19 April Friday

ഹാജി ഹാറൂൺ റഷീദ്: കോൺഗ്രസിന്റെ ന്യൂനപക്ഷ അവഗണനയുടെ ഇര

വി ജയിൻUpdated: Sunday Apr 7, 2019

അമേഠി> രാജീവ് ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കുമ്പോൾ വലംകയ്യായി നിന്നത് ദേശീയ മുസ്ലിമിന്റെ ഉത്തമ പ്രതീകമായ ഹാജി സുൽത്താൻ ഖാൻ. 1991 ൽ രാജീവിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ നിർദ്ദേശകനായി ഒപ്പിട്ടത് അബുൾ കലാം ആസാദിന്റെ സ്വാധീനത്തിൽ ദേശീയ പ്രസ്ഥാനത്തിൽ വന്ന ഹാജി സുൽത്താൻ ഖാൻ ആയിരുന്നു. 1999ൽ സോണിയ മത്സരിച്ചപ്പോഴും നിർദ്ദേശകനായി.

രാജീവും സോണിയയും പ്രിയങ്കയുമെല്ലാം സുൽത്താൻ ഖാന്റെ സ്നേഹവും ആതിഥ്യവും യഥേഷ്ടം അനുഭവിച്ചതാണ്. ഇപ്പോൾ രാജീവിന്റെ മകനെതിരെ അമേഠിയിൽ മത്സരിക്കുകയാണ് ഹാജി സുൽത്താൻ ഖാന്റെ മകൻ ഹാജി ഹാറൂൺ റഷീദ്. ഇതു വരെ കോൺഗ്രിന്റെ ഭാഗമായിരുന്നു ഈ കുടുംബം. അമേഠിയിലെ ജനസംഖ്യയിൽ നല്ലൊരു ഭാഗമാണ് ന്യൂനപക്ഷങ്ങൾ. തുടർച്ചയായി ന്യൂനപക്ഷങ്ങളെ അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് താൻ മത്സരിക്കുന്നതെന്ന് ഫുർസത്ഗഞ്ചിലെ വീട്ടിലിരുന്ന് ഹാജി ഹാറൂൺ റഷീദ് പറഞ്ഞു.

രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ന്യൂനപക്ഷങ്ങളെ കോൺഗ്രസ് ലിസ്റ്റിൽ നിന്ന് പൂർണമായി ഒഴിവാക്കിയത് മാത്രമല്ല, അമേഠിയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ കാട്ടുന്ന അവഗണനയും ന്യൂനപക്ഷങ്ങളെ വേദനിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ലാതായെന്ന ഹാറൂൺ റഷീദിന്റെ പ്രസ്താവന മനസ്സിൽ വെച്ച് അമേഠിയിലെ കോൺഗ്രസുകാരെ നിരീക്ഷിച്ചു. കേരളത്തിൽ ആർഎസ്എഎസ്- ബിജെപി നേതാക്കൾ അണിഞ്ഞു നടക്കാറുള്ള മതചിഹ്നങ്ങളും പ്രതീകങ്ങളും അമേഠിയിൽ കോൺഗ്രസ് നേതാക്കൾ അണിഞ്ഞു നടക്കുന്നതു കണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top