26 April Friday

നയംവ്യക്തമാക്കി അമിത്‌ ഷാ; ആയുധം വർഗീയതതന്നെ

റിതിൻ പൗലോസ്‌Updated: Monday May 16, 2022

ന്യൂഡൽഹി> ലോക്‌സഭ, സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക്‌ മുന്നോടിയായി വർഗീയനീക്കം ശക്തമാക്കി ബിജെപി. അടുത്തവർഷം തെരഞ്ഞെടുപ്പ്‌ നടക്കേണ്ട തെലങ്കാനയിൽ 12 ശതമാനം ന്യൂനപക്ഷ സംവരണം എടുത്തുകളയുമെന്നും കോവിഡ്‌ പ്രതിസന്ധി അവസാനിച്ചാല്‍ പൗരത്വനിയമം നടപ്പാക്കുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ പ്രഖ്യാപനം ഇതിന്റെ ഭാ​ഗം. തെലങ്കാന ബിജെപി അധ്യക്ഷൻ സഞ്ജയ് കുമാറിന്റെ പദയാത്രയിലായിരുന്നു സംവരണം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം. ന്യൂനപക്ഷ സംവരണം നാല്‌ ശതമാനത്തിൽനിന്ന്‌ 12 ആയും എസ്‌ടി സംവരണം ഏഴില്‍ നിന്ന് 10ശതമാനമായും ഉയർത്തി 2017ൽ തെലങ്കാന നിയമസഭ ബിൽ പാസാക്കിയെങ്കിലും കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല. നിയമം രാജ്യദ്രോഹമെന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്‌.

ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദ്‌ വിമോചന ദിനം ആഘോഷിക്കുമെന്ന അമിത്‌ ഷായുടെ  പ്രസ്‌താവനയിലും വര്‍​ഗീയവിഷമുണ്ട്. തെലങ്കാനയിൽ ജനസംഖ്യയുടെ 12.7 ശതമാനമുള്ള മുസ്ലിം വിഭാഗത്തെ വേട്ടയാടി ഹിന്ദുവോട്ട്‌ ഏകീകരിക്കലാണ്‌ ലക്ഷ്യം. 2017 തെരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിലെ മുസ്ലിംവിഭാഗം കോൺഗ്രസ്‌–-ടിഡിപി സഖ്യത്തെ പിന്തുണച്ചപ്പോൾ നഗരത്തിലുള്ളവർ ടിആർഎസിന്‌ വോട്ടുചെയ്‌തു. ഇപ്രകാരം ന്യൂനപക്ഷ വോട്ടുകള്‍ ഫലപ്രദമായി ഭിന്നിപ്പിക്കാമെന്ന് ബിജെപി കരുതുന്നു.
 വിലക്കയറ്റം, തൊഴിലില്ലായ്‌മ, ഇന്ധനവിലവർധന, ന്യൂനപക്ഷവേട്ട തുടങ്ങിയ വിഷയങ്ങളില്‍ ഉയരുന്ന കേന്ദ്രവിരുദ്ധവികാരം മറികടക്കാൻ തീവ്രദേശീയതയും ഹിന്ദുത്വ കാർഡുമിറക്കുകാണ് ബിജെപി. യുപി തെരഞ്ഞെടുപ്പില്‍ സമാന നീക്കം നടത്തി. പൗരത്വനിയമമാണ്‌ 2024ൽ പ്രധാന ആയുധമാക്കുകയെന്ന്‌ ഷായുടെ പ്രസ്‌താവനയിൽ വ്യക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top