27 April Saturday

തെൽതുംബ്‌ഡെ ചെയ്‌ത കുറ്റമെന്ത്?; എൻഐഎയോട് സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022

ന്യൂഡൽഹി > ഭീമാകൊറേഗാവ്‌ കേസിൽ പ്രൊഫ. ആനന്ദ്‌ തെൽതുംബ്‌ഡെയ്‌ക്ക്‌ ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ എൻഐഎ സമർപ്പിച്ച അപ്പീൽ തള്ളി സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്‌റ്റിസ്‌ ഹിമാകോഹ്‌ലി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു.

യുഎപിഎ വകുപ്പുകൾ ചുമത്താൻ വേണ്ട എന്ത്‌ കുറ്റമാണ്‌ ആനന്ദ്‌ തെൽതുംബ്‌ഡെ ചെയ്‌തതെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ അന്വേഷിച്ചു. ദളിത്‌ വിഭാഗക്കാരെ സംഘടിപ്പിച്ചെന്ന്‌ മാത്രമാണ്‌ കോടതിക്ക്‌ മനസ്സിലായത്‌. ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാകില്ല. അപ്പീൽ തള്ളുന്നു–- സുപ്രീംകോടതി പറഞ്ഞു.

ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ വിചാരണയെ പ്രതികൂലമായി ബാധിക്കരുതെന്ന്‌ സുപ്രീംകോടതി നിർദേശം നൽകി. തെൽതുംബ്‌ഡെയ്‌ക്ക്‌ എതിരായ കുറ്റങ്ങൾ സ്ഥാപിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകൾ ഇല്ലെന്ന്‌ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ഈ നിരീക്ഷണങ്ങൾ വിചാരണയെ ബാധിക്കുമെന്നായിരുന്നു എൻഐഎയുടെ വാദം. ആനന്ദ്‌ തെൽതുംബ്‌ഡെയ്‌ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽസിബലും എൻഐഎയ്‌ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർജനറൽ ഐശ്വര്യാഭാട്ടിയും ഹാജരായി. ഐഐടി പ്രൊഫസറും ദളിത്‌ ചിന്തകനുമായ പ്രൊഫ. ആനന്ദ്‌ തെൽതുംബ്‌ഡെയെ 2020 ഏപ്രിലിലാണ്‌ എൻഐഎ അറസ്‌റ്റ്‌ ചെയ്‌തത്‌.
നേരത്തേ, ഇതേകേസിൽ തടവിലുള്ള പ്രൊഫ. ജി എൻ സായ്‌ബാബയ്‌ക്ക്‌ ഹൈക്കോടതി അനുവദിച്ച ജാമ്യം അടിയന്തര സിറ്റിങ് നടത്തി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു. സമാനമായ രീതിയിൽ ആനന്ദ്‌ തെൽതുംബ്‌ഡെയുടെ ജാമ്യവും റദ്ദാക്കാനുള്ള എൻഐഎയുടെ നീക്കത്തിന്‌ സുപ്രീംകോടതി നിലപാട്‌ കനത്ത തിരിച്ചടിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top