26 April Friday
ഗെലോട്ട്‌– തരൂർ മത്സരം , സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ല

രാജസ്ഥാനിൽ തട്ടി കോൺഗ്രസ്‌ ; മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന്‌ ഗെലോട്ട്‌

സ്വന്തം ലേഖകൻUpdated: Friday Sep 23, 2022

അശോക് ഗെലോട്ട് രാഹുൽ ഗാന്ധിയുമായി രഹസ്യ ചർച്ചയ്ക്കായി അങ്കമാലി അഡ്‌ലക്സ് കൺവൻഷൻ സെന്ററിലെ ലിഫ്റ്റിൽ കയറിയപ്പോൾ മുടി ചീകി മിനുക്കുന്നു ഫോട്ടോ: മനു വിശ്വനാഥ്

 

ന്യൂഡൽഹി

കോൺഗ്രസ്‌ പ്രസി്ഡന്റ്‌ പദവിക്കൊപ്പം രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനവും വേണമെന്ന അശോക്‌ ഗെലോട്ടിന്റെ ആവശ്യം രാഹുൽ ഗാന്ധി തള്ളി.  എന്നാൽ മുഖ്യമന്ത്രിപദം ഒഴിയുന്ന പ്രശ്‌നമില്ലെന്ന്‌ ഗെലോട്ട്‌ വ്യാഴാഴ്‌ച കൊച്ചിയിൽ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. ഇതോടെ കോൺഗ്രസ്‌ വീണ്ടും പ്രതിസന്ധിയിലായി. അതേസമയം, പ്രസിഡന്റ്‌ പദവിയിലേക്ക്‌ ഗെലോട്ടും ശശി തരൂരും തമ്മിലുള്ള മത്സരം ഏതാണ്ട്‌ ഉറപ്പായി.

ഗെലോട്ട്‌ മുഖ്യമന്ത്രിപദം ഒഴിയുമോ, സോണിയകുടുംബം താൽപ്പര്യപ്പെടുന്ന സച്ചിൻ പൈലറ്റിനെ തന്റെ പിൻഗാമിയായി അദ്ദേഹം അംഗീകരിക്കുമോ, മറ്റ്‌ ആരെയെങ്കിയും ഗെലോട്ട്‌ നിർദേശിക്കുമോ, അങ്ങനെവന്നാൽ സച്ചിൻപൈലറ്റ്‌ അംഗീകരിക്കുമോ,    പ്രതിസന്ധി ഭരണത്തെ ബാധിക്കുമോ എന്നിവയാണ്‌ കോൺഗ്രസ്‌ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്‌. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ മുഖ്യമന്ത്രിയെ മാറ്റി പഞ്ചാബിൽ ഭരണം നഷ്‌ടപ്പെട്ട അനുഭവവും കോൺഗ്രസിനു മുന്നിലുണ്ട്‌.

കോൺഗ്രസിന്‌ 107 എംഎൽഎമാരുള്ള രാജസ്ഥാൻ നിയമസഭാ കക്ഷിയിൽ തൊണ്ണൂറിനടുത്ത്‌ പേരുടെ പിന്തുണ ഗെലോട്ടിനുണ്ട്‌. പൈലറ്റിനൊപ്പം 18 എംഎൽഎമാർ മാത്രമാണുള്ളത്‌.  ബിജെപിയിൽ ചേരാൻ പോയ പൈലറ്റിനെ ഒരു കാരണവശാലും പിന്തുണയ്‌ക്കില്ലെന്ന നിലപാടിലാണ്‌ ഗെലോട്ട്‌. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന രാജസ്ഥാനിൽ കടുത്ത സംഘടനാപ്രശ്‌നങ്ങളിലേക്കാകും കോൺഗ്രസ്‌ നീങ്ങുക.

സോണിയ കുടുംബത്തിന്‌ താൽപ്പര്യം 
സച്ചിൻ പൈലറ്റിനെ
അശോക്‌ ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞാൽ സച്ചിൻ പൈലറ്റിനെ ആ പദവിയിലെത്തിക്കാനാണ് സോണിയ കുടുംബം താൽപ്പര്യപ്പെടുന്നത്‌. എന്നാൽ, എംഎൽഎമാർ തീരുമാനം എടുക്കട്ടെയെന്ന നിലപാടിലാണ്‌ ഗെലോട്ട്‌. സ്‌പീക്കർ സി പി ജോഷി, മുൻ മന്ത്രി രഘു ശർമ, പിസിസി പ്രസിഡന്റ്‌ ഗോവിന്ദ്‌ സിങ്‌ ദോതസ്‌റ എന്നിവരിൽ ആരെങ്കിലും തന്റെ പിൻഗാമിയാകണമെന്നാണ് ഗെലോട്ടിന്റെ നിലപാട്. സോണിയ ഗാന്ധിയുമായി ഗെലോട്ട്‌ വീണ്ടും കൂടിക്കാഴ്‌ച നടത്തിയേക്കും.

സച്ചിൻ പൈലറ്റ്‌ വന്നുപോയതിനു പിന്നാലെ ഗെലോട്ട്‌ വ്യാഴാഴ്‌ച കൊച്ചിയിലെത്തി രാഹുലിനെ കണ്ടു. രണ്ട്‌ സ്ഥാനവും ഒന്നിച്ച്‌ കൊണ്ടുപോകാമെന്ന്‌ ഗെലോട്ട്‌ അറിയിച്ചെങ്കിലും രാഹുൽ വഴങ്ങിയില്ല. ഗെലോട്ട്‌ മാറുമ്പോൾ മുഖ്യമന്ത്രിസ്ഥാനം നൽകാമെന്ന്‌ സച്ചിൻ പൈലറ്റിന്‌ കഴിഞ്ഞ ദിവസം രാഹുൽ ഉറപ്പുനൽകിയിരുന്നു. ഇക്കാര്യം ഗെലോട്ടിനെ അറിയിച്ചെങ്കിലും അനുകൂല മറുപടിയുണ്ടായില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top