16 July Wednesday

അസമില്‍ ‍പൊലീസ് നരനായാട്ട് ; 2000 പേരെ കുടിയിറക്കി , വെടിവയ്പില്‍ 2 മരണം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

videograbbed image


ന്യൂഡൽഹി
അസമില്‍ ഭൂമികൈയ്യേറ്റം ആരോപിച്ച് പൊലീസ് നടത്തിയ നരനായാട്ടില്‍  രണ്ട് ​മരണം. നിരവധി ​പേര്‍ക്ക് പരിക്ക്. ബലംപ്രയോ​ഗിച്ചുള്ള കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ​ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തു.  കിട്ടിയവരെയെല്ലാം തല്ലിച്ചതച്ചു.  ദരങ് ജില്ലയിലെ ധോൽപുരിലെ ​ഗ്രാമീണ മേഖലയിലാണ് സംഭവം. 

ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളാണ് ഇവിടത്തെ താമസക്കാരിൽ അധികവും. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ മഴയിൽനിന്ന് രക്ഷനേടാൻ  താൽക്കാലിക കൂരകളിൽ അഭയംതേടിയ വീഡിയോ പുറത്തുവന്നു. എണ്ണൂറോളം കുടുംബത്തിലായി രണ്ടായിരത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ധോൽപുരില്‍ വര്‍ഷങ്ങളായി താമസിച്ചിരുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാൻ വ്യാഴാഴ്ച പൊലീസ് എത്തിയപ്പോൾ  ​ഗ്രാമവാസികൾ പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ച ​പ്രതിഷേധക്കാരെ പൊലീസ്  തല്ലിച്ചതച്ചു. കല്ലേറിൽ ഒമ്പത് പൊലീസുകാർക്കും പരിക്കേറ്റു. കോവിഡ്കാലത്ത് നടക്കുന്ന ഒഴിപ്പിക്കലിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

മൂന്നു മാസത്തിനിടെ  ബിജെപി സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ഒഴിപ്പിക്കലാണിത്. തിങ്കളാഴ്ച ധോൽപുർ ബസാർ, വെസ്റ്റ് ചുബ എന്നിവിടങ്ങളിലെ എണ്ണൂറോളം കുടുംബത്തെ പൊലീസ് ഒഴിപ്പിച്ചു. ജൂണിൽ 49 മുസ്ലിം കുടുംബത്തെയും ഒരു ഹിന്ദു കുടുംബത്തെയും ഒഴിപ്പിച്ചു. ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ ഉദ്യോ​ഗസ്ഥരെ അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സര്‍മ അഭിനന്ദിച്ചു.

മൃതദേഹത്തില്‍ ചവിട്ടുന്നവീഡിയോ പുറത്ത്
കുടിയേറ്റക്കാരെ പൊലീസ് തല്ലിച്ചതയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അടികൊണ്ട് നിലത്തുവീണവരെയും പൊലീസ് തോക്കും ലാത്തിയുംകൊണ്ട് മർദിക്കുന്നുണ്ട്.  വെടിയേറ്റുവീണ ​ഗ്രാമവാസിയെ പൊലീസ് സംഘത്തിനൊപ്പമുള്ള ഫോട്ടോ​ഗ്രാഫര്‍ ചവിട്ടുന്ന ദൃശ്യവും പുറത്തുവന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top