28 March Thursday
ദിവസവും ആറുസ്‌ത്രീകൾ ലൈംഗീക പീഢനത്തിന്‌ ഇരയാകുന്നു

ഡൽഹിയിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമം 16.9 ശതമാനം കൂടി

സ്വന്തം ലേഖകൻUpdated: Thursday Aug 11, 2022

ന്യൂഡൽഹി> സ്‌ത്രീ സുരക്ഷയിൽ പരിതാപകരമായ അവസ്ഥയുള്ള ഡൽഹിയിൽ ഒറ്റ വർഷം കൊണ്ട്‌ അതിക്രമങ്ങളിലുണ്ടായ വർധന 16.9 ശതമാനം. ഡൽഹി പൊലീസ്‌ പുറത്തുവിട്ട കണക്കിലാണ്‌ രാജ്യതലസ്ഥാനം സ്‌ത്രീകൾക്ക്‌ സുരക്ഷിതമല്ലനന്‌ വ്യക്തമാകുന്നത്‌. 2021 ജനുവരി 1 മുതൽ  ജൂലൈ 15 വരെയുള്ള ആദ്യ പാദത്തിൽ 6,747 കേസുകൾ രേഖപ്പെടുത്തിയപ്പോൾ 2022ലെ സമാന കാലയളവിലെ കുറ്റകൃത്യങ്ങളുടെ എണ്ണം  7,887 ആയി കുതിച്ചു.

ദിവസവും ആറുസ്‌ത്രീകൾ ലൈംഗീക പീഢനത്തിന്‌ ഇരയാകുന്നുവെന്നാണ്‌ ഞെട്ടിപ്പിക്കുന്ന കാര്യം .ഈ വർഷം ജൂലൈവരെ  1,100 പീഢനകേസുകൾ രജിസ്‌റ്റർ ചെയ്‌തെങ്കിൽ കഴിഞ്ഞ വർഷം ഇത്‌  1,033 ആയിരുന്നു. സ്‌ത്രീത്വത്തെ അപമാനിച്ച സംഭവങ്ങൾ  കഴിഞ്ഞ വർഷത്തെ 1,244 ൽ നിന്ന്‌ 1,480 ആയി ഉയർന്നു. സ്‌ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ 17 ശതമാനം വർധനവാണുള്ളത്‌. കഴിഞ്ഞ വർഷത്തെക്കാൾ 317 കേസുകൾ കൂടി ഈ വർഷം ഇതുവരെ 2,197 ആയി. മോചനദ്രവ്യമാവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകൽ മാത്രമാണ്‌ 184 ൽ നിന്ന്‌ ഈ വർഷം 105 ആയി കുറഞ്ഞത്‌.

ഭർത്താവിന്റെയും വീട്ടുകാരുടെയും അതിക്രമങ്ങൾ കഴിഞ്ഞ വർഷം  2,096 ആയിരുന്നുവെങ്കിൽ ഈ വർഷം  2,704 കേസുകളായി ഉയർന്നു. സ്‌ത്രീധന മരണങ്ങൾ 69 ൽനിന്ന്‌ 72 ആയി . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള ഡൽഹി പൊലീസ്‌ സ്‌ത്രീ സുരക്ഷയുടെ കാര്യത്തിൽ പരാജയമാണെന്ന്‌ തെളിയിക്കുന്നതാണ്‌ പൊലീസ്‌ തന്നെ പുറത്തുവിട്ട കണക്കുകൾ എന്ന്‌ വ്യക്തം. പൊതുപ്രവർത്തകരടക്കം സ്‌ത്രീസുരക്ഷയിൽ ആശങ്കയറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌. അതേസമയം ആകെ കുറ്റകൃത്യങ്ങളും വൻ തോതിൽ വർധിച്ചിട്ടുണ്ട്‌. കഴിഞ്ഞ വർഷം 147,122 കേസുകൾ ഉളളിടത്ത്‌ ഈ വർഷം 159,048 ആയാണ്‌ ഉയർന്നത്‌. കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളും വൻ തോതിൽ ഡൽഹിയിൽ വർധിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top