25 April Thursday
എൻസിബി 
കുറ്റപത്രം സമർപ്പിച്ചു

ലഹരിപ്പാർട്ടി കേസ് : ആര്യൻ ഖാന് ക്ലീൻ ചിറ്റ് ; സമീർ വാങ്കഡെയ്‌ക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022


മുംബൈ
ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ ആറുപേർക്ക്  നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)  ക്ലീൻ ചിറ്റ് നൽകി. ഇവരില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തില്ലെന്നും തെളിവില്ലാത്തതിനാൽ കുറ്റവിമുക്തനാക്കുന്നുവെന്നും  മുംബൈ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻസിബി പറയുന്നു.  6000 പേജുള്ള കുറ്റപത്രത്തിൽ മറ്റ് 14 പേരാണ് പ്രതികള്‍. കഴിഞ്ഞവർഷം ഒക്ടോബർ രണ്ടിന് കപ്പലിൽ വച്ച് ആര്യൻ ഉൾപ്പെടെ ഒമ്പതുപേരെ അറസ്റ്റുചെയ്തത്. മുംബൈ സോണൽ മേധാവി സമീർ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.   മൂന്നാഴ്ചയിലേറെ ജയിലിൽ കഴിഞ്ഞ ആര്യൻഖാന് ഒക്ടോബർ മൂപ്പതിനാണ് ജാമ്യം ലഭിച്ചത്.

ആര്യന് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് ആദ്യഘട്ടത്തിൽ എൻസിബി അവകാശപ്പെട്ടെങ്കിലും ഇത് കോടതിയിൽ തെളിയിക്കാനായില്ല.ലഹരി ഇടപാടു സംബന്ധിച്ച വാട്സാപ്‌ ചാറ്റുകൾ ആര്യന്റെ പക്കൽനിന്നു കണ്ടെടുത്തതായി  എൻസിബി  വാദം ഉന്നയിച്ചെങ്കിലും ഇത് മതിയായ തെളിവല്ലെന്ന് കോടതി നിലപാടെടുത്തു. പിന്നീട്  ഷാരൂഖ് ഖാനിൽനിന്ന്‌  കോടികൾ വാങ്ങി കേസ് ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സമീർ വാങ്കഡെയെ അന്വേഷണത്തിൽനിന്നു മാറ്റി. 

അന്വേഷണത്തിൽ ക്രമക്കേട്
എൻസിബി മുംബൈ സോണൽ മേധാവി സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുണ്ടായെന്ന് എൻസിബി മേധാവി എസ്എൻ പ്രധാൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.  വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാങ്കഡെയ്‌ക്കെതിരെ നടപടി
അന്വേഷണത്തിൽ ക്രമക്കേടു കണ്ടെത്തിയതോടെ സമീർ വാങ്കഡെയ്‌ക്കെതിരെ നടപടിക്ക് കേന്ദ്ര സ‌‌ർക്കാർ ധനമന്ത്രാലയത്തോട് ശുപാർശ ചെയ്തു. ജോലിക്കായി വ്യാജ ജാതിരേഖ ചമച്ചെന്ന കേസിലും വാങ്കഡെയ്‌ക്കെതിരെ നടപടിയുണ്ടാകും. ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായതിനാലാണ്  നടപടിക്ക് ധനമന്ത്രാലയത്തിന് ശുപാർശ ചെയ്തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top