26 April Friday

തീരുമാനങ്ങളില്ല; ‘ഏറ്റുമുട്ടി’ പിരിഞ്ഞു ; എഐഎഡിഎംകെ ജനറൽ കൗൺസിൽ ജൂലൈ 11ന്

ഇ എൻ അജയകുമാർUpdated: Friday Jun 24, 2022


ചെന്നൈ
പ്രക്ഷുബ്‌ദമായ രംഗങ്ങൾക്കുശേഷം എഐഎഡിഎംകെ ജനറൽ കൗൺസിൽ ജൂലൈ 11ന് ചേരാൻ തീരുമാനിച്ച്‌ പിരിഞ്ഞു. ജനറൽ കൗൺസിലിൽവച്ച അജൻഡയിലെ 23 പ്രമേയം ചർച്ച ചെയ്യുന്നത്‌ ചെന്നൈ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞതോടെയാണ്‌ കൗൺസിൽ യോഗം അജൻഡ ചർച്ചചെയ്യാതെ പിരിഞ്ഞത്‌. വ്യാഴാഴ്ച പുലർച്ചെ സിറ്റിങ് നടത്തിയായിരുന്നു കോടതിയുടെ ഇടപെടൽ.

ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയിൽ കോ–--ഓർഡിനേറ്റർ ഒ പനീർസെൽവം, അസിസ്റ്റന്റ്‌ കോ–-ഓർഡിനേറ്റർ എടപ്പാടി പളനിസ്വാമി എന്നിവരുൾപ്പെട്ട ഇരട്ട നേതൃത്വമാണുള്ളത്‌. ഇതിൽ മാറ്റംവരുത്താനാണ്‌ എടപ്പാടി വിഭാഗം ജനറൽ കൗൺസിൽ വിളിക്കാൻ തീരുമാനിച്ചത്‌. യോഗത്തിൽ പനീർസെൽവത്തിനും ഒപ്പമുള്ള നേതാക്കൾക്കുമെതിരെ കുപ്പിയേറും കൈയ്യേറ്റശ്രമവുമുണ്ടായി. പലർക്കും പരിക്കേറ്റു. ജനറൽ കൗൺസിലിലെ 2300 പേരിൽ 2000 പേരും എടപ്പാടി പളനിസ്വാമിയെ പിന്തുണയ്‌ക്കുന്നു. ഭൂരിപക്ഷം ജില്ലാ സെക്രട്ടറിമാരും ഈപക്ഷത്തുതന്നെ. 

ജനറൽ കൗൺസിൽ നടന്നാൽ വൻ ഭൂരിപക്ഷത്തോടെ എടപ്പാടി ജനറൽ സെക്രട്ടറിയാകും. ഇതോടെയാണ്‌ പനീർസെൽവം വിഭാഗം ജനറൽ കൗൺസിൽ തടയാൻ ആവശ്യപ്പെട്ട്‌ 14ന് ഹൈക്കോടതിയെ സമീപിച്ചു. ഇത്‌ സിംഗിൾബെഞ്ച്‌ തള്ളി. പനീർസെൽവം വിഭാഗം രാത്രിതന്നെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിലാണ്‌ നേതൃമാറ്റമുൾപ്പെടെയുള്ള അജൻഡ കൗൺസിലിൽ ചർച്ചചെയ്യരുതെന്ന്‌ കോടതി നിർദേശിച്ചത്‌. പാർടി കൈപ്പിടിയിലൊതുക്കാനുള്ള എടപ്പാടിയുടെ ശ്രമത്തിനാണ്‌ തൽക്കാലം തിരിച്ചടിയാകുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top