26 April Friday

തിരുത്തിക്കാൻ ജനമിറങ്ങി ; വൻനഗരങ്ങളിലെല്ലാം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021


ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ, തൊഴിലാളിവിരുദ്ധ നയം തിരുത്തിക്കാനുള്ള ശക്തമായ പോരാട്ടത്തിന്‌ രാജ്യം സജ്ജമായെന്ന സന്ദേശമാണ്‌ ഭാരത്‌ ബന്ദ്‌ നൽകിയതെന്ന്‌ കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ സംയുക്ത വേദി. ബന്ദ്‌ വൻ വിജയമാക്കിയ കർഷകരെയും തൊഴിലാളികളെയും  കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ, സ്വതന്ത്ര ഫെഡറേഷനുകൾ/അസോസിയേഷനുകൾ തുടങ്ങിയവയുടെ സംയുക്തവേദി അഭിനന്ദിച്ചു. 

കർഷകവിരുദ്ധ നിയമങ്ങളും വൈദ്യുതിഭേദഗതി ബില്ലും റദ്ദാക്കുക, മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപരമായ ഉറപ്പ്‌ നൽകുക, നാല്‌ ലേബർ കോഡും പിൻവലിക്കുക –- തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ബന്ദിന്‌ പൂർണ പിന്തുണ നൽകണമെന്ന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ആഹ്വാനം ചെയ്‌തിരുന്നു. ഇതിനോട്‌ സജീവമായി പ്രതികരിച്ച മുഴുവൻ തൊഴിലാളികളും ബന്ദിന്‌ പിന്തുണയുമായി രംഗത്തെത്തി. തൊഴിലാളികളും കർഷകരുമാണ്‌ സമൂഹത്തിന്റെ നട്ടെല്ലെന്നും അവരെ അവഗണിച്ച്‌ മുന്നോട്ടുപോകാൻ കഴിയില്ലെന്നുമുള്ള സന്ദേശമാണിത്‌. ഡൽഹി ജന്തർമന്ദറിൽ ട്രേഡ്‌യൂണിയൻ പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ നിരവധി നേതാക്കൾ പങ്കെടുത്തു. കിസാൻസഭാ നേതാക്കളായ ഹന്നൻ മൊള്ള, അശോക്‌ ധാവ്‌ളെ, പി കൃഷ്‌ണപ്രസാദ്‌, സിഐടിയു നേതാക്കളായ തപൻ സെൻ, എ ആർ സിന്ധു തുടങ്ങിയവർ മാർച്ചിന്‌ നേതൃത്വം നൽകി. അമർജീത്‌കൗർ(എഐടിയുസി), ഹർഭജൻസിങ് (എച്ച്‌എംഎസ്‌), അനുരാഗ്‌ സക്‌സേന (സിഐടിയു), അമർറാവത്ത്‌ (എഐയുടിയുസി), സുചേത (എഐസിസിടിയു), ഹന്നൻമൊള്ള (അഖിലേന്ത്യാ കിസാൻസഭ ജനറൽസെക്രട്ടറി), ആർ എസ്‌ ദാഗർ (യുടിയുസി), ശ്രീനാഥ്‌ (ഐസിടിയു), സന്തോഷ്‌ (എംഇസി), ലത (സേവാ) തുടങ്ങിയവർ സംസാരിച്ചു. സിഐടിയു ജനറൽസെക്രട്ടറി തപൻസെൻ ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നൽകി.ബംഗാളിലും ത്രിപുരയിലും ബന്ദ്‌ അനുകൂലികളും പൊലീസുമായി പലയിടത്തും സംഘർഷമുണ്ടായി.

വൻനഗരങ്ങളിലെല്ലാം പ്രതിഷേധം
സാധാരണ ബന്ദാഹ്വാനങ്ങളോട്‌ മുഖംതിരിഞ്ഞു നിൽക്കുന്ന വൻനഗരങ്ങളിൽപ്പോലും കർഷകസമരത്തിന്‌ പിന്തുണയുമായി ജനങ്ങൾ തെരുവിലിറങ്ങി. വാണിജ്യതലസ്ഥാനമായ മുംബൈയിൽ നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധയോഗവും പ്രകടനവും നടന്നു. മഹാരാഷ്‌ട്രയിൽ പുനെ, നാഗ്‌പുർ തുടങ്ങിയ നഗരങ്ങളിലും പ്രകടനം നടന്നു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്‌, വിശാഖപട്ടണം, കൊൽക്കത്ത, പട്‌ന, ജയ്‌പുർ, അഹമ്മദാബാദ്‌ തുടങ്ങിയ പ്രധാന നഗരങ്ങളിലും ജനം പ്രതിഷേധവുമായിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിൽ നൂറുകണക്കിനാളുകൾ ചെങ്കൊടിയുമേന്തി പ്രകടനം നടത്തി.

നാലാമത്തെ കർഷകബന്ദ്‌
കാർഷിക നിയമങ്ങൾക്കെതിരെ സമരമാരംഭിച്ചശേഷം നാലാംവട്ടമാണ്‌ കർഷകസംഘടനകൾ ഭാരത്‌ ബന്ദ്‌ സംഘടിപ്പിക്കുന്നത്‌. 2020 നവംബർ 26നാണ്‌ ഡൽഹി അതിർത്തി  സമരം ആരംഭിച്ചത്‌. പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും പാർലമെന്റിലേക്ക്‌ മാർച്ചുചെയ്‌തെത്തിയ കർഷകരെ സിൻഘു, ‌ടിക്രി അതിർത്തികളിൽ പൊലീസ്‌ തടഞ്ഞു. രാംലീല മൈതാനത്ത്‌ പ്രതിഷേധത്തിന്‌ അനുവദിച്ചില്ല. ഇതോടെയാണ്‌ ദേശീയപാത ഉപരോധിച്ചത്‌. വൈകാതെ ഷാജഹാൻപ്പുർ, ഗാസിപ്പുർ, പൽവൽ അതിർത്തികളിലും കർഷകർ ടെന്റു കെട്ടി. 

സർക്കാർ കർഷകരുമായി 11 വട്ടംചർച്ച നടത്തിയെങ്കിലും കർഷക നിയമങ്ങൾ പിൻവലിക്കാൻ കൂട്ടാക്കിയില്ല. ജനുവരി 22 നായിരുന്നു അവസാന ചർച്ച. ട്രാക്ടർ പരേഡിനിടെ സംഘപരിവാർ ആസൂത്രണം ചെയ്‌ത നാടകത്തിന്റെ പേരുപറഞ്ഞ്‌ ചർച്ചകളിൽനിന്ന്‌ സർക്കാർ പിൻവാങ്ങി.
2020 സെപ്‌തംബർ 25 നായിരുന്നു ആദ്യ ഭാരത്‌ ബന്ദ്‌.  2020 ഡിസംബർ എട്ടിനായിരുന്നു രണ്ടാമത്തെ ബന്ദാഹ്വാനം. മാർച്ച്‌ 26ന്‌ മൂന്നാമത്തെ ഭാരത്‌ ബന്ദ്‌. രണ്ടാം കോവിഡ്‌ വ്യാപനത്തിന്‌ തുടക്കമായതോടെ ഡൽഹി അതിർത്തിമാത്രം കേന്ദ്രീകരിച്ച്‌ കർഷകർ സമരം തുടർന്നു. ഇപ്പോൾ കോവിഡ്‌ സ്ഥിതിയിൽ മാറ്റം വന്നതോടെയാണ്‌ സമരം തീവ്രമാക്കിയത്‌.

എത്രകാലത്തേക്കും സമരം തുടരും
ഭാരത്‌ ബന്ദിന്‌ ലഭിച്ച രാജ്യവ്യാപകപിന്തുണ കർഷക സംഘടനകൾക്ക്‌ കൂടുതൽ ആത്‌മവിശ്വാസം പകരുന്നു. സമരം എത്ര നാൾ വേണമെങ്കിലും തുടരാൻ തയ്യാറാണെന്നും കർഷകദ്രോഹ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും ബികെയു നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌ പറഞ്ഞു. ഭാവി സമരപരിപാടികൾ വൈകാതെ തീരുമാനിക്കുമെന്ന്‌ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള പറഞ്ഞു. കർഷകസമരത്തിന്‌ പിന്തുണ വർധിക്കുകയാണ്‌. ഭാരത്‌ ബന്ദിന്റെ വിജയം ഇതിന്റെ തെളിവാണ്‌. നീണ്ടുപോകുന്നതോടെ സമരം ദുർബലപ്പെടുമെന്നാണ്‌ മോദി സർക്കാരും സംഘപരിവാറും പ്രതീക്ഷിച്ചത്‌. എന്നാൽ, സമരം കൂടുതൽ കരുത്താർജിക്കുകയാണ്‌–- ഹന്നൻ മൊള്ള പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top