20 April Saturday
ചുരുക്കപ്പട്ടികയിലും കോടതിക്ക്‌ സംശയം , നിയമനം ആറുമാസം വൈകിപ്പിച്ചത്‌ എന്തിന്‌

തിടുക്കം 
ആർക്കുവേണ്ടി ; അരുൺഗോയൽ നിയമനത്തിൽ കേന്ദ്രത്തോട്‌ സുപ്രീംകോടതി

എം അഖിൽUpdated: Thursday Nov 24, 2022


ന്യൂഡൽഹി
തെരഞ്ഞെടുപ്പ്‌ കമീഷണറായി അരുൺഗോയലിനെ നിയമിക്കാൻ കേന്ദ്രസർക്കാരിന്‌ അസാധാരണ തിടുക്കം എന്തിനായിരുന്നുവെന്ന്‌ തുറന്നടിച്ച്‌ സുപ്രീംകോടതി. നിയമനമുൾപ്പെടെയുള്ള നടപടിക്രമങ്ങൾ 24മണിക്കൂറിൽ തിടുക്കപ്പെട്ട്‌ പൂർത്തിയാക്കിയതാണ്‌ ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്‌ ചോദ്യം ചെയ്‌തത്‌.

‘‘നിയമനം സംബന്ധിച്ച കേസ്‌ കോടതി പരിഗണിച്ച  ഈ മാസം 18ന്‌ തന്നെയാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷണർ നിയമനവുമായി ബന്ധപ്പെട്ട ഫയൽ നീക്കം തുടങ്ങിയത്‌. ഒറ്റദിവസം കൊണ്ടാണ്‌ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി കമീഷണറെ നിയമിച്ചതെന്ന്‌ ഫയൽ പരിശോധിച്ചതിൽനിന്ന്‌ മനസ്സിലായി. പ്രധാനമന്ത്രിയുൾപ്പെടെ പങ്കെടുത്തിട്ടുണ്ട്‌. ഇത്രയും വെപ്രാളപ്പെട്ടാണോ ഇത്തരം നിയമനങ്ങൾ നടത്താറുള്ളത്‌?’’–-  അറ്റോർണിജനറൽ ആർ വെങ്കടരമണിയോട്‌ ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ ചോദിച്ചു.

നിയമനം ആറുമാസം വൈകിപ്പിച്ചതിലും കോടതി സംശയം പ്രകടിപ്പിച്ചു.  അഞ്ചംഗബെഞ്ചിൽ അംഗമായ ജസ്‌റ്റിസ്‌ അജയ്‌രസ്‌തോഗിയാണ്‌ കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരീക്ഷണം നടത്തിയത്‌.  ചില സാഹചര്യങ്ങളിൽ നിയമനങ്ങൾ വേഗത്തിൽ നടത്തേണ്ടി വരും. എന്നാൽ കമീഷണർ പദവി മെയ്‌ 15 മുതൽ ഒഴിഞ്ഞുകിടന്നിട്ടും നവംബർ 18ന്‌ ഒറ്റദിവസം കൊണ്ട്‌ മിന്നൽവേഗത്തിൽ നിയമനം നടത്തേണ്ട സാഹചര്യം എന്താണെന്നും ജസ്‌റ്റിസ്‌ അജയ്‌രസ്‌തോഗി ചോദിച്ചു.
തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെയും മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറുടെയും നിയമനരീതി ചോദ്യംചെയ്‌ത്‌ അരുൺ ബരൺവാൾ സമർപ്പിച്ച ഹർജിയിലാണ്‌ കോടതിയുടെ നിരീക്ഷണം.

യോഗ്യതകളിലും സംശയം
തെരഞ്ഞെടുപ്പ്‌ കമീഷണറാക്കാൻ യോഗ്യരായ നാല്‌ പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയ മാനദണ്ഡത്തിലും സുപ്രീംകോടതിക്ക്‌ സംശയം. ഒരു ദിവസംകൊണ്ട്‌ ഒരാളെ നിയമിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചതിൽ ആശങ്കയുണ്ട്‌. എല്ലാവരുടെയും യോഗ്യത ചുരുങ്ങിയ സമയത്തിനുള്ളിൽ പരിശോധിച്ചോ? എങ്ങനെയാണ്‌ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്‌? അതിൽ ഏറ്റവും ചെറുപ്പം അരുൺഗോയലായതു കൊണ്ടാണോ നിയമിച്ചതെന്നും കോടതി ചോദിച്ചു. നിയമമന്ത്രിയാണ്‌ ചുരുക്കപ്പട്ടിക തയ്യാറാക്കി പ്രധാനമന്ത്രിയുടെ അംഗീകാരത്തിന്‌ ശുപാർശ ചെയ്‌തതെന്ന്‌ കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

വിധിപറയാൻ മാറ്റി
തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെയും മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറുടെയും നിയമനരീതി ചോദ്യം ചെയ്‌ത ഹർജി ഭരണഘടനാബെഞ്ച്‌ വിധിപറയാൻ മാറ്റി. ഘനവ്യവസായ മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്ന അരുൺഗോയൽ 18നാണ്‌ സർവീസിൽനിന്ന്‌ സ്വയംവിരമിച്ചത്‌. 19ന്‌ അദ്ദേഹത്തെ തെരഞ്ഞെടുപ്പ്‌ കമീഷണറായി നിയമിച്ചു. 21ന്‌ ചുമതലയേറ്റു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top