26 April Friday

അത്ര പന്തിയല്ല കാര്യങ്ങൾ ; മോദി നേരിട്ടിറങ്ങിയിട്ടും ഹിമാചൽപ്രദേശിലും ഡൽഹി കോർപറേഷനിലും ബിജെപിയെ ജനം കൈവിട്ടു

സാജൻ എവുജിൻUpdated: Thursday Dec 8, 2022


ന്യൂഡൽഹി  
ബിജെപിക്ക്‌ വിജയക്കുതിപ്പെന്ന പ്രചാരണങ്ങൾ കഴമ്പില്ലാത്തത്‌.  പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിറങ്ങിയിട്ടും ഹിമാചൽപ്രദേശിലും ഡൽഹി കോർപറേഷനിലും അധികാരം നിലനിർത്താനാകാത്ത ബിജെപിയെ ജനം കൈവിട്ടു. അഞ്ച്‌ സംസ്ഥാനത്ത്‌ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പ്രകടനം ദയനീയമായി.

ഉത്തർപ്രദേശിലെ മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ മൂന്ന്‌ ലക്ഷത്തോളം വോട്ടിന്റെ കനത്ത തോൽവിയും നേരിട്ടു. 2019ൽ സമാജ്‌വാദി പാർടിയിലെ മുലായംസിങ്ങിന്‌ 90,000 വോട്ട്‌ മാത്രമായിരുന്നു ഭൂരിപക്ഷമെങ്കിൽ നിലവിൽ അഖിലേഷിന്റെ ഭാര്യ ഡിമ്പിൾ യാദവ്‌ ഇവിടെ ഭൂരിപക്ഷം മൂന്നിരട്ടിയാക്കി.

ബിജെപി 50 ശതമാനത്തിൽ കൂടുതൽ വോട്ട്‌ നേടിയെന്ന്‌ അവകാശപ്പെടുന്ന ഗുജറാത്തിൽ പോളിങ്‌ 2017നെ അപേക്ഷിച്ച്‌ ഏഴ്‌ ശതമാനത്തോളം കുറഞ്ഞു. 30 ലക്ഷത്തോളം വോട്ടിന്റെ കുറവ്‌. 2017നെ അപേക്ഷിച്ച്‌ 60 ലക്ഷം വോട്ടർമാർ വർധിച്ചിട്ടും ബിജെപിക്ക്‌ 20 ലക്ഷം വോട്ടാണ്‌ അധികം കിട്ടിയത്‌. ഫലപ്രദമായ പ്രചാരണം വഴി പോളിങ്‌ ഉയർത്താൻ പ്രതിപക്ഷത്തിന്‌ കഴിഞ്ഞിരുന്നെങ്കിൽ ചിത്രം മാറിയേനെ. ബിജെപിയിതര കക്ഷികൾ ജയിക്കുന്ന സംസ്ഥാനങ്ങളിൽ 75  ശതമാനമാണ്‌ ശരാശരി പോളിങ്‌.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ്‌ എണ്ണത്തിൽ 300 കടന്നുവെങ്കിലും ബിജെപിക്ക്‌ ലഭിച്ചത്‌ 37.4 ശതമാനം വോട്ട്‌ മാത്രമാണ്‌. എൻഡിഎയ്‌ക്ക്‌ മൊത്തത്തിൽ 45 ശതമാനത്തോളം വോട്ട്‌ കിട്ടി. ഭിന്നിച്ചുനിന്ന പ്രതിപക്ഷ പാർടികൾക്ക്‌ 50 ശതമാനത്തിൽ കൂടുതൽ വോട്ട്‌ ലഭിച്ചെങ്കിലും സീറ്റിന്റെ കാര്യത്തിൽ പ്രകടനം ദയനീയമായിരുന്നു.

എന്നാൽ ജെഡിയു, ശിരോമണി അകാലിദൾ, ശിവസേന തുടങ്ങിയ പ്രധാന പ്രാദേശികപാർടികൾ പിന്നീട്‌ എൻഡിഎ വിട്ടു. പിളർന്നെങ്കിലും ശിവസേനയിലെ ഒരു വിഭാഗം ബിജെപിയോട്‌ സഹകരിക്കുന്നുമുണ്ട്‌. സംസ്ഥാനതലങ്ങളിൽ പ്രതിപക്ഷഐക്യം രൂപംകൊണ്ടാൽ ബിജെപിക്കു മുന്നിൽ കാര്യങ്ങൾ പന്തിയല്ലെന്നും തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ തെളിയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top