25 April Thursday

ആനന്ദ്‌ തെൽതുംബ്‌‌ഡെയുടെ ജാമ്യത്തിന്‌ എതിരെ എൻഐഎ സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻUpdated: Tuesday Nov 22, 2022


ന്യൂഡൽഹി
ഭീമാകൊറേഗാവ്‌ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രൊഫ. ആനന്ദ്‌ തെൽതുംബ്‌ഡെയ്‌ക്ക്‌ ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ എൻഐഎ സുപ്രീംകോടതിയിൽ. ഹർജി അടിയന്തരമായി ലിസ്‌റ്റ്‌ ചെയ്യണമെന്ന് സോളിസിറ്റർജനറൽ തുഷാർമെഹ്‌ത ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച്‌ മുമ്പാകെ ആവശ്യപ്പെട്ടു. വെള്ളിയാഴ്‌ച ഹർജി പരിഗണിക്കും. 18നാണ് തെൽതുംബ്‌ഡെയ്ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഉത്തരവ്‌ നടപ്പാക്കുന്നത്‌ ഒരാഴ്‌ചത്തേക്ക്‌ സ്‌റ്റേ ചെയ്‌തു. ഇതിനെതിരെ തെൽതുംബ്‌ഡെ തടസ്സഹർജി നല്‍കി.

മാവോയിസ്റ്റ്‌ പാർടിയെ സിപിഐ എമ്മാക്കി എൻഐഎ
പ്രൊഫ. ആനന്ദ്‌ തെൽതുംബ്‌ഡെയുടെ ജാമ്യ ഉത്തരവിനെതിരായ അപ്പീലിൽ സിപിഐ മാവോയിസ്‌റ്റ്‌ സംഘടനയെ ‘സിപിഐ എം’ എന്ന്‌  വിശേഷിപ്പിച്ച്‌ എൻഐഎ. അപ്പീലിൽ പല ഭാഗത്തും എൻഐഎ ‘സിപിഐ എം’ എന്നാണ്‌ പരാമർശിച്ചത്‌. നേരത്തേ, ഭീമാകൊറേഗാവ്‌ കേസിലെ മറ്റൊരുപ്രതി ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കൽ അപേക്ഷ എതിര്‍ത്ത  വാദത്തിനിടയില്‍ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത സിപിഐ എമ്മിന്‌ എതിരെ പരാമർശം നടത്തി. സിപിഐ എം നിയന്ത്രണത്തിലുള്ള ലൈബ്രറി കെട്ടിടത്തില്‍ താമസിക്കാനാണ്‌ നവ്‌ലാഖ ഉദ്ദേശിക്കുന്നതെന്നും അത്‌ അംഗീകരിക്കരുതെന്നും  വാദിച്ചു. കമ്യൂണിസ്‌റ്റ്‌പാർടി നിരോധിത സംഘടനയാണോയെന്ന്‌ ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു  പ്രതികരണം. നിരോധിത സംഘടനയല്ലെന്ന്‌ കോടതിക്ക്‌ അറിയാമെന്ന്‌ ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ പറഞ്ഞു. പാർടിയുടെ പേര്‌ പറഞ്ഞ്‌ കോടതിയെ ഞെട്ടിക്കാനാണ്‌ എൻഐഎ ഉദ്ദേശ്യമെങ്കിൽ വിലപ്പോകില്ലെന്നും ജഡ്‌ജി കൂട്ടിച്ചേർത്തു.

കമ്യൂണിസ്‌റ്റ്‌ പാർടിയും മാവോയിസ്‌റ്റുകളും തമ്മിലുള്ള വ്യത്യാസം സാമാന്യരാഷ്ട്രീയബോധമുള്ളവർക്ക്‌  അറിയാമെന്നായിരുന്നു ഗൗതംനവ്‌ലാഖയുടെ അഭിഭാഷക നിത്യാരാമകൃഷ്‌ണന്റെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top