28 March Thursday
ബാങ്കിങ് ദേശസാൽക്കരണനിയമം ഭേദഗതി ചെയ്യും

എല്ലാ ബാങ്കും 
സ്വകാര്യവൽക്കരിക്കും ; നീക്കം വലിയ ബാങ്കുകളിൽ നോട്ടമിട്ട കോർപറേറ്റുകൾക്കുവേണ്ടി

സാജൻ എവുജിൻUpdated: Wednesday Jun 29, 2022


ന്യൂഡൽഹി
രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കും സ്വകാര്യവൽക്കരിക്കാൻ 1970ലെ ബാങ്കിങ് ദേശസാൽക്കരണനിയമം ഭേദഗതി ചെയ്യാന്‍ നീക്കം.  പൊതുമേഖലാ ബാങ്കുകളിൽ കേന്ദ്രം 51 ശതമാനം ഓഹരിയെങ്കിലും കൈയാളണമെന്ന നിയമമാണ് ഭേദഗതി ചെയ്യുന്നത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബില്‍ അവതരിപ്പിച്ചേക്കും.

കമ്പനി നിയമപ്രകാരം രൂപീകരിച്ച ഐഡിബിഐ ബാങ്കിന്റെ ഓഹരിവിൽപ്പന ജൂലൈയിൽ പൂർത്തിയാക്കാനാണ്‌ കേന്ദ്രം ഉദ്ദേശിക്കുന്നത്‌. ഇതിനിടെ പൊതുമേഖലാ ബാങ്ക് ഓഹരി വാങ്ങാൻ ഉദ്ദേശിക്കുന്ന സ്വകാര്യനിക്ഷേപകരുമായി ചർച്ച നടത്തുമെന്ന്‌ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട്‌ പൊതുമേഖലാ ബാങ്ക്‌ സ്വകാര്യവൽക്കരിക്കുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ബിൽ 2021ലെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവസാനം ഒഴിവാക്കി. സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യൻ ഓവർസീസ്‌ ബാങ്ക്‌ എന്നിവയുടെ ഓഹരി വിൽക്കാനാണ്‌ തീരുമാനിച്ചിരുന്നത്‌. എസ്‌ബിഐ അടക്കം വലിയ ബാങ്കുകളിൽ നോട്ടമിട്ട  കോർപറേറ്റുകൾക്ക്‌ ഇത് തൃപ്‌തികരമായില്ല. അവരുടെ സമ്മർദപ്രകാരമാണ്‌ പുതിയ നീക്കം.

ലയനങ്ങൾക്കുശേഷം രാജ്യത്തുള്ളത്‌ 12 പൊതുമേഖലാ ബാങ്കാണ്‌.  മത്സരശേഷി വര്‍ധിപ്പിക്കാനാണ്  ബാങ്ക് ലയനമെന്ന് അവകാശപ്പെട്ടെങ്കിലും സ്വകാര്യവൽക്കരണമാണ് യഥാര്‍ഥ ലക്ഷ്യമെന്ന് തൊഴിലാളി സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.124 ലക്ഷം കോടി രൂപയാണ്‌ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ആസ്‌തി. 100 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. ഇതെല്ലാം കോർപറേറ്റുകൾക്ക്‌ ചുളുവിൽ കൈമാറാനാണ്‌ നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top