26 April Friday

ജനരോഷം കെടുത്താന്‍ ബിജെപിയുടെ ‘തലമാറ്റൽ’

സ്വന്തം ലേഖകൻUpdated: Sunday Sep 12, 2021

വിജയ്‌ രൂപാണി ഗവർണർ ആചാര്യ ദേവവ്രതിന്‌ രാജിക്കത്ത് നൽകുന്നു

ന്യൂഡൽഹി
അസം, ഉത്തരാഖണ്ഡ്‌, കർണാടക; ഇപ്പോൾ ഗുജറാത്തിലും. ആറു മാസത്തില്‍ ബിജെപി മുഖ്യമന്ത്രിമാരെ മാറ്റിയത്  നാലു സംസ്ഥാനത്ത്.   ഉത്തരാഖണ്ഡിൽ അഞ്ചുമാസത്തിനിടെ  മൂന്നു മുഖ്യമന്ത്രിമാർ വന്നു.  ഭരണപരാജയം മൂലമുള്ള ജനരോഷം തണുപ്പിക്കാനാണ് തലമാറ്റല്‍.

അസമിൽ മാർച്ച്‌–- ഏപ്രിലിൽ ബിജെപി തെരഞ്ഞെടുപ്പ് നേരിട്ടത്‌ മുഖ്യമന്ത്രി സർബാനന്ദ സൊനോവാളിനെ മുൻനിർത്തി.  ജയിച്ചപ്പോള്‍ ഹിമന്ത ബിസ്വ ശർമയെ പ്രതിഷ്‌ഠിച്ചു. കലാപക്കൊടി ഉയർത്തുമെന്ന ശർമയുടെ ഭീഷണിക്ക് വഴിപ്പെട്ടു. ഉത്തരാഖണ്ഡിൽ മാർച്ചില്‍ തൃവേന്ദ്ര സിങ്‌ റാവത്തിനെ മാറ്റി തിരാഥ്‌ സിങ്‌ റാവത്തിനെ മുഖ്യമന്ത്രിയാക്കി. 116 ദിവസം തികച്ചപ്പോള്‍ തിരാഥ്‌ സിങ്‌ തെറിച്ചു. പുതിയ മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമി ഇപ്പോൾ രണ്ടുമാസം പൂർത്തിയാക്കി.
കർണാടകയിൽ ലിംഗായത്ത്‌ വിഭാഗക്കാരനായ കരുത്തൻ ബി എസ്‌ യെദ്യൂരപ്പയെ പാടുപെട്ടാണെങ്കിലും പുറത്താക്കി.
മുൻമുഖ്യമന്ത്രി എസ്‌ ആർ ബൊമ്മെയുടെ മകൻ ബസവരാജ്‌ ബൊമ്മെയെ  മുഖ്യമന്ത്രിയാക്കി. ലിംഗായത്തുകാരനാണ്‌ ബൊമ്മെയും.
യുപിയിലും നേതൃമാറ്റത്തിന്‌ ശ്രമം നടത്തിയെങ്കിലും യോഗി ആദിത്യനാഥ്‌ ഭീഷണി ഉയർത്തിയതോടെ ചില്ലറമാറ്റം വരുത്തി കേന്ദ്രനേതൃത്വം തൃപ്‌തിപ്പെട്ടു. രുപാണിയെ മാധ്യമങ്ങള്‍ തുറന്നുകാട്ടി

ഗുജറാത്തിൽ രണ്ടാം കോവിഡ്‌ തരം​ഗത്തില്‍ കാര്യങ്ങള്‍ കൈവിട്ടതോടെ മരണക്കണക്ക് മൂടിവച്ച് വിജയ് രൂപാണി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. മാധ്യമങ്ങൾ തെളിവുസഹിതം കള്ളക്കളി പൊളിച്ചു. ഇതോടൊപ്പം അഴിമതി ആരോപണങ്ങളും ഉയർന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലുമായുള്ള പോരും രൂക്ഷമായി. മുനിസിപ്പൽ–- കോർപറേഷൻ തെരഞ്ഞെടുപ്പിലും ജില്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചത് മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യംകൊണ്ടു മാത്രം. സൂറത്തിലും മറ്റും എഎപിയുടെ മുന്നേറ്റം ഭീഷണിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top