26 April Friday
ജോഡോയാത്ര തടയുമെന്ന്‌ ഭീഷണി

പൈലറ്റ്‌ വഞ്ചകനെന്ന്‌ ഗെലോട്ട്‌ ; 
രാജസ്ഥാനിലും പോര്‌ മുറുകുന്നു

എം പ്രശാന്ത്‌Updated: Thursday Nov 24, 2022


ന്യൂഡൽഹി
സച്ചിൻ പൈലറ്റ്‌ കോൺഗ്രസിനെ ചതിച്ച വഞ്ചകനാണെന്ന്‌ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌. ഒരു വാർത്താചാനലിന്‌ നൽകിയ അഭിമുഖത്തിലാണ്‌  ഗെലോട്ട്‌ സച്ചിൻ പൈലറ്റിനെതിരെ പൊട്ടിത്തെറിച്ചത്‌. രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയെ അനിശ്‌ചിതത്വത്തിലാക്കുംവിധം പൊട്ടിത്തെറിയിലേക്കാണ്‌  രാജസ്ഥാൻ കോൺഗ്രസിൽ ഗെലോട്ട്‌–- പൈലറ്റ്‌ പക്ഷങ്ങൾ ഏറ്റുമുട്ടുന്നത്‌.

ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ തെറിപ്പിക്കാനുള്ള നീക്കം പൈലറ്റ്‌ വിഭാഗം വീണ്ടും ശക്തമാക്കിയതാണ്‌ ഗെലോട്ടിനെ രോഷാകുലനാക്കിയത്‌. ‘10 എംഎൽഎമാരുടെമാത്രം പിന്തുണയേ പൈലറ്റിനുള്ളൂ. അങ്ങനെയൊരാളെ ഹൈക്കമാൻഡിന്‌ മുഖ്യമന്ത്രിയാക്കാനാകില്ല. 2020ൽ ബിജെപിക്കൊപ്പം സർക്കാരിനെ അട്ടിമറിക്കാൻ പൈലറ്റ്‌ ശ്രമിച്ചു.  10 കോടി രൂപവീതം വീതിച്ചുനൽകി.

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിട്ടാകാം പാർടിയുടെ പ്രസിഡന്റ്‌ സ്വന്തം സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷവുമായി കൂട്ടുചേർന്നത്‌. അന്ന്‌ 90 എംഎൽഎമാർ ഉറച്ചുനിന്നു. അവർ സർക്കാരിനെ നിലനിർത്തിയവരാണ്‌. അവരിൽ ആരെയെങ്കിലും ഹൈക്കമാൻഡ്‌ നിർദേശിച്ചാൽ മാറാനും ഒരുക്കമാണെന്നും ഗെലോട്ട്‌ പറഞ്ഞു.
അതേസമയം ഗുജ്ജർ സമുദായാംഗമായ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര തടയുമെന്ന്‌ സംസ്ഥാനത്തെ ഗുജ്ജർ സമുദായ നേതാവ്‌ കൂടിയായ വിജയ്‌ സിങ്‌ ബെയ്‌ൻസ്‌ല പ്രഖ്യാപിച്ചു. 

ബെയ്‌ൻസ്‌ലയുടെ പ്രസ്‌താവനയോട്‌ സച്ചിൻ യോജിച്ചിട്ടില്ല. ജോഡോ യാത്രയെ എല്ലാവരും ഐക്യത്തോടെ സ്വീകരിക്കുമെന്ന്‌ പറഞ്ഞ സച്ചിൻ മധ്യപ്രദേശിൽ രാഹുലിനൊപ്പം യാത്രയിലും പങ്കാളിയായി. അതിനിടെ ജോഡോയാത്ര രാജസ്ഥാനിൽ പ്രവേശിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ്‌  നേതാക്കളുടെ തമ്മിലടി. പൈലറ്റ്‌ വിഭാഗം നേതാക്കൾ  നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ടതാണ്‌ പാർടി നേതൃത്വത്തിന്‌ വെല്ലുവിളിയായത്‌.

ഗെലോട്ടിന്റെ ആക്ഷേപം തള്ളി പൈലറ്റ്‌
അശോക്‌ ഗെലോട്ടിന്റെ വഞ്ചകൻ പ്രയോഗത്തെ തള്ളിപ്പറഞ്ഞ്‌ സച്ചിൻ പൈലറ്റ്‌.  അടിസ്ഥാനരഹിതമായ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കാൻ ആരാണ്‌ ഗെലോട്ടിനെ ഉപദേശിക്കുന്നതെന്ന്‌ അറിയില്ല. കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ട ഘട്ടമാണിത്‌. ഞാൻ പിസിസി പ്രസിഡന്റായപ്പോഴാണ്‌ ബിജെപിയെ തോൽപ്പിച്ചത്‌. ഗെലോട്ടിന്‌ മുഖ്യമന്ത്രിയാകാൻ വീണ്ടും അവസരം നൽകുകയായിരുന്നു. തെരഞ്ഞെടുപ്പ്‌ എങ്ങനെ വീണ്ടും ജയിക്കാമെന്നാണ്‌ ആലോചിക്കേണ്ടത്‌. രാഹുൽ ഗാന്ധി ജോഡോ യാത്രയിലാണ്‌. എല്ലാവരും ഒറ്റക്കെട്ടായി ജാഥയെ വിജയിപ്പിക്കുകയാണ്‌ വേണ്ടത്‌’–- പൈലറ്റ്‌ പറഞ്ഞു.

ജയറാം രമേശും ഗെലോട്ടിന്റെ പരാമർശങ്ങളെ തള്ളിപ്പറഞ്ഞു. പൈലറ്റിനോട്‌  അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കോൺഗ്രസിനെ ശക്തിപ്പെടുത്തുംവിധം പരിഹാരം കാണുകയാണ്‌ വേണ്ടത്‌–- ജയറാം രമേശ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top