പട്‌ന> ബിഹാറിൽ സാനിറ്ററി പാഡുകൾ കുറഞ്ഞവിലയ്ക്ക് സർക്കാരിന് നൽകാൻ കഴിയുമോയെന്ന് ചോദിച്ച വിദ്യാർഥിനിയെ ആക്ഷേപിച്ച് വനിതാ ശിശുക്ഷേമ കോർപറേഷൻ സംസ്ഥാന മേധാവി. ഐഎഎസ് പദവിയിലുള്ള ഹർജ്യോത് കൗർ ബംമ്രയാണ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയത്. ഒമ്പത്, പത്ത് ക്ലാസിലെ കുട്ടികൾക്കായി യുനിസെഫിന്റെ സഹകരണത്തിൽ സംഘടിപ്പിച്ച മകളെ ശാക്തീകരിക്കൂ, ബിഹാറിനെ ഉന്നതിയിലെത്തിക്കുന്ന പരിപാടിയിലാണ് സംഭവം.
ഇരുപതോ മുപ്പതോ രൂപയ്ക്ക് സർക്കാരിന് പാഡ് നൽകാൻ കഴിയില്ലെയെന്നായിരുന്നു ചോദ്യം. "നാളെ നിങ്ങൾ സർക്കാരിനോട് ജീൻസ് ആവശ്യപ്പെടും. പിന്നീട് മനോഹരമായ ഷൂസാകും. ക്രമേണ സർക്കാർ കോണ്ടം ഉൾപ്പെടെയുള്ള കുടുംബാസൂത്രണ മാർഗങ്ങളും തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുമെന്നായിരുന്നു ബംമ്രയുടെ മറുപടി. ജനങ്ങളുടെ വോട്ടാണ് സർക്കാരിനെ അധികാരത്തിലെത്തിച്ചതെന്ന് വിദ്യാർഥിനിയുടെ പരാമർശം വിവരക്കേടാണെന്നും വോട്ട് ചെയ്യേണ്ട, ഇവിടെ പാകിസ്ഥാനാകട്ടെ എന്നുമായിരുന്നു പ്രതികരണം.
അതേപോലെ ടോയ്‌ലെറ്റിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും ആൺകുട്ടികൾ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വീടുകളിൽ വെവ്വേറെ ടോയ്‌ലെറ്റ് ഇല്ലല്ലോയെന്നും ബംമ്ര ചോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..