19 March Tuesday

ഹെലികോപ്‌റ്റർ അപകടം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്‌ അടക്കം 13 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

കുനൂർ > തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്‌റ്റർ അപകടത്തിൽ ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്‌ (63) അന്തരിച്ചു. വ്യോമസേനയാണ്‌ ഇക്കാര്യം സഥിരീകരിച്ചത്‌. സംയുക്ത സൈനിക മേധാവി ജനറൽ ബിപിന്‍ റാവത്ത്‌, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരുൾപ്പെടെ 13 പേർ അപകടത്തിൽ കൊല്ലപ്പെട്ടതായാണ്‌ വ്യോമസേന സ്‌ഥിരീകരിച്ചത്‌. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റൻ വരുൺ സിങ് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും സേന വ്യക്തമാക്കി.

 

വെല്ലിങ്ടണ്‍ ഡിഫൻസ്‌ കോളേജിൽ സൈനിക കേഡറ്റുകളോട്‌ സംവദിക്കുന്നതിനായാണ്‌ സുളൂർ വ്യോമ താവളത്തിൽ നിന്നും ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 11.45 ഓടെ ബിപിൻ റാവത്തും സംഘവും പുറപ്പെട്ടത്‌. 12.20 വെല്ലിങ്‌ടൺ ഹെലിപാഡിൽ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന്‌ ഇറങ്ങാതെ മടങ്ങുകയായിരുന്നു. എന്നാൽ 10 കിലോ മീറ്റർ മാത്രം പിന്നിട്ട്‌ കുനൂർ കട്ടേരിക്ക്‌ സമീപം ഒരു ഫാമിൽ ചോപ്പർ തകർന്നു വീഴുകയായിരുന്നു.

മോശം കാലാവസ്‌ഥയാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക വിവരം.  അപകടസമയത്ത്‌ കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. 2020 ജനുവരി ഒന്നിനാണ് ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത്‌ റാവത്ത് ചുമതലയേറ്റത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top