18 April Thursday
തമിഴ്‌നാടും ബംഗാളുമടക്കം വിവിധ സംസ്ഥാനങ്ങൾ ഗവർണറുടെ അധികാരം വെട്ടിക്കുറച്ചു

മോദിയെ തൃപ്‌തിപ്പെടുത്തൽ ; കളംവിട്ട്‌ കളിച്ച്‌ 
ഗവർണർമാർ ; സംസ്ഥാനങ്ങളിൽ രാഷ്ട്രീയവിവാദങ്ങളും ഭരണപ്രതിസന്ധിയും

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022


ന്യൂഡൽഹി
മോദിസർക്കാരിനെയും ബിജെപിയെയും തൃപ്‌തിപ്പെടുത്താനുള്ള ഗവർണർമാരുടെ കിടമത്സരം സംസ്ഥാനങ്ങളിൽ വലിയ രാഷ്ട്രീയവിവാദങ്ങൾക്കും ഭരണപ്രതിസന്ധിക്കും കാരണമാകുന്നു. മഹാരാഷ്ട്രയിലെ ഭഗത്‌സിങ് ഖോഷ്യാരി, പശ്‌ചിമബംഗാൾ മുൻഗവർണർ ജഗദീപ്‌ധൻഖർ, തമിഴ്‌നാട്‌ ഗവർണർ എൻ രവി, കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ തുടങ്ങിയവർ അധികാരമേറ്റതിനുശേഷം നടത്തിയ നീക്കം ഭരണഘടനാപദവിയുടെ അന്തസ്സ്‌ തകർത്തെന്ന ആക്ഷേപം ശക്തമാണ്‌. പ്രധാനമായും ഉന്നതവിദ്യാഭ്യാസമേഖലയിൽ നടത്തുന്ന അനാവശ്യ ഇടപെടലാണ്‌.

ഇതോടെ, സംസ്ഥാന സർവകലാശാലയിലെ വിസിമാരെ നിയമിക്കാനുള്ള അധികാരം ഗവർണറിൽനിന്നു മാറ്റി തമിഴ്‌നാട്‌ നിയമസഭ ഏപ്രിലിൽ ബിൽ പാസാക്കിയിരുന്നു. ബിൽ ജനാധിപത്യവിരുദ്ധമാണെന്ന്‌ ആരോപിച്ച ബിജെപിക്ക്‌ മുഖ്യമന്ത്രി സ്‌റ്റാലിൻ നൽകിയ മറുപടി ശ്രദ്ധേയമാണ്‌. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്തിൽ വിസിമാരെ നിയമിക്കുന്നത്‌ സംസ്ഥാനസർക്കാരാണ്‌. തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതാണ്‌ സ്ഥിതി’–- എന്നായിരുന്നു സ്‌റ്റാലിന്റെ മറുപടി. പശ്‌ചിമബംഗാളിൽ മുൻ ഗവർണർ ജഗ്‌ദീപ്‌ ധൻഖറും ഉന്നതവിദ്യാഭ്യാസമേഖലയിൽ വലിയ പ്രശ്‌നം സൃഷ്ടിച്ചു. ഇതോടെ മുഖ്യമന്ത്രി മമത ബാനർജിയെ ചാൻസലറായി ശുപാർശ ചെയ്യുന്ന ബിൽ ജൂൺ 14ന്‌ പാസാക്കി. സമാനരീതിയിലുള്ള നിയമം മഹാരാഷ്ട്രയിൽ കൊണ്ടുവരാൻ ഉദ്ധവ്‌ താക്കറെ സർക്കാരും നീങ്ങിയിരുന്നു.

മോദിസർക്കാരിന്റെ തണലിൽ ഗവർണർമാരുടെ അധികാരദുരുപയോഗം സാമാന്യമര്യാദകളെ കാറ്റിൽപ്പറത്തുന്നതാണ്‌. 2016ൽ അരുണാചൽപ്രദേശിലും ഉത്തരാഖണ്ഡിലും സർക്കാരിനെ പിരിച്ചുവിട്ട്‌ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. കോടതി ഇടപെട്ടാണ്‌ ഇത്‌ തടഞ്ഞത്‌. ഗവർണർ  തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി അല്ലെന്നും രാഷ്ട്രീയലക്ഷ്യങ്ങളോടെ അധികാരം ദുരുപയോഗം ചെയ്‌താൽ നിയമം അത്‌ തിരുത്തുമെന്നുമുള്ള ശക്തമായ സന്ദേശമായിരുന്നു ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top