19 April Friday

സൈന്യത്തിൽ കരാര്‍ തൊഴില്‍ ; പിന്നിൽ ആർഎസ്‌എസ്‌ അജൻഡ

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

ന്യൂഡൽഹി> സൈന്യത്തിൽ നാലുവർഷത്തെ കരാർ തൊഴിലിന്‌ അവസരം നൽകിയുള്ള അഗ്നിപഥ്‌ പദ്ധതി ആർഎസ്‌എസ്‌ താൽപ്പര്യപ്രകാരം. സ്വകാര്യ സ്ഥാപനങ്ങളുമായും എൻജിഒകളുമായും സഹകരിച്ച്‌ 100 സൈനിക്‌ സ്‌കൂൾ തുടങ്ങാൻ മോദി സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ്‌ അഗ്നിപഥ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. ഇതില്‍ 21 സ്കൂള്‍ ഉടൻ ആരംഭിക്കും. ഭൂരിഭാഗവും ആർഎസ്‌എസ്‌ നിയന്ത്രണമുള്ള എൻജിഒകൾക്കാണ്‌. ഇവിടെ പഠിച്ചിറങ്ങുന്നവർക്ക്‌ അഗ്നിപഥ്‌ സൈനികരാകാന്‍ മുൻഗണന ലഭിക്കുമെന്ന ആക്ഷേപവുമുണ്ട്‌. ആർഎസ്‌എസ്‌ താൽപ്പര്യപ്രകാരമാണ്‌ അഗ്നിപഥ്‌ പദ്ധതിയെന്ന്‌ ആർജെഡി നേതാവ്‌ തേജസ്വി യാദവ്‌ പറഞ്ഞു.

ആയുധവൽക്കരണം ലക്ഷ്യം
കുട്ടികൾക്ക്‌ സൈനിക പരിശീലനമെന്നത്‌ ആർഎസ്‌എസിന്റെ പ്രഖ്യാപിത നിലപാടാണ്‌. ആർഎസ്‌എസ്‌ സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ മാർഗദർശിയായ ബി എസ്‌ മൂഞ്ചെയാണ്‌ ആദ്യ സ്വകാര്യ മിലിട്ടറി സ്‌കൂൾ നാസിക്കിൽ സ്ഥാപിച്ചത്‌. ഇറ്റലിയിൽ പോയി മുസോളിനിയെ കണ്ടശേഷമാണ്‌ മിലിട്ടറി സ്‌കൂളെന്ന ആശയം മൂഞ്ചെയ്‌ക്ക്‌ ഉദിച്ചത്‌. ഈ സ്‌കൂളിൽ പരിശീലിച്ചവരാണ്‌ മലേഗാവ്‌ അടക്കം നിരവധി സ്‌ഫോടനക്കേസ്‌ പ്രതികൾ. മുൻ സർസംഘ്‌ ചാലക്‌ രാജേന്ദ്ര സിങ്ങിന്റെ പേരിൽ ആർഎസ്‌എസ്‌ യുപിയിലെ ബുലന്ദ്‌ഷഹറിൽ മിലിട്ടറി സ്‌കൂൾ ആരംഭിച്ചിട്ടുണ്ട്.

ഉപേക്ഷിക്കുക: പ്രതിപക്ഷം
രാജ്യത്തിന്‌ അഭിമാനമായ സൈനിക സേവനത്തെയും കരാർത്തൊഴിലാക്കി മാറ്റുന്ന മോദി സർക്കാർ നയത്തിനെതിരെ പ്രതിപക്ഷ പാർടി നേതാക്കൾ കൂട്ടമായി രംഗത്ത്‌. കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,  എസ്‌പി നേതാവ്‌ അഖിലേഷ്‌ യാദവ്‌, ആർജെഡി നേതാവ്‌ തേജസ്വി യാദവ്‌, ഐഎൻഎൽഡി നേതാവ്‌ അഭയ്‌ ചൗത്താല, ബിഎസ്‌പി അധ്യക്ഷ മായാവതി തുടങ്ങിയവർ അഗ്നിപഥ്‌ റിക്രൂട്ട്‌മെന്റ്‌ പദ്ധതി ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ദേശവിരുദ്ധമായ അഗ്നിപഥ്‌ റിക്രൂട്ട്‌മെന്റ്‌ പദ്ധതി സർക്കാർ റദ്ദാക്കണമെന്ന്‌ യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു. പെൻഷൻ പണം ലാഭിക്കാൻവേണ്ടിയെന്നാണ്‌ സർക്കാർ വാദം. നാലു വർഷത്തെ കരാർ സൈനികവൃത്തി കഴിഞ്ഞിറങ്ങുന്നവർ സ്വകാര്യ സേനകളുടെയും മറ്റും ഭാഗമായി പ്രവർത്തിക്കാമെന്ന അപകടവുമുണ്ട്‌–- യെച്ചൂരി പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top