ന്യൂഡൽഹി
ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പ് ഞായറാഴ്‌ച നടക്കും. രാവിലെ എട്ടുമുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ്.1.43 കോടി വോട്ടർമാരുണ്ട്. 250 വാർഡിലായി 1349 സ്ഥാനാർഥികളും 13,638 പോളിങ് സ്‌റ്റേഷനുകളുമാണ് ഉള്ളത്. ഫലം ഏഴിനറിയാം. 15 വർഷത്തെ ഭരണത്തിനെതിരെ കടുത്ത ജനവികാരം നേരിടുന്ന ബിജെപി വൻ പരാജയഭീതിയിലാണ്. എഎപി ബിജെപിയേക്കാൾ ആറു ശതമാനം വോട്ട് നേടുമെന്നതിനു പുറമെ സവർണ ഹിന്ദു വോട്ടിൽ വൻ കടന്നുകയറ്റം നടത്തുമെന്ന് എസ്‌ഡിഎസ്–- -ലോക് നീതി സർവേ പ്രവചനമുണ്ട്.
കെജ്‌രിവാളടക്കമുള്ള എഎപി നേതാക്കൾ തുടർച്ചയായി സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാട് ഫലം ചെയ്യുന്നുവെന്നാണ് വിലയിരുത്തൽ. വീടു കയറിയുള്ള പ്രചാരണത്തിലേക്ക് കേന്ദ്രീകരിച്ച കോൺഗ്രസിന് നിലമെച്ചപ്പെടുത്താൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. ദേശീയ നേതാക്കളിൽ പ്രമുഖരാരും കോൺഗ്രസ് പ്രചാരണത്തിന് എത്താത്തത് പരാജയം മുന്നിൽക്കണ്ടാണ്. 17 സീറ്റിൽ സിപിഐ എം അടക്കമുള്ള ഇടതു പാർടികൾ മത്സരിക്കുന്നുണ്ട്. സിപിഐ എം ആറ്, സിപിഐ മൂന്ന്, സിപിഐ എംഎൽ അഞ്ച്, ഫോർവേഡ് ബ്ലോക്ക് മൂന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..