27 April Saturday

ചർച്ച വഴിമാറി ; 
അധ്യക്ഷതെരഞ്ഞെടുപ്പ്‌ മുഖ്യം ; ഗെലോട്ടും പൈലറ്റും കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അങ്കമാലി അഡ്‌ലെസ് കൺവെൻഷൻ സെന്ററിൽ. രാജസ്ഥാൻ പിസിസി പ്രസിഡന്റ്‌ ഗോവിന്ദ്‌ സിങ്‌ ഡോട്ടാസര സമീപം


കൊച്ചി
ഭാരത്‌ ജോഡോ യാത്ര എറണാകുളത്ത്‌ എത്തിയപ്പോൾ ചർച്ച മുഴുവൻ കോൺഗ്രസ്‌ അധ്യക്ഷതെരഞ്ഞെടുപ്പിനെപ്പറ്റി. അധ്യക്ഷതെരഞ്ഞെടുപ്പിന്‌ ന്യൂഡൽഹിയിൽ വിജ്ഞാപനമായതോടെ രാഹുൽ ഗാന്ധിയുടെയും ഒപ്പമുള്ള നേതാക്കളുടെയും ചർച്ചയും ഇടവേളകളിലെ കൂടിക്കാഴ്‌ചകളും ആ വഴിക്കായി. അധ്യക്ഷസ്ഥാനത്തേക്ക്‌ പരിഗണിക്കുന്ന അശോക്‌ ഗെലോട്ടും രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന സച്ചിൻ പൈലറ്റും കൊച്ചിയിലെത്തിയത്‌ രാഹുൽ ഗാന്ധിയുമായി ഇക്കാര്യം ചർച്ച നടത്താനാണ്‌. ജാഥയ്ക്കൊപ്പമുള്ള എഐസിസി ജനറൽ സെക്രട്ടറി ജയ്‌റാം രമേഷുമായും നേതാക്കൾ കൂടിക്കാഴ്‌ച നടത്തി.

ബുധൻ രാവിലെ അരൂരിൽനിന്ന്‌ ജാഥയിൽ രാഹുലിനൊപ്പം പങ്കെടുത്ത സച്ചിൻ പൈലറ്റാണ്‌ സമ്മർദതന്ത്രങ്ങളുമായി ആദ്യമെത്തിയത്‌. എഐസിസി അധ്യക്ഷസ്ഥാനത്തേക്ക്‌ അശോക്‌ ഗെലോട്ടിന്‌ നറുക്കുവീണാൽ രാജസ്ഥാൻ മുഖ്യമന്ത്രിപദം വേണമെന്നാണ്‌ സച്ചിന്റെ ആവശ്യം.  കളമശേരിയിൽ യാത്രയുടെ ഇടവേളയിൽ ഇക്കാര്യം പറഞ്ഞ സച്ചിൻ, രാത്രിയോടെ കൊച്ചി വിട്ടു. വ്യാഴം ഉച്ചയോടെ നെടുമ്പാശേരിയിൽ ഗെലോട്ട്‌ വിമാനമിറങ്ങിയത്‌ മുഖ്യമന്ത്രിപദംകൂടി നിലനിർത്താനുള്ള സമ്മർദവുമായാണ്‌.  ഇരട്ടപ്പദവിപ്രശ്‌നം ഇപ്പോൾ കോൺഗ്രസിൽ ചർച്ചയല്ലെന്നും മറ്റു പദവികൾ വഹിക്കുന്നവർക്കും  അധ്യക്ഷസ്ഥാനത്തേക്ക്‌ മത്സരിക്കാമെന്നും വിമാനത്താവളത്തിൽ വാർത്താലേഖകരോട്‌ പ്രതികരിക്കുകയും ചെയ്‌തു. ജാഥാംഗങ്ങൾ വിശ്രമിക്കുന്ന അങ്കമാലി അഡ്‌ലക്‌സ്‌ കൺവൻഷൻ സെന്ററിൽ ഉച്ചയോടെ എത്തിയ ഗെലോട്ട്‌ മൂന്നുമണിക്കൂർ രാഹുലുമായി ചർച്ച നടത്തി. എഐസിസി അധ്യക്ഷസ്ഥാനത്തേക്ക്‌ മത്സരിച്ച്‌ വിജയിച്ചാലും മുഖ്യമന്ത്രിപദം ഒഴിയില്ലെന്നും അതിന്‌ സമ്മതമാണെങ്കിൽമാത്രം മത്സരിക്കാമെന്നുമാണ്‌ ഗെലോട്ട്‌ രാഹുലിനെ അറിയിച്ചത്‌. എന്നാൽ അധ്യക്ഷനായാൽ,  മുഖ്യമന്ത്രിസ്ഥാനം സച്ചിൻ പൈലറ്റിന്‌ നൽകണമെന്ന നിർദേശം രാഹുൽ അറിയിച്ചെന്നാണ്‌ ‌വിവരം.

ഇരട്ടപദവി പ്രശ്‌നമല്ല, മുഖ്യമന്ത്രിപദം 
ഒഴിയില്ലെന്ന് 
ഗെലോട്ട്
കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രിപദം ഒഴിയില്ലെന്ന് സൂചന നൽകി അശോക് ഗെലോട്ട്. ഇരട്ടപ്പദവി പ്രശ്നമല്ല. പാർടി അധ്യക്ഷസ്ഥാനവും മുഖ്യമന്ത്രിസ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാനാകുമെന്നും ഗെലോട്ട് മാധ്യമങ്ങളോട്‌ പറഞ്ഞു. കോൺഗ്രസ്‌ അധ്യക്ഷസ്ഥാനത്തേക്ക്‌ എല്ലാവർക്കും മത്സരിക്കാം. വഹിക്കുന്ന സ്ഥാനം ഒഴിയണമെന്നില്ല. മുമ്പും താൻ കോൺഗ്രസിൽ പല സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിതന്നെ ദേശീയ അധ്യക്ഷനാകണമെന്നാണ് ആഗ്രഹം. ഇക്കാര്യം നേരിട്ട് അറിയിക്കാൻ പിസിസി അധ്യക്ഷൻ ഗോവിന്ദ്‌ സിങ്‌ ഡോട്ടാസരയും തനിക്കൊപ്പം എത്തിയിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുലിനെ കാണാനാണ്‌ ഗെലോട്ട് കൊച്ചിയിൽ എത്തിയത്‌.

യാത്രയിൽ രാഹുലിനെക്കാൾ 
താരമായി ഗെലോട്ട്‌
കോൺഗ്രസ്‌ അധ്യക്ഷപദവി ഏറ്റെടുത്താലും രാജസ്ഥാൻ മുഖ്യമന്ത്രിപദവി വിട്ടുകൊടുക്കില്ലെന്ന വാശിയുമായി നിൽക്കുന്ന അശോക്‌ ഗെലോട്ടായിരുന്നു ജോഡോ യാത്രയിൽ വ്യാഴാഴ്‌ചത്തെ താരം.  ഗെലോട്ട്‌ വ്യാഴം രാവിലെ എത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്‌. രാഹുലിനൊപ്പം ഉച്ചയ്‌ക്ക്‌ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമെന്നും സൂചനയുണ്ടായിരുന്നു. പിന്നീട്‌ പ്രത്യേക വിമാനത്തിൽ 12.40ന്‌ നെടുമ്പാശേരിയിൽ എത്തുമെന്നും വാർത്ത പരന്നു. ഗെലോട്ട്‌ എത്തുന്നതിൽ അനിശ്‌ചിതത്വം തുടർന്നതിനാൽ രാഹുൽ ഗാന്ധി വാർത്താസമ്മേളനം വൈകിപ്പിച്ചു. കോൺഗ്രസ്‌ നേതാക്കൾക്കും ഗെലോട്ട്‌ എപ്പോൾ എത്തുമെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. വാർത്താസമ്മേളനം നീണ്ടതോടെ ദേശീയമാധ്യമങ്ങളടക്കം അക്ഷമരായി കാത്തുനിന്നു. ഒടുവിൽ പകൽരണ്ടിനുശേഷമാണ്‌ രാഹുൽ വാർത്താസമ്മേളനം ആരംഭിച്ചത്‌.

നെടുമ്പാശേരിയിൽ പകൽ 1.40ന്‌ പ്രത്യേക വിമാനത്തിൽ എത്തിയ ഗെലോട്ട്‌, 2.19ന്‌ കറുകുറ്റി അഡ്‌ലക്‌സിൽ എത്തി. രാജസ്ഥാൻ പിസിസി പ്രസിഡന്റ്‌ ഗോവിന്ദ്‌ സിങ്‌ ഡോട്ടാസര, മധ്യപ്രദേശ്‌ എംഎൽഎ ജിത്തു പട്‌വാരി എന്നിവരും ഒപ്പമുണ്ടായി. തുടർന്ന്‌ ഗെലോട്ടും സംഘവും 205–-ാംനമ്പർ മുറിയിലേക്ക്‌ പോയി. രാഹുൽ താമസിച്ച 211–-ാംനമ്പർ മുറിക്കുസമീപമാണ്‌ ഗെലോട്ടിനും മുറി ഒരുക്കിയിരുന്നത്‌. വാർത്താസമ്മേളനം 2.45ന്‌ അവസാനിപ്പിച്ച്‌ എത്തിയ രാഹുൽ, ഗെലോട്ടുമായി തന്റെ മുറിയിൽ ചർച്ച തുടങ്ങി. അഞ്ചുവരെ ചർച്ച നീണ്ടു. തുടർന്ന്‌ യാത്രയിൽ പങ്കെടുക്കാൻ ആദ്യം ഗെലോട്ട്‌ ഇറങ്ങി. പിന്നാലെയാണ്‌ രാഹുലും പരിവാരങ്ങളും ഇറങ്ങിയത്‌. എറണാകുളം–-തൃശൂർ അതിർത്തിയായ  പൊങ്ങത്ത്‌ രാഹുലിനൊപ്പം ഗെലോട്ടും യാത്രയിൽ അണിചേർന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top