26 April Friday
ബിജെപിയെ എതിർക്കുകയല്ല, രാഹുലിനെ കോൺഗ്രസിന്റെ തലപ്പത്ത് വീണ്ടുമെത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം

ശ്രീനഗറിലെത്തുമ്പോൾ എത്രപേർ ? ഒരാഴ്‌ച പിന്നിടുമ്പോൾ ഭാരത്‌ ജോഡോ’ യാത്ര ‘കോൺഗ്രസ്‌ ഛോഡോ’ യാത്ര

എം പ്രശാന്ത്‌Updated: Wednesday Sep 14, 2022

ന്യൂഡൽഹി
രാഹുൽ ഗാന്ധിയെ വീണ്ടും നേതൃത്വത്തിൽ അവരോധിക്കുന്നതിനായി കൊട്ടിഘോഷിച്ച്‌ ആരംഭിച്ച ‘ഭാരത്‌ ജോഡോ’ യാത്ര ഒരാഴ്‌ച പിന്നിടുമ്പോൾ ‘കോൺഗ്രസ്‌ ഛോഡോ’ യാത്രയായി.   ഗോവയിൽ കൂറുമാറില്ലെന്ന്‌ ദൈവങ്ങൾക്ക്‌ മുമ്പാകെ പ്രതിജ്‌ഞ ചെയ്‌ത എട്ട്‌ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്‌ ചേക്കേറി. 150 ദിവസം സഞ്ചരിച്ച്‌ യാത്ര ശ്രീനഗറിലെത്തുമ്പോൾ കോൺഗ്രസിൽ എത്രപേർ ശേഷിക്കുമെന്ന ചോദ്യമാണ്‌ ഇപ്പോൾ ഉയരുന്നത്‌.

ബിജെപിയുടെ വർഗീയതയ്ക്കെതിരെ എന്ന പേരിലാണ്‌ രാഹുലിന്റെ ജോഡോ യാത്ര. എന്നാൽ, ഇന്ത്യയിൽ ആർഎസ്‌എസിന്റെ പരീക്ഷണശാലയായി അറിയപ്പെടുന്ന ഗുജറാത്തിലേക്ക്‌ യാത്ര കടക്കുന്നേയില്ല. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന സംസ്ഥാനമാണ്‌ ഗുജറാത്ത്‌. വർഗീയതയുടെ മറ്റൊരു പരീക്ഷണശാലയാക്കി ബിജെപി മാറ്റുന്ന യോഗിയുടെ യുപിയിൽ രണ്ട്‌ ദിവസം മാത്രമാണ്‌ യാത്ര. 75 ജില്ലയുള്ള യുപിയിൽ ഒരു ജില്ലയിൽമാത്രമാണ്‌ യാത്രയെത്തുക. യഥാർഥത്തിൽ ബിജെപിയെ എതിർക്കുന്നതിനേക്കാൾ ഏതുവിധേനയും രാഹുലിനെ തലപ്പത്തേക്ക്‌ കെട്ടിവലിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സോണിയ കുടുംബഭക്ത നേതാക്കൾ യാത്ര ആസൂത്രണം ചെയ്‌തതുതന്നെ. കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പെന്ന നിർണായകമായ സംഘടനാപ്രക്രിയയുടെ സമയത്ത് യാത്ര തുടങ്ങിയതിന്‌ കാരണം മറ്റൊന്നല്ല. ഒക്‌ടോബർ 17നാണ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌.

പത്രികാസമർപ്പണ സമയം ഈ മാസം 24–-30 കാലയളവിലാണ്‌. ഈ ഘട്ടത്തിൽ കേരളത്തിലൂടെയും കർണാടകത്തിലൂടെയും കടന്നുപോകുന്ന യാത്ര വലിയ വിജയമാക്കി രാഹുലിനെ കോൺഗ്രസിന്റെ ഏകമുഖമാക്കുകയാണ്‌ സ്‌തുതിപാഠകരുടെ ലക്ഷ്യം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top