01 December Friday

എൻഡിഎ സഖ്യം ഉപേക്ഷിച്ചതായി എഐഎഡിഎംകെ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക്‌ മത്സരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

ബിജെപി തമിഴ്‌നാട്‌ അധ്യക്ഷൻ കെ അണ്ണാമലൈ, എടപ്പാടി കെ പളനിസാമി


ചെന്നൈ
ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെ തമിഴ്നാട്ടിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുമായുള്ള സഖ്യം ഔദ്യോഗികമായി വിച്ഛേദിച്ച്‌ എഐഎഡിഎംകെ. ചെന്നൈയിലെ പാർടി ആസ്ഥാനത്ത്‌ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന  എംപിമാരുടെയും എംഎൽഎമാരുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ഇക്കാര്യത്തില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കി. ദേശീയ തലത്തിലും എൻഡിഎയുമായി സഖ്യമുണ്ടാകില്ല. ഏതൊക്കെ പാർടികളുമായി സഖ്യമാകാമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ചർച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്ന്‌  ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസ്വാമി പറഞ്ഞു.

അന്തരിച്ച മുൻ മുഖ്യമന്ത്രി സി എൻ അണ്ണാദുരൈക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വിവാദ പരാമർശമാണ്‌ പിളർപ്പിലേക്ക്‌ വഴിവച്ചത്‌. എഐഎഡിഎംകെയുമായി സഖ്യം വേണ്ടെന്ന്‌ മുമ്പ്‌ അണ്ണാമലൈ പറഞ്ഞിരുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയെയും അണ്ണാമലൈ വിമർശിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷനെ നിയന്ത്രിക്കണമെന്ന്‌ ബിജെപി കേന്ദ്ര നേതൃത്വത്തോട്‌ എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതല്‍ സീറ്റിനായി ബിജെപി സമ്മർദം ശക്തമാക്കിയതും വേർപിരിയലിന്‌ കാരണമായി.

  2019ലെ ലോക്‌സഭ, 2021ലെ നിയമസഭാ ഉൾപ്പെടെ ബിജെപിയുമായി സഖ്യമുണ്ടാക്കിയ എല്ലാ തെരഞ്ഞെടുപ്പിലും എഐഎഡിഎംകെ പരാജയപ്പെട്ടു. 2021ല്‍ 232 അംഗ തമിഴ്‌നാട്‌ നിയമസഭയിൽ 75 സീറ്റിലേക്ക്‌ എഐഎഡിഎംകെ കൂപ്പുകുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top