25 April Thursday

ഗെലോട്ടിനെ നീക്കാൻ ഹൈക്കമാൻഡിന്‌ പരാതി

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022

Image credit Ashok Gehlot twitter

ന്യൂഡൽഹി > മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ "വഞ്ചകൻ' വിളിക്കെതിരെ  സച്ചിൻ പൈലറ്റ്‌ വിഭാഗം ആഞ്ഞടിച്ചതോടെ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി മൂർച്ഛിച്ചു. ഗെലോട്ടിനെതിരായി  നടപടി വേണമെന്ന്‌ പൈലറ്റ്‌ വിഭാഗം നേതാക്കൾ ഹൈക്കമാൻഡിനോട്‌ ആവശ്യപ്പെട്ടു. കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ വിഷയത്തിൽ മൗനം തുടരുന്നു.

ജോഡോ യാത്രയുടെ ഒരുക്കത്തിനായി രാഹുൽ  വിളിച്ച യോഗത്തിൽ ഗെലോട്ടും പൈലറ്റും പങ്കെടുത്തെങ്കിലും മുഖാമുഖം വരികയോ സംസാരിക്കുകയോ ചെയ്‌തില്ല.  വ്യാഴാഴ്‌ച ചാനല്‍ അഭിമുഖത്തിലാണ്‌ ബിജെപിക്കൊപ്പം  ചേർന്ന്‌ സ്വന്തം സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച വഞ്ചകനാണ്‌ പൈലറ്റെന്ന്‌ ഗെലോട്ട്‌ തുറന്നടിച്ചത്‌. ഗെലോട്ടിനെ നീക്കാൻ പൈലറ്റ്‌ വിഭാഗം കരുനീക്കം ശക്തമാക്കിയതോടെയാണ് കടുത്ത വിമർശം.

രാജസ്ഥാനിലെ 80 ശതമാനം കോൺഗ്രസ്‌ എംഎൽഎമാരും പൈലറ്റിനൊപ്പമാണെന്ന്‌ സൈനിക ക്ഷേമ സഹമന്ത്രി രാജേന്ദ്ര ഗുദ്ദ അവകാശപ്പെട്ടു. വഞ്ചകനെന്നോ ചതിയൻ എന്നോ വിശേഷിപ്പിച്ചോട്ടെ. പക്ഷേ, രാജസ്ഥാൻ കോൺഗ്രസിൽ പൈലറ്റിനേക്കാൾ മിടുക്കനായ നേതാവില്ല–- ഗുദ്ദ പറഞ്ഞു.

എത്ര വലിയ നേതാവായാലും എത്ര വലിയ പദവിയിലാണെങ്കിലും ഇത്തരം ഭാഷ പ്രയോഗിക്കരുതെന്ന് പൈലറ്റ്‌ പക്ഷക്കാരനായ സ്റ്റിയറിങ്‌ കമ്മിറ്റി അംഗം ഹരീഷ്‌ ചൗധുരി വിമര്‍ശിച്ചു.  ഗെലോട്ടിനെ മാറ്റി പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നും അതല്ലെങ്കിൽ രാഹുലിന്റെ ഭാരത്‌ ജോഡോ യാത്ര തടയുമെന്നും ഗുജ്ജർ വിഭാഗം നേതാവായ വിജയ്‌ സിങ്‌ ബെയിൻസ്‌ല കഴിഞ്ഞദിവസം പ്രസ്‌താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ ഗെലോട്ടിന്റെ "വഞ്ചകൻ'  പ്രയോഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top