18 December Thursday
കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന്‌ പ്രതിപക്ഷം

മണിപ്പുരിൽ ബിരേൻ സിങ്ങിന്റെ വസതിക്കുനേരെ
 ആക്രമണം

സ്വന്തം ലേഖകൻUpdated: Saturday Sep 30, 2023


ന്യൂഡൽഹി
കലാപസ്ഥിതിയും അക്രമവും രൂക്ഷമായി തുടരുന്ന മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ കുടുംബവീടിനുനേരെ ആക്രമണം. വ്യാഴം രാത്രി അഞ്ഞൂറോളം വരുന്ന സംഘമാണ്‌ ഇംഫാലിലെ ഹീൻഗാങ്‌ മേഖലയിൽ സ്ഥിതിചെയ്യുന്ന വീട്‌ ലക്ഷ്യമാക്കി നീങ്ങിയത്‌. 200 മീറ്റർ അകലെ പൊലീസ്‌ തടഞ്ഞു. പൊലീസിനെ തള്ളിമാറ്റി പ്രക്ഷോഭകർ നീങ്ങാൻ ശ്രമിച്ചപ്പോൾ കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ പ്രക്ഷോഭകർ ചിതറിയോടി. വീണ്ടും സംഘടിച്ചെത്തിയ അക്രമിക്കൂട്ടത്തെ നേരിടാൻ പൊലീസ്‌ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ചിലരെ കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രിയുടെ വീട്‌ ആക്രമിക്കപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ പൊലീസ്‌ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വീടിനുനേരെയും ആക്രമണമുണ്ടായി. ഇരുപതും പതിനേഴും വയസ്സ്‌ മാത്രമുള്ള രണ്ട്‌ മെയ്‌ത്തീ വിദ്യാർഥികൾ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതോടെ താഴ്‌വര വീണ്ടും സംഘർഷഭരിതമാണ്‌.

കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന്‌ പ്രതിപക്ഷം
സംഘർഷം വീണ്ടും രൂക്ഷമായ മണിപ്പുരിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്‌ പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു. സംഘർഷം നിയന്ത്രണവിധേയമാക്കുന്നതിൽ കേന്ദ്ര, സംസ്ഥാന ബിജെപി സർക്കാരുകൾ പൂർണ പരാജയമായെന്നും പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. മണിപ്പുരിൽ സമാധാനവും ശാന്തിയും ഉറപ്പുവരുത്തണമെന്ന്‌ സിപിഐ എം സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ബിരേൻ സിങ്‌ രാജിവയ്‌ക്കണം. അക്രമങ്ങൾ തടഞ്ഞേ മതിയാകൂ–- സിപിഐ എം നിലപാട്‌ വ്യക്തമാക്കി. എല്ലാം നിയന്ത്രിക്കുന്നയാളെന്ന്‌ അവകാശപ്പെടുന്ന സ്വയംപ്രഖ്യാപിത വിശ്വഗുരു മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പൂർണപരാജയമായെന്ന്‌ തമിഴ്‌നാട്‌ മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു. വിഷയത്തിൽ വ്യക്തിപരമായി ഇടപെടാൻ പ്രധാനമന്ത്രി മോദി തയ്യാറാകണമെന്ന്‌- എൻസിപി വക്താവ്‌ ക്ലൈഡ്‌ ക്രാസ്‌റ്റോ പ്രതികരിച്ചു. കേന്ദ്ര സർക്കാരും ആഭ്യന്തര–- പ്രതിരോധ മന്ത്രാലയങ്ങളും മണിപ്പുരിൽ പൂർണ്ണ പരാജയമാണെന്ന്‌ ശിവസേനാ (താക്കറെ) നേതാവ്‌ സഞ്‌ജയ്‌ റൗത്ത്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top