05 July Saturday

സ്റ്റേഷന്‍ കത്തിച്ചു; പ്രതികളുടെ വീട് 
ഇടിച്ചുനിരത്തി അസം പൊലീസ്

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

videograbbed image


ഗുവാഹത്തി
അസമില്‍ കസ്റ്റഡിമരണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷന്‍ കത്തിച്ചു; പിന്നാലെ പ്രതികളുടെ  വീടുകള്‍ ബുള്‍ഡോസര്‍ ഉപയോ​ഗിച്ച് ഇടിച്ചുനിരത്തി പൊലീസും ജില്ലാ ഭരണകൂടവും. അസമിലെ നഗോണിലെ ഭടധ്രവ പൊലീസ് സ്റ്റേഷന്‍ ശനിയാഴ്ചയാണ് നാട്ടുകാര്‍ കത്തിച്ച് നശിപ്പിച്ചത്. ഈ കേസിൽ അറസ്റ്റിലായ 21 പേരിൽ അഞ്ചുപേരുടെ വീടുകൾ ഉൾപ്പെടെയാണ് ഞായറാഴ്ച ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. 15 സ്ത്രീകള്‍ ഉള്‍പ്പെടെ 21 പേരെയാണ് സ്റ്റേഷന്‍ കത്തിക്കല്‍ കേസില്‍ അറസ്റ്റുചെയ്തത്. പൊളിച്ചുനീക്കിയത് അനധികൃത നിര്‍മാണങ്ങളാണെന്നും തുടര്‍നടപടികളുണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാൽ, ഇത് പൊലീസിന്റെ പകവീട്ടലാണെന്നാണ് പ്രദേശവാസികള്‍ പറഞ്ഞു.

സലോണിബാരി സ്വദേശിയായ മത്സ്യവ്യാപാരി സഫിഖുല്‍ ഇസ്ലാമി (39)നെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ വിട്ടുകിട്ടണമെങ്കില്‍ 10,000 രൂപയും താറാവിനെയും വേണമെന്ന് വീട്ടുകാരോട് പൊലീസ് ആവശ്യപ്പെട്ടതായും പണം നൽകാത്തതോടെ സഫിഖുലിനെ മര്‍ദിച്ചെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

എന്നാല്‍, ആരോപണങ്ങള്‍  അസം ഡിജിപി ഭാസ്കര്‍ ജ്യോതി മഹന്ത നിഷേധിച്ചു. ഭടധ്രവ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജായിരുന്ന കുമുദ് ​ഗോ​ഗോയെ സസ്പെന്‍ഡ് ചെയ്തെന്നും മറ്റ് ഉദ്യോ​ഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top