25 April Thursday

ഫാൽക്കെ അവാർഡ്‌ നിറവിൽ ലേഡി സൂപ്പര്‍സ്റ്റാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022


ന്യുഡൽഹി
ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട നടിയാണ്‌ ആശ പരേഖ്. ഹിറ്റ് ​ഗേള്‍ ഓഫ് ബോളിവുഡ് എന്ന ഖ്യാതി നേടി. ഏതു കഥാപാത്രത്തെയും തന്മയത്വത്തോടെ ഫ്രെയിമിലെത്തിച്ച്‌ അറുപതുകളിലെ മികച്ച സിനിമകളുടെ ഭാ​ഗമായി അവർ. ഒരുകാലഘട്ടത്തിലെ സംവിധായകരുടെ സ്വപ്ന നായിക. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ മികച്ച നായികമാരില്‍ ഒരാള്‍ എന്നീ നിലകളിലാണ്‌ മുംബൈയിൽ 1942ൽ ജനിച്ച്‌ ബാലനടിയായി രംഗപ്രവേശം ചെയ്‌ത ആശ ഉയർന്നത്‌.

ഹിറ്റുകളുടെ കൂട്ടുകാരിയായിരുന്നതിനാല്‍തന്നെ അറുപതുകളില്‍ ഏറ്റവും പ്രതിഫലം വാങ്ങിയ നടിയും ആശതന്നെ. 95 സിനിമയിൽ അഭിനയിച്ചു. തന്റെ ആത്മകഥയ്ക്ക് അവര്‍ നല്‍കിയ പേരും ‘ദ ഹിറ്റ്‌ ഗേൾ’ എന്നാണ്. സീരിയല്‍ നിര്‍മാണരംഗത്തും അവർ ചുവടുറപ്പിച്ചു. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായ ആദ്യവനിതയും ആശയാണ്. വൈകിയെങ്കിലും ചലച്ചിത്രമേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ്‌ ഫാൽക്കെ അവാർഡ്‌ ആശയെ തേടിയെത്തി.
ആശ ഭോസ്ലെ, ഹേമമാലിനി, പൂനം ധില്ലൻ, ടി എസ്‌ നാഗഭരാന, ഉദിത്‌ നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌.

പാതിയില്‍ ഉപേക്ഷിച്ച ഡോക്ടര്‍ സ്വപ്നം
ഡോക്ടറാകുകയെന്നതായിരുന്നു ആശയുടെ സ്വപ്നം. പഠനവും ആ ലക്ഷ്യത്തിലേക്ക് എത്താന്‍ വേണ്ടിയായിരുന്നു. എന്നാല്‍, സ്കൂളില്‍നിന്നുള്ള മടക്കത്തില്‍ കണ്ടൊരു അപകടവും തളംകെട്ടിക്കിടന്ന ചോരയുമാണ് ആ​ഗ്രഹത്തില്‍ നിന്നവരെ പിന്തിരിപ്പിച്ചത്. എന്നാല്‍, സിനിമയിലെ വരുമാനംകൊണ്ട് അവർ ആശുപത്രി തുടങ്ങി.

നടനയാത്രകള്‍
സിനിമയ്ക്കൊപ്പംതന്നെ പ്രാധാന്യത്തോടെയും ഇഷ്ടത്തോടെയും ആശ ജീവിക്കുന്ന മറ്റൊരു മേഖലയാണ് ന-ൃത്തം. ഷൂട്ടിങ് സെറ്റുകളില്‍നിന്ന് വൈകിട്ടത്തെ നൃത്തവേദികളിലേക്കുള്ള യാത്രകളും പതിവായിരുന്നു. ഭരതനാട്യം, കഥക്, കഥകളി, കുച്ചിപ്പുടി, ഒഡീസി എന്നിവ പഠിച്ച് വേദികളിലേക്ക് എത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top