25 April Thursday

ഗെലോട്ട്‌ പൈലറ്റ്‌ തമ്മിലടി ; ജോഡോ യാത്ര കുളമാക്കരുതെന്ന് ഹൈക്കമാന്‍ഡ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

ഗെലോട്ട്‌ പൈലറ്റ്‌ തമ്മിലടി ; ജോഡോ യാത്ര കുളമാക്കരുതെന്ന് ഹൈക്കമാന്‍ഡ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി
അശോക്‌ ഗെലോട്ട്‌–- സച്ചിൻ പൈലറ്റ്‌ തമ്മിലടി രൂക്ഷമാകുമ്പോൾ മധ്യസ്ഥചര്‍ച്ചയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജസ്ഥാനിലേയ്ക്ക്. ചൊവ്വാഴ്‌ച ജയ്‌പുരിലെത്തുന്ന വേണുഗോപാൽ ഇരുപക്ഷവുമായി ചർച്ച നടത്തും.  രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര ഡിസംബർ ആദ്യം രാജസ്ഥാനിൽ എത്തും. യാത്രയ്ക്ക്‌ മികച്ച സ്വീകരണം ലഭിച്ചില്ലെങ്കിൽ കോൺഗ്രസിന്‌ വലിയ ക്ഷീണമാകും.

എന്നാൽ, ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ പ്രശ്‌നപരിഹാരം എളുപ്പമാകില്ല. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തിയതിനുശേഷമാണ്‌ കെ സി വേണുഗോപാൽ ജയ്‌പുരിലേക്ക്‌ പോകാൻ തീരുമാനിച്ചത്‌. ഭാരത്‌ ജോഡോ യാത്ര എത്തുമ്പോൾ ഇരുപക്ഷവും വിഭാഗീയ പ്രവർത്തനങ്ങളില്‍ ഏർപ്പെടരുതെന്ന സന്ദേശം കൈമാറും.

പാർടി നേതാക്കൾക്കിടയിലും എംഎൽഎമാർക്കിടയിലും രഹസ്യവോട്ടെടുപ്പ്‌ നടത്തണമെന്ന ആവശ്യമാണ്‌ പൈലറ്റ്‌ പക്ഷം പ്രധാനമായും ഉന്നയിക്കുന്നത്‌. ഇതോടെ ഏത്‌ പക്ഷത്തിനാണ്‌ സംസ്ഥാനഘടകത്തിൽ മേൽക്കൈയെന്ന കാര്യം വ്യക്തമാകും. എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്ന ഗെലോട്ടിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണ്‌. ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ മാറ്റിയാലും വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാനിടയില്ലെന്നും പൈലറ്റ്‌ പക്ഷം അവകാശപ്പെട്ടു. ഗുജറാത്ത്‌ തെരഞ്ഞെടുപ്പും ഭാരത്‌ ജോഡോ യാത്രയും കഴിഞ്ഞശേഷം ശാശ്വതമായ പരിഹാരത്തിനുള്ള നീക്കങ്ങൾ തുടങ്ങാമെന്നാണ്‌ മല്ലികാർജുൻ ഖാർഗെയുടെ നിലപാട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top