29 March Friday

ജനന, മരണ രജിസ്റ്റർ ; കേന്ദ്ര നീക്കം ഉയർത്തുന്നത്‌ നിരവധി ചോദ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023


ന്യൂഡൽഹി
ജനന, മരണ രജിസ്റ്റർ വോട്ടർപ്പട്ടികയുമായി ബന്ധിപ്പിക്കാൻ പുതിയ നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉയർത്തുന്നത്‌ നിരവധി ചോദ്യങ്ങൾ. പത്ത്‌ വർഷം കൂടുമ്പോൾ പൂർത്തിയാക്കേണ്ട സെൻസസ്‌ നടപടിക്രമങ്ങൾ അനന്തമായി നീണ്ടുപോകുന്ന അവസരത്തിലാണ്‌ പുതിയ പ്രഖ്യാപനം.  

2021ൽ 16–-ാം സെൻസസ്‌ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതായിരുന്നു. സെൻസസ്‌ വൈകുന്നത്‌ ക്ഷേമപദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അടിയന്തരമായി അത്‌ പൂർത്തിയാക്കണമെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം ഉദാസീനത തുടരുകയാണ്‌. ജനന, മരണ സ്ഥിതിവിവര കണക്കുകളുടെ ഡാറ്റാബേസ്‌ ഉപയോഗിച്ച്‌ ജനസംഖ്യാ രജിസ്റ്റർ, വോട്ടർപ്പട്ടിക, ആധാർ, റേഷൻകാർഡ്‌, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്‌ ഡാറ്റാബേസുകൾ പുതുക്കുമെന്ന്‌ സർക്കാർ അറിയിച്ചിട്ടുണ്ട്‌. ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കിയാൽ ആ കണക്കുകൾ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ഉപയോഗിക്കുമോയെന്ന ആശങ്കയുമുണ്ട്‌.

പൗരത്വ നിയമഭേദഗതിക്കും (സിഎഎ) പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരെ രാജ്യവ്യാപക പ്രക്ഷാേഭം ഉയർന്നതോടെ അവ നടപ്പാക്കുന്നതിൽനിന്ന്‌ മോദിസർക്കാർ താൽക്കാലികമായി പിന്മാറി. എന്നാൽ ജനന, മരണ ഡാറ്റാബേസ്‌ ഉപയോഗിച്ച്‌ സിഎഎക്കും എൻആർസിക്കും വഴിവെട്ടാനാണോ നീക്കമെന്ന ചോദ്യവും ഉയരുന്നുണ്ട്‌. ജനസംഖ്യയിൽ ഏറ്റവും മുന്നിലുള്ള രാജ്യത്ത്‌ ജനനം രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നവരുടെ കാര്യത്തിൽ എന്ത്‌ സംഭവിക്കുമെന്ന ചോദ്യം പ്രസക്തമാണ്. അസമിലും മറ്റും  ജനനസർട്ടിഫിക്കറ്റ്‌ ഇല്ലാത്ത നിരവധി കുട്ടികൾ എൻആർസിയിൽനിന്ന്‌ പുറത്തായി. പല സംസ്ഥാനങ്ങളിലും ജനന, മരണ രജിസ്‌ട്രേഷൻ കൃത്യമായി നടക്കുന്നില്ലെന്നത്‌ യാഥാർഥ്യമാണ്‌. കൃത്യമായ സംവിധാനത്തിന്റെ അഭാവത്തിൽ ജനസംഖ്യയുടെ വലിയൊരുവിഭാഗം ഔദ്യോഗികരേഖകളിൽ ഇല്ലാതാകുമോയെന്ന ചോദ്യത്തിനും മറുപടി ആവശ്യമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top