25 April Thursday

ഫാസിസത്തിനെതിരായ നിലപാടിൽ ഇരട്ടത്താപ്പ‌്; ബംഗാളിൽ വെൽഫെയർ പാർടി കോൺഗ്രസിനെതിരെ

വെബ് ഡെസ്‌ക്‌Updated: Thursday May 9, 2019

ന്യൂഡൽഹി> ലോക‌്സഭാതെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുന്ന കാര്യത്തതിൽ കേരളത്തിലും ബംഗാളിലും വ്യത്യസ‌്ത നിലപാട‌് സ്വീകരിച്ചതിൽ ജമാഅത്തെ ഇസ‌്ലാമിയിൽ അതൃപ‌്തി. കേരളത്തിൽ യുഡിഎഫിനെ പിന്തുണച്ച ജമാഅത്തെ ഇസ‌്ലാമി ബംഗാളിൽ കോൺഗ്രസിനെതിരെ മൽസരിച്ചു. ഇത‌് പ്രത്യക്ഷത്തിൽ ബിജെപിക്ക‌് ഗുണം ചെയ്യുമെന്ന‌ അഭിപ്രായം സംഘടനയ‌്ക്കകത്ത‌് ശക്തമായി.

ദേശീയതലത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന‌് വാദിച്ച‌് കേരളത്തിൽ യുഡിഎഫിന‌് പിന്തുണ  പ്രഖ്യാപിച്ചതോടെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടി മൽസരരംഗത്ത‌ുനിന്ന‌് പിൻവാങ്ങി. എന്നാൽ, ബംഗാളിൽ  വെൽഫെയർ പാർടി സ്ഥാനാർഥികളെ രംഗത്തിറക്കി. ബംഗാളിലെ കോൺഗ്രസിന്റെ ചുരുക്കം സിറ്റിങ‌് സീറ്റുകളിലൊന്നായ ജംഗിപ്പുരിൽ വെൽഫെയർ പാർടിയുടെ ദേശീയ അധ്യക്ഷൻ ഡോ. എസ‌് ക്യു ആർ ഇല്യാസാണ്‌ സ്ഥാനാർഥി.

മുൻ രാഷ്ട്രപതി പ്രണബ‌് മുഖർജിയുടെ മകൻ അഭിജിത്ത‌് മുഖർജിയാണ‌് കോൺഗ്രസ‌് സ്ഥാനാർഥി. പ്രണബ‌് മുഖർജി രണ്ടുവട്ടം പ്രതിനിധീകരിച്ച മണ്ഡലത്തിൽ 2012 ൽ ഉപതെരഞ്ഞെടുപ്പിലാണ‌് അഭിജിത്ത‌് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത‌്.  കോൺഗ്രസ‌് ടിക്കറ്റിൽ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന അഭിജിത്ത‌് ഇക്കുറിയും വലിയ വെല്ലുവിളിയാണ‌് അഭിമുഖീകരിക്കുന്നത‌്. സുൾഫിക്കർ അലിയാണ‌് സിപിഐ എം സ്ഥാനാർഥി. തൃണമൂലിനായി ഖലീലുർ റഹ‌്മാനും ബിജെപിക്കായി മഫൂജ ഖാത്തൂണും രംഗത്തുണ്ട‌്. ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ഏക സ്ഥാനാർഥിയാണ‌് ഖാത്തൂൺ. എസ‌്ഡിപിഐക്കായി തഹിദുൽ ഇസ്ലാമും മൽസരിക്കുന്നുണ്ട‌്.

ജംഗിപ്പുരിലെ വോട്ടർമാരിൽ 70 ശതമാനം ന്യൂനപക്ഷങ്ങളാണ‌്. വെൽഫെയർ പാർടിയുടെയും എസ‌്ഡിപിഐയുടെയും സാന്നിധ്യം സഹായകമാകുമെന്ന പ്രതീക്ഷയിലാണ‌് ബിജെപി. വെൽഫെയർ പാർടിയുടെ സാന്നിധ്യം ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ വീഴ‌്ത്തില്ലേയെന്ന ചോദ്യത്തിന‌് എന്തായാലും ബിജെപി ഇവിടെ ജയിക്കില്ലെന്നാണ‌് ഇല്യാസിയുടെ മറുപടി.

2019 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏഴു സീറ്റിലും ബംഗാളിൽ ആറു സീറ്റിലും മൽസരിക്കാൻ വെൽഫെയർ പാർടി പാർലമെന്ററി ബോർഡ‌് തീരുമാനിച്ചിരുന്നു. ബംഗാളിൽ ദേശീയ അധ്യക്ഷനെതന്നെ രംഗത്തിറക്കിയപ്പോൾ കേരളത്തിൽ യുഡിഎഫിനെ പരസ്യമായി സഹായിക്കുകയെന്ന വിചിത്ര നിലപാടിലേക്ക‌് മാറി. പാർലമെന്റിൽ ഇടതുപക്ഷ എംപിമാരുടെ സാന്നിധ്യം പരമാവധി കുറയ‌്ക്കണമെന്ന കേരളത്തിലെ ജമാഅത്തെ ഘടകത്തിന്റെ താൽപ്പര്യമാണ‌് നടപ്പാക്കിയതെന്ന‌് വെൽഫെയർ പാർടിക്കുള്ളിൽ വിമർശനമുണ്ട‌്.

ഫാസിസ‌ത്തെ ഇന്ത്യയിൽ നിന്ന‌് തുരത്താൻ യുഡിഎഫിന‌് വോട്ട‌് ചെയ്യുക എന്നായിരുന്നു  വെൽഫയർ പാർടിയുടെ കേരളത്തിലെ നിലപാട‌്. ഇത‌് അനുയായികളോട‌് പറയാൻ 20 പാർലമെന്റ‌് മണ്ഡലങ്ങളിലും രാഷ‌്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചു. ഇതിലേക്ക‌് യുഡിഎഫിന്റെ 20 സ്ഥാനാർഥികളെയും ക്ഷണിച്ചു.

സംസ്ഥാന പ്രസിഡന്റ‌് ഹമീദ‌് വാണിയമ്പലം തിരുവനന്തപുരത്ത‌് വാർത്താസമ്മേളനം വിളിച്ച‌് സംഘടനയുടെ നിലപാട‌് വ്യക്തമാക്കി. കോഴിക്കോട‌് ഉൾപ്പെടെ ചില ജില്ലകളിൽ അതാത‌് കമ്മറ്റികൾ വേറെയും വാർത്താ സമ്മേളനങ്ങൾ നടത്തി യുഡിഎഫിന‌് പിന്തുണയുമായെത്തി. മുതലക്കുളത്ത‌് ചേർന്ന വിശദീകരണ യോഗത്തിൽ യുഡിഎഫ‌് സ്ഥാനാർഥി എംകെ രാഘവനും പങ്കെടുത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top