25 April Thursday
കർണാടകയിൽ അമിത്‌ഷായ്‌ക്കെതിരെ പ്രതിഷേധം

കർഷക സമരത്തിനെതിരെ അമിത്‌ഷാ വീണ്ടും ; കർണാടകയിൽ അമിത്‌ഷായ്‌ക്കെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

ഷാജഹാൻപുരിലെ സമരകേന്ദ്രത്തിൽ കേരളത്തിൽ നിന്നുള്ള വളന്റിയർമാർ നിരാഹാരത്തിൽ ഫോട്ടോ: പി വി സുജിത്ത്‌


ന്യൂഡൽഹി
കർഷകനേതാക്കൾക്കും സമരത്തെ സഹായിക്കുന്നവർക്കും എൻഐഎ നോട്ടീസ്‌ അയച്ചതിനു പിന്നാലെ കാർഷികനിയമങ്ങളെ ന്യായീകരിച്ച്‌  ആഭ്യന്തരമന്ത്രി അമിത്‌ഷാ രംഗത്ത്‌. നേരത്തെ കൃഷിമന്ത്രിയുമായുള്ള ചർച്ച പാളംതെറ്റിച്ചത്‌ അമിത്‌ഷായുടെ ഇടപെടലാണ്‌. കോർപറേറ്റ്‌ താൽപ്പര്യം സംരക്ഷിക്കാനുള്ള മോഡിസർക്കാരിന്റെ വ്യഗ്രത പ്രകടമാക്കുന്നതാണ്‌ അമിത്‌ഷായുടെ  നീക്കങ്ങൾ.

മൂന്ന്‌ കാർഷികനിയമവും കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുമെന്ന്‌ കർണാടകത്തിൽ പൊതുറാലിയിൽ അമിത്‌ഷാ പറഞ്ഞു. കർഷകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടും വിൽക്കാൻ വഴിയൊരുങ്ങിയതായും അദ്ദേഹം പറഞ്ഞു. കർഷകസംഘടനകൾ പലവട്ടം തള്ളിയ സർക്കാരിന്റെ അവകാശവാദമാണ്‌ അമിത്‌ ഷാ ആവർത്തിക്കുന്നത്‌. കർഷകസമരം നേരിടാൻ അപകടകരമായ വർഗീയനീക്കമാണ്‌ കേന്ദ്രം നടത്തുന്നത്‌. സമരത്തിനു പിന്നിൽ ഖലിസ്ഥാനികളാണെന്നാണ്‌‌ വാദം. അതിനിടെയാണ്‌  എൻഐഎയെ ഉപയോഗിച്ച്‌ കർഷകസമരത്തെ തകർക്കാനുള്ള നീക്കം.

റിപ്പബ്ലിക്‌ ദിനത്തിൽ കർഷകപരേഡ്‌ നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന്‌ സമരസമിതി അറിയിച്ചു. പരേഡ്  സമാധാനപരമായി ‌ നടത്തും. ഡൽഹി, ഹരിയാന പൊലീസുകൾ ഇതിനോട്‌ സഹകരിക്കുമെന്ന്‌ കരുതുന്നതായും സമരസമിതി നേതാക്കൾ പറഞ്ഞു.

കർണാടകയിൽ അമിത്‌ഷായ്‌ക്കെതിരെ പ്രതിഷേധം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കര്‍ണാടകയില്‍ കര്‍ഷക പ്രതിഷേധം. ബെലഗാവിയിൽ സ്വകാര്യ കമ്പനിയുടെ തറക്കല്ലിടൽ ചടങ്ങിന്‌ എത്തിയപ്പോഴാണ് അമിത് ഷാകര്‍ഷകരോഷത്തിന്റെ ചൂടറിഞ്ഞത്.  കർഷക വിരോധി ‌ അമിത്‌ ഷാ  മടങ്ങിപ്പോകണമെന്ന്  മുദ്രാവാക്യം വിളിച്ച്‌ കർഷകർ റോഡ്‌ ഉപരോധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. റാണി ചന്നമ്മ സർക്കിളിൽ ശയനപ്രദക്ഷിണം നടത്തി കർഷകർ പ്രതിഷേധിച്ചു.

സ്‌ത്രീകളടക്കമുള്ള കർഷകരെ പൊലീസ്‌ കൈയേറ്റം ചെയ്‌തു. നിരവധിപേരെ സുരക്ഷാസേന വലിച്ചിഴച്ച്‌ അറസ്റ്റുചെയ്‌തു. കർണാടക മന്ത്രിസഭയിലേക്ക്‌ പുതിയതായി ഉൾപ്പെടുത്തിയ ബിജെപി എംഎൽഎ മുരുകേഷ്‌ നിരണിയുടെ പഞ്ചസാര ഫാക്ടറിയിലെ ചടങ്ങിനാണ്‌ അമിത്‌ ഷായും മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പയും എത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top