസിൽനിന്ന്‌ 13ഉം മൂന്ന് ജെഡിഎസ്‌, ഒരു കെപിജെപി എംഎൽഎയെയും ബിജെപി ചാക്കിലാക്കി.  തുടർന്ന്‌ യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. യെദ്യൂരപ്പയ്‌ക്കെതിരെ ബിജെപിയിൽ പട തുടങ്ങിയപ്പോൾ ബൊമ്മയെ മുഖ്യമന്ത്രിയാക്കി.

മധ്യപ്രദേശ്‌
2018ലെ തെരഞ്ഞെടുപ്പിൽ 114 സീറ്റുമായി കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 230 അംഗ സഭയിൽ ഭൂരിപക്ഷത്തിന്‌ ഒരുസീറ്റ്‌ മാത്രമായിരുന്നു കുറവ്‌. സ്വതന്ത്രർ, ബിഎസ്‌പി, എസ്‌പി എന്നിവർ ഉൾപ്പെടെ 121 അംഗങ്ങളുടെ പിന്തുണയുമായി സർക്കാർ രൂപീകരിച്ച്‌ കമൽനാഥ്‌ മുഖ്യമന്ത്രിയായി. 15 വർഷത്തെ ബിജെപി ഭരണമാണ്‌ അവസാനിച്ചത്‌. 109 എംഎൽഎമാരായിരുന്നു ബിജെപിക്ക്‌.

2020 മാർച്ചിൽ കോൺഗ്രസിലെ ജ്യോതിരാദിത്യ സിന്ധ്യയെ പാളയത്തിലെത്തിച്ച്‌ ബിജെപി കുതിരക്കച്ചവടത്തിന്‌ തുടക്കമിട്ടു. ആറ്‌ മന്ത്രിമാരും 19 എംഎൽഎമാരും കോൺഗ്രസിൽനിന്ന്‌ രാജിവച്ചു. തുടർന്ന്‌ ബിജെപിയുടെ ശിവരാജ്‌ സിങ്‌ ചൗഹാൻ മുഖ്യമന്ത്രിയായി. ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന 25ൽ 18പേരും വിജയിച്ചതോടെ സഭയിൽ ബിജെപിക്ക്‌ ഭൂരിപക്ഷവുമായി.

മണിപ്പുർ
2017 തെരഞ്ഞെടുപ്പിൽ 60 അംഗ സഭയിൽ 27 സീറ്റുമായി കോൺഗ്രസാണ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്‌. എന്നാൽ, 21 സീറ്റുള്ള ബിജെപിയെയാണ്‌ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്‌. ഒമ്പത്‌ കോൺഗ്രസ്‌ എംഎൽഎമാരെക്കൂടി ഒപ്പംചേർത്ത്‌ ബിജെപി സർക്കാർ ഉണ്ടാക്കി. കോൺഗ്രസ്‌ വിട്ട എൻ ബിരെൻ സിങ്‌ മുഖ്യമന്ത്രിയായി.

ഗോവ
40 അംഗ സഭയിൽ 17 സീറ്റുമായി 2017ൽ കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 13 അംഗങ്ങൾ മാത്രമുണ്ടായിരുന്ന ബിജെപി ആദ്യം ഒരു കോൺഗ്രസ്‌ എംഎൽഎയെ ചാക്കിട്ടുപിടിച്ചു. തുടർന്ന്‌ മറ്റു പാർടികളിലെ 10 പേരുടെക്കൂടി പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. മനോഹർ പരീക്കർ മുഖ്യമന്ത്രിയായി.

പുതുച്ചേരി
കോൺഗ്രസ്‌–- ഡിഎംകെ സർക്കാരിന്റെ കാലാവധി തീരാൻ രണ്ടു മാസംമാത്രം ശേഷിക്കെയാണ്‌ ബിജെപി അട്ടിമറി നടത്തിയത്‌. 30 അംഗ സഭയിൽ കോൺഗ്രസിന്‌ 15ഉം ഡിഎംകെക്ക്‌ രണ്ട്‌ സീറ്റുമാണ്‌ ഉണ്ടായിരുന്നത്‌. ഇതിൽ അഞ്ച്‌ കോൺഗ്രസ്‌ അംഗങ്ങളും ഒരു ഡിഎംകെ അംഗവും രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായി. തുടർന്ന് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. 

സിക്കിം
2019ലെ തെരഞ്ഞെടുപ്പിൽ ഒരുസീറ്റ്‌ പോലും ജയിക്കാതിരുന്ന ബിജെപിക്ക്‌ നിലവിൽ 12 എംഎൽഎമാരുമായി മുഖ്യപ്രതിക്ഷമാണ്‌. സിക്കിം ഡെമോക്രാറ്റിക്‌ ഫ്രണ്ടിന്റെ 13ൽ 12 പേരെയും ബിജെപി പാളയത്തിൽ എത്തിച്ചു. മുൻ മുഖ്യമന്ത്രിയും പാർടി സ്ഥാപകനുമായ പവൻകുമാർ ചാംലിങ്‌ മാത്രമാണ്‌ അവശേഷിച്ചത്‌.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top