20 April Saturday

എയ്‌ഡഡ്‌ സ്‌കൂൾ: ഭിന്നശേഷി സംവരണം വേഗത്തിൽ നടപ്പാക്കണമെന്ന്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Tuesday May 16, 2023

ന്യൂഡൽഹി > കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളിൽ  ഭിന്നശേഷി വിഭാഗക്കാരായ ഉദ്യോഗാർഥികളുടെ നിയമനനടപടികൾ വേഗത്തിലാക്കണമെന്ന്‌ സുപ്രീംകോടതി. ഭിന്നശേഷി വിഭാഗക്കാർക്ക്‌ സംവരണം ചെയ്‌തിട്ടുള്ള തസ്‌തികകൾ കണക്കാക്കിയ ശേഷം നിയമനനടപടികൾ വേഗത്തിലാക്കണമെന്നാണ്‌ ജസ്‌റ്റിസുമാരായ സൂര്യകാന്ത്‌, അരവിന്ദ്‌കുമാർ എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെ നിർദേശം.

ഈ വിഷയത്തിൽ കേരളാഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച നിർദേശങ്ങൾ സംസ്ഥാനസർക്കാരും എയ്‌ഡഡ്‌ സ്‌കൂൾ മാനേജ്‌മെന്റുകളും വേഗത്തിൽ നടപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി. ഭിന്നശേഷി വിഭാഗക്കാരായ ഉദ്യോഗാർഥികളെ നിയമിക്കാൻ ആവശ്യമായ തസ്‌തികകളുണ്ടെങ്കിൽ, താൽക്കാലികമായി നിയമിച്ച അധ്യാപകരെ പിരിച്ചുവിടേണ്ടതില്ലെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. സംസ്ഥാനസർക്കാരിനോട്‌ നടപടികൾ സംബന്ധിച്ച്‌  സത്യവാങ്ങ്‌മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി കേസ്‌ പരിഗണിക്കുന്നത്‌ ജൂലായിലേക്ക്‌ മാറ്റി.

കേരളത്തിലെ ചില ഹയർസെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരാണ്‌ ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ഹർജിക്കാർക്ക്‌ വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ദവേ, അഡ്വ. ഹാരീസ്‌ ബീരാൻ എന്നിവർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top